ആഗോളതലത്തിൽ 75 കോടി കളക്ഷൻ സ്വന്തമാക്കി മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡ്. 18 ദിവസങ്ങൾകൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് ഈ വിവരം അറിയിച്ചത്. ഇതോടെ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന ഏഴാമത്തെ ചിത്രമായും കണ്ണൂർ സ്ക്വാഡ് മാറി.
റിലീസ് ദിവസം മുതൽ അഭൂതപൂർവമായ സ്വീകരണമാണ് റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡിന് പ്രേക്ഷകർ നൽകിയത്. റിലീസ് ചെയ്ത് മൂന്നാഴ്ചകൾ പിന്നിടുമ്പോളും മുന്നൂറിലേറെ തിയേറ്ററുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്. കേരളത്തിൽ നിന്ന് 37 കോടിയിലേറെ കലക്ട് ചെയ്ത സിനിമ കേരളത്തിന് പുറത്ത് നിന്ന് ആറ് കോടിയോളമാണ് നേടിയത്. ഓവർസീസിൽ സമാനതകളില്ലാത്ത നേട്ടം കൂടിയായതോടെയാണ് ചിത്രം 75 കോടി ക്ലബിലെത്തിയത്.
2018, പുലിമുരുകൻ, ലൂസിഫർ, ഭീഷ്മപർവം, ആർഡിഎക്സ്, കുറുപ്പ് എന്നിവയാണ് മലയാള സിനിമയിലെ ഉയർന്ന കലക്ഷനുള്ള മറ്റു സിനിമകൾ. ഭീഷ്മപർവത്തിനുശേഷം 75 കോടി നേടുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് കണ്ണൂർ സ്ക്വാഡ്. സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിയത്. ഛായാഗ്രാഹകനായിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. റോബിയുടെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് കണ്ണൂർ സ്ക്വാഡിന് തിരക്കഥയെഴുതിയത്.
നൻപകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങൾക്കുശേഷം മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’. 32യോളമാണ് ചിത്രത്തിന്റെ മുടക്കുമുതൽ. കിഷോർ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, ശബരീഷ് വർമ, അങ്കിത് മാധവ്, അർജുൻ രാധാകൃഷണൻ, ധ്രുവൻ, മനോജ് കെ.യു, വിജയരാഘവൻ എന്നിവരാണ് മറ്റുവേഷങ്ങളിൽ.
Content Highlights: kannur squad movie in 75 crore club, mammootty roby varghese raj
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]