മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ഷാഹി കബീറിനെക്കുറിച്ച് നിര്‍മാതാവ് ജോളി ജോസഫ്. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രത്തിനാണ് ഷാഹി കബീറിന് പുരസ്കാരം. കഥപറച്ചിലിന്റെ ദൃശ്യവത്കരണത്തിന്റെ വേറിട്ടൊരുനുഭവം പ്രേക്ഷകന് സമ്മാനിക്കുന്ന ഷാഹി കബീര്‍ എന്ന നൂറ്റൊന്നു ശതമാനം ചലച്ചിത്രകാരന്റെ മൂന്നു സിനിമകളും ഗംഭീരമായിരുന്നുവെന്നും ഇനി ആവനാഴിയില്‍ ഒരുങ്ങുന്നതും ഗംഭീര സിനിമകള്‍ തന്നെയെന്നും ജോളി ജോസഫ് കുറിച്ചു.
” ചേട്ടാ, ജീവിതത്തില്‍ ആദ്യമായിട്ടാ ന്യൂഡല്‍ഹിക്ക് പോകുന്നെ, കുടുംബം കൂടെയുണ്ട് . ഡല്‍ഹിയും പിന്നെ ആഗ്രയിലും പോയി താജ് മഹലും കാണണം, എല്ലാം സെറ്റാണ് എന്നാലും.. ചേട്ടന്റെ ആരെങ്കിലുമുണ്ടോ ന്യൂഡല്‍ഹിയില്‍ …” തിളങ്ങുന്ന കണ്ണുകളോടെ എന്നോടിത് പറയുമ്പോള്‍ ഒരു കൊച്ചുകുട്ടിയുടെ മുഖഭാവമായിരുന്നു എന്റെ ചെങ്ങായ് ഷാഹി കബീറിന് .
സിനിമാ കമ്പക്കാരനും ആലപ്പുഴയില്‍ കോണ്‍ട്രാക്ടറുമായിരുന്ന കബീര്‍ക്ക സ്കൂളില്‍ പഠിക്കുന്ന തന്റെ മൂന്നു മക്കളെ ഞായറാഴ്ചകളില്‍ ടി വി യില്‍ വന്നുകൊണ്ടിരുന്ന നാഷണല്‍ അവാര്‍ഡ് കരസ്ഥമാക്കിയ മേല്‍ത്തരം സിനിമകള്‍ കാണാന്‍ നിര്‍ബന്ധിക്കുമായിരുന്നു . വായനാ ശീലമുള്ള മൂന്നാമത്തെ സന്താനവും ചെല്ലക്കുട്ടിയുമായ ഷാഹിയെ തിയേറ്ററുകളില്‍ വരുന്ന സിനിമകളും കാണിക്കുമായിരിക്കുന്നു . ഷാഹിയെ ആലപ്പുഴയിലെ എസ് ഡി കോളേജില്‍ ചേര്‍ത്തപ്പോള്‍ കലാജീവിതത്തിനുപകരം രാഷ്ട്രീയം കലര്‍ന്ന് ഉഴപ്പിയപ്പോള്‍ കബീറെന്ന പിതാവ് ആവശ്യപ്പെട്ടത് ഡിഗ്രി മുഴുവനാക്കാന്‍ മാത്രമായിരുന്നു . കച്ചവട സംബന്ധമായ സാമ്പത്തീക പരാധീനതകളില്‍ പെട്ടുപോയ കബീര്‍ക്ക ആലപ്പുഴയില്‍നിന്നും സകുടുംബം കാസര്‍കോട്ടേക്ക് മാറിയതിനാല്‍ പഠനം പൂര്‍ത്തീകരിക്കാനായില്ലെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ കുടുംബത്തെ കോട്ടയത്തേക്ക് മാറ്റിതാമസിച്ചിരുന്നു . അങ്ങിനെയാണ് ഷാഹി കോട്ടയത്തെ ബസേലിയസ് കോളേജില്‍ തുടര്‍പഠനം നടത്തിയത് . ഷാഹി അവിടെ പഠിക്കുമ്പോഴും പിതാവ് ആവശ്യപ്പെട്ടത് വായിക്കാനും എഴുതാനും തിരക്കഥ പഠിക്കാനും പിന്നീട് ഫിലിം ഇന്സ്ടിട്യൂട്ടില് പോയി സിനിമാ പഠിപ്പിക്കാനുമായിരുന്നു… ! ഭാഗ്യം ചെയ്ത മകന് അല്ലാതെന്ത് പറയാന്‍ , അല്ലെ ?
ഡിഗ്രിക്ക് ശേഷം ഷാഹി ടെസ്റ്റെഴുതി കേരള പോലീസില്‍ സിവില്‍ പോലീസ് ഓഫീസറാകുന്നു, സര്‍ക്കാരുദ്യോഗസ്ഥയായ നല്ലൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നു. ഷാഹി പിതാവായി ഏകദേശം രണ്ടുമാസത്തിനുള്ളില്‍ ഷാഹിയുടെ വാപ്പ കബീര്‍ക്ക അസുഖം മൂലം അന്തരിക്കുന്നു. വാപ്പയുടെ സ്വപ്നം മനസിലാക്കി ജീവിക്കാന്‍ മടിപിടിച്ചിരുന്ന ഷാഹി ഒരു കുട്ടിയുടെ പിതാവായപ്പോള്‍ വായനയുടെ എഴുത്തിന്റെ സിനിമയുടെ ലോകത്തേക്ക് മെല്ലെ കയറുന്നു.
എന്റെ ആത്മാര്‍ത്ഥ സുഹൃത്തും പനമ്പള്ളിനഗറിലെ ITNET എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ആലപ്പുഴക്കാരന് ഫൈസലിന്റെ ഉറ്റ ചെങ്ങായ് ഷാഹി കബീര്‍ എഴുത്തുകാരനായത് പൊള്ളുന്ന ജീവിതത്തിന്റെ അനുഭവപാഠങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണ്. ഫൈസലാണ് എന്നെ ഷാഹിയിലേക്കടുപ്പിച്ചത്. ഞങ്ങളുടെ പപ്പന് ( പദ്മകുമാര്‍ ) സംവിധാനം ചെയ്ത് ജോജു മാള എന്ന നടനെ ഉയരങ്ങളിലേക്കെത്തിച്ച ‘ ജോസഫ് ‘ ( 2018 ) എഴുതിയത് ഷാഹിയായിരുന്നു …! ജോസഫിന്റെ ആദ്യദിനം ഞങ്ങള്‍ ആഘോഷിച്ചത് എന്റെ വീട്ടിലായിരുന്നു – ഒരന്നൊന്നര ആഘോഷം… !
ഷാഹിയുടെ രചനയില്‍ പിറന്ന ഗംഭീര സിനിമയാണ് മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ജോജു -ചാക്കോച്ചന് കോംബോയുടെ, തിരക്കഥക്ക് ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ‘ നായാട്ട് ‘ ( 2021 ). പിന്നീട് ഷാഹി പേന താഴെവച്ചു ഒരു സിനിമ മൊത്തമായി ഏറ്റെടുത്ത് സംവിധാനം ചെയ്തു . എഴുതിയത് നിതീഷ് ജി , ഷാജി മാറാട് എന്നിവരും . എന്റെ ചെങ്ങായ് ബാബു ഷാഹീറിന്റെ മകന് സൗബിന് ഷഹീര്‍ നായകനായി കൂടെ സുധി കോപ്പയും ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോധിക സിനിമയായ 2018 ന്റെ എല്ലാമായ ജൂഡ് ആന്റണിയും. ആ സിനിമയായിരുന്നു സെന്‍ട്രല്‍ പിക്ചേഴ്സ് മുഖേനെ തിയറ്ററുകളില്‍ റിലീസായ വിഷ്ണു വേണു എന്ന നിര്‍മാതാവിന്റെ, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ( മികച്ച ഛായാഗ്രഹണം – മനേഷ് മാധവന് , മികച്ച സൗണ്ട് ഡിസൈന്‍ – അജയന് അടാട്ട് , മികച്ച കളറിസ്റ്റ് – ഓസ്കാര്‍ നോമിനേഷന് ലഭിച്ചിട്ടുള്ള വിഖ്യാത ഇംഗ്ലീഷ് ടെക്നിഷ്യന്‍ റോബര്‍ട്ട് ലാങ് , മികച്ച നവാഗത സംവിധായകന് – ഷാഹി കബീര്‍ ) ” ഇല വീഴാ പൂഞ്ചിറ ”… !
കഥപറച്ചിലിന്റെ ദൃശ്യവത്കരണത്തിന്റെ വേറിട്ടൊരുനുഭവം പ്രേക്ഷകന് സമ്മാനിക്കുന്ന ഷാഹി കബീര്‍ എന്ന നൂറ്റൊന്നു ശതമാനം ചലച്ചിത്രകാരന്റെ മൂന്നു സിനിമകളും ഗംഭീരമായിരുന്നു, ആവനാഴിയില്‍ ഒരുങ്ങുന്നതും ഗംഭീര സിനിമകള്‍ തന്നെ. നായാട്ട് എന്ന സിനിമയുടെ തിരക്കഥാകൃത്തിനുള്ള ദേശീയ അവാര്‍ഡ് ജേതാവെന്ന നിലയില്‍ അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്നലെ ഷാഹി കുടുംബത്തോടെ ന്യൂഡല്‍ഹിയിലെത്തി . ഇന്ന് അവാര്‍ഡ് സ്വീകരിക്കും. തീര്‍ച്ചയായും, ദീര്‍ഘദര്‍ശിയായിരുന്ന സ്വര്‍ഗ്ഗത്തിലുള്ള തന്റെ പിതാവിന് തന്നെയാണ് ഷാഹി ദേശീയ അവാര്‍ഡ് സമര്‍പ്പിക്കുക !
സത്യസന്ധമായി സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഒരു ദിവസമുണ്ടാകും, അവരുടെത് മാത്രമായ ഒരു ദിവസം. അതിനുവേണ്ടി സ്വപ്നം കാണുന്ന അഹോരാത്രം പ്രവര്‍ത്തിക്കുന്ന തലമുറയ്ക്ക് ഉദാത്തമായ മാതൃകയാണ് , എന്റെ ചക്കര ചെങ്ങായ് ഷാഹി കബീര്‍ .!
Content Highlights: shahi kabir national award winning script writer nayattu movie ilaveezha poonjira, jolly Joseph
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]