ബയോളജിയിലെ മാര്‍ക്ക് ‘ചതിച്ച’ ഒരു ‘കദനകഥ’യിലെ നായകന്. ഇടപ്പള്ളിയിലെ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ ആ കഥാനായകന് മുന്നില്‍ പുഞ്ചിരി തൂകി നില്ക്കുന്നു. ഡോക്ടര്‍ എന്ന മേല്‍വിലാസത്തിനു മുകളില്‍ സിനിമാ താരം എന്ന തിളക്കം ചേര്‍ത്തുവെക്കുന്ന റോണി ഡേവിഡ് രാജ്. ‘കണ്ണൂര്‍ സ്ക്വാഡ്’ എന്ന സിനിമയിലൂടെ തിരക്കഥാകൃത്തിന്റെ വേഷവും ഗംഭീരമാക്കിയ റോണി ഇപ്പോള്‍ പുതിയ സന്തോഷങ്ങളുടെ ലോകത്താണ്. പ്രതികാരവും പ്രണയവും സെന്റിമെന്റ്സും ഒക്കെ നിറഞ്ഞ സിനിമ പോലെ തന്നെയാണ് റോണിയുടെ ജീവിതത്തിലെ വിശേഷങ്ങളും. അച്ഛന് രാജനും അമ്മ സൂസന് ആലീസും ഭാര്യ അഞ്ജുവുമൊക്കെ പറഞ്ഞതും ആ കഥകളിലെ ചില അധ്യായങ്ങള്‍ തന്നെയായിരുന്നു.
റോണിയോട് എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ഡോക്ടറായ നിങ്ങള്‍ എങ്ങനെ ഒരു നടനായി? ”അതൊരു ‘കദനകഥ’യാണ് ബ്രോ. സത്യത്തില്‍ ബയോളജിയിലെ മാര്‍ക്കാണ് എന്നെ ചതിച്ചത്. ബയോളജിക്ക് നല്ല മാര്‍ക്കുണ്ടെന്നു പറഞ്ഞാണ് അച്ഛനും അമ്മയും എന്നെ മെഡിക്കല്‍ പഠനത്തിനു ചേര്‍ത്തത്. തിരുവനന്തപുരം എം.ജി. കോളേജില്‍ പഠിക്കുമ്പോള്‍ നാടകം മാത്രമായിരുന്നു മനസ്സില്‍. കോളേജ് നാടകങ്ങളില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന എനിക്ക് കേരള സര്‍വകലാശാല കലോത്സവത്തില്‍ മികച്ച രണ്ടാമത്തെ നടനായും തിരഞ്ഞെടുക്കപ്പെട്ടതോടെ ആവേശമേറി. അഭിനയം തന്നെയാണ് എന്റെ ജീവിതം എന്നുറപ്പിച്ചു. എന്നാല്‍, ഡോക്ടറാകാതെ പറ്റില്ല എന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും വാശി. എം.ബി.ബി.എസ്. കഴിഞ്ഞ് മതി ബാക്കിയുള്ള പരിപാടികളെല്ലാമെന്നു പറഞ്ഞ് അവര്‍ സ്ട്രോങ് ആയതോടെ രക്ഷയില്ലെന്ന് എനിക്കും മനസ്സിലായി. അങ്ങനെയാണ് ഞാന്‍ തമിഴ്നാട് സേലത്തെ വിനായക മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിനു ചേരുന്നത്” – റോണി ഡോക്ടറായ കഥ പറഞ്ഞു.
പ്രണയവും വിവാഹവും
ഡോക്ടര്‍ റോണിയുടെ പ്രണയത്തിന്റെ കഥ പറഞ്ഞത് ഭാര്യ അഞ്ജുവാണ്. ”റോണിയെ സേലത്തെ കോളേജില്‍ വെച്ചാണ് പരിചയപ്പെടുന്നത്. റോണിയുടെ അമ്മയുടെ മൂത്ത സഹോദരി റബേക്കയുടെ മകള്‍ നിമ്മിയും ഞാനും തിരുവനന്തപുരത്ത് ഒരുമിച്ചാണ് പഠിച്ചിരുന്നത്. എനിക്ക് സേലം വിനായക ഡെന്റല്‍ കോളേജില്‍ അഡ്മിഷന് കിട്ടിയപ്പോള്‍ നിമ്മിയാണ് കസിനായ റോണിയുടെ കാര്യം പറഞ്ഞത്. സേലത്ത് ചെല്ലുമ്പോള്‍ എന്തെങ്കിലും ഹെല്പ് വേണമെങ്കില്‍ റോണിയെ വിളിച്ചോളാനാണ് അവള് പറഞ്ഞത്”. അഞ്ജു തുടങ്ങിവെച്ച കഥയുടെ ബാക്കി പറഞ്ഞത് റോണിയാണ്. ”ഹെല്പ് ചോദിച്ചു വന്ന പെണ്‍കുട്ടിക്ക് ഹെല്പ് നല്‍കേണ്ടത് മര്യാദയല്ലേ. അവളെ ‘ഹെല്പി ഹെല്പി’ ഒടുവില്‍ പ്രണയമായി. എന്‍ഗേജ്മെന്റ് ദിവസം പോലും ഞാന്‍ സിനിമയുടെ പിന്നാലെയായിരുന്നു. എന്‍ഗേജ്മെന്റ് കഴിഞ്ഞ ദിവസമാണ് അന്‍വര്‍ റഷീദിന്റെ ‘ഛോട്ടാ മുംബൈ’ എന്ന സിനിമയില്‍ അവസരം ചോദിക്കാന്‍ പോകുന്നത്” – റോണി പറഞ്ഞതു കേട്ട് അഞ്ജു ചിരിച്ചു.
മഹായാനവും പ്രതികാരവും
കണ്ണൂര്‍ സ്ക്വാഡ് എന്ന സിനിമ വന്‍ വിജയമാകുമ്പോള്‍ ജീവിതത്തിലെ ഒരു പ്രതികാരത്തിന്റെ കഥയും റോണിക്ക് പറയാനുണ്ടായിരുന്നു. ”ജീവിതത്തിലെ ഏറ്റവും വലിയ ഒരു പ്രതികാരം നിര്‍വഹിച്ച സുഖത്തിലാണ് ഞങ്ങളെല്ലാം. 34 വര്‍ഷം മുന്‍പ് മമ്മുക്കയെ നായകനാക്കി ജോഷി സാര്‍ സംവിധാനം ചെയ്ത ‘മഹായാനം’ എന്ന സിനിമ നിര്‍മിച്ചത് എന്റെ അച്ഛനായ സി.ടി. രാജനാണ്. എന്നാല്‍, പിടിപ്പുകേടും നിര്‍ഭാഗ്യവും കൊണ്ട് ആ സിനിമ അച്ഛന് വലിയ നഷ്ടമുണ്ടാക്കി. അച്ഛന്റെ തിയേറ്ററായിരുന്ന താവൂസില്‍ പാര്‍ട്ടിക്കാരുടെ ഇടപെടലും തൊഴിലാളി സമരവും പ്രശ്നവുമായതോടെ അതും പൂട്ടേണ്ടി വന്നു. കടക്കെണിയിലായ അച്ഛന് വീട് വിറ്റ് ഞങ്ങളുമായി നാടുവിടേണ്ടി വന്നു. ഒടുവില്‍ 34 വര്‍ഷങ്ങള്‍ക്കിപ്പുറം മഹായാനം സിനിമയിലെ അതേ നായകനെ വെച്ച് ഞങ്ങള്‍ സിനിമ ചെയ്ത് സൂപ്പര്‍ ഹിറ്റാക്കിയിരിക്കുന്നു. എന്റെ സഹോദരന് റോബി വര്‍ഗീസ് രാജാണ് കണ്ണൂര്‍ സ്ക്വാഡ് എന്ന സിനിമ സംവിധാനം ചെയ്തത്. ഈ സിനിമയുടെ തിരക്കഥ ഒരുക്കിയ ഞാന്‍ അതിലെ പ്രധാന വേഷങ്ങളിലൊന്നും ചെയ്തു. ഇതിനെക്കാള്‍ വലിയൊരു പ്രതികാരം സ്വപ്നത്തില്‍ പോലുമുണ്ടാകുമോ?” റോണി ചോദിക്കുന്നു.
ഇരുപതാമത്തെ വീട്
റോണി വിശേഷങ്ങള്‍ പറഞ്ഞിരിക്കുമ്പോഴാണ് അച്ഛന് രാജനും അമ്മ സൂസനും അരികിലേക്ക് വന്നത്. ”മഹായാനം സിനിമയും താവൂസ് തിയേറ്ററും സൃഷ്ടിച്ച പ്രതിസന്ധി ജീവിതം മാറ്റിമറിച്ചു. അന്ന് വീട് വിറ്റ് നാടുവിട്ട ഞങ്ങള്‍ക്ക് 19 വീടുകളില്‍ താമസിക്കേണ്ടി വന്നു. ഒരു വീടുകൂടി വെച്ചാല്‍ ട്വന്റി ട്വന്റി ആയല്ലോ എന്നു പറഞ്ഞ് പേരക്കുട്ടികള്‍ ഞങ്ങളെ കളിയാക്കാറുണ്ട്”. രാജന് പറഞ്ഞതിനു പിന്നാലെ റോണി മക്കളെ പരിചയപ്പെടുത്തി. ”കളമശ്ശേരി രാജഗിരി സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന മകള്‍ ജോവാന് സൂസന് ഡേവിഡും മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകന് നോഹ ഡേവിഡും സിനിമയോട് അത്ര താത്പര്യമുള്ളവരൊന്നുമല്ല. നോഹയ്ക്ക് സ്പോര്‍ട്സിലാണ് കമ്പം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വലിയ ഫാനാണ് അവന്. മോള്‍ക്ക് നൃത്തത്തോടാണ് ഇഷ്ടം. ഭരതനാട്യം പഠിക്കുന്നുണ്ട്. സിനിമ എന്റെ പാഷനാണെങ്കില്‍ മക്കള്‍ക്ക് അവരുടേതായ പാഷനുണ്ടാകും. അവര്‍ ആ വഴി സഞ്ചരിക്കട്ടെ…” റോണി പറയുന്നു.
Content Highlights: Rony david raj actor interview, Kannur squad success, Mammootty
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]