
പ്രശസ്ത തിരക്കഥാകൃത്തും നടൻ സൽമാൻ ഖാന്റെ പിതാവുമായ സലിം ഖാന് അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ പേരിൽ വീണ്ടും ഭീഷണി. ബാന്ദ്രാ വെസ്റ്റിലെ വസതിയായ ഗാലക്സി അപ്പാർട്ട്മെന്റിനു സമീപത്തുവെച്ച് ബുധനാഴ്ച രാവിലെ എട്ടേ മുക്കാലോടെയായിരുന്നു സംഭവം. പ്രഭാത നടത്തത്തിനിടെ സ്കൂട്ടറിലെത്തിയ സ്ത്രീയും പുരുഷനുമാണ് അദ്ദേഹത്തിനുനേരെ ഭീഷണി മുഴക്കിയത്.
കഴിഞ്ഞദിവസം രാവിലെയാണ് സലിം ഖാനുനേരെ വീണ്ടും വധഭീഷണി ഉയർന്നത്. പ്രഭാത നടത്തത്തിനിടെ അല്പം ഇരുന്ന് വിശ്രമിക്കുകയായിരുന്നു സലിം ഖാൻ. അപ്പോഴാണ് സ്കൂട്ടറിൽ ഒരു സ്ത്രീയും പുരുഷനും സലിം ഖാനരികിലെത്തിയത്. ‘ലോറൻസ് ബിഷ്ണോയിയെ അയക്കണോ’ എന്ന് അദ്ദേഹത്തിനുനേരെ ആക്രോശിച്ചശേഷം അവർ സ്കൂട്ടർ അതിവേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. പുരുഷനാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇയാൾ മുഖം മറച്ചിരുന്നില്ല. സ്ത്രീ ബുർഖ ധരിച്ചിരുന്നു. ഇവരുടെ ചിത്രങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു.
സംഭവത്തിൽ സലിം ഖാന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനായ ദീപക് ബോർസേ നൽകിയ പരാതിയിൽ ബാന്ദ്രാ പോലീസ് കേസെടുത്ത് ഭീഷണി മുഴക്കിയവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ രണ്ടുപേരേയും അറസ്റ്റ് ചെയ്തു. തമാശയ്ക്ക് ചെയ്തതാണെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഏതാനും മാസങ്ങളായി സലിം ഖാനും സൽമാൻ ഖാനുമെതിരെ വരുന്ന ഭീഷണികളിൽ ഏറ്റവും പുതിയതാണ് ബുധനാഴ്ചയുണ്ടായത്. ഇക്കഴിഞ്ഞ ഏപ്രിൽ 14-ന് രണ്ടുപേർ സലിം ഖാനും സൽമാനും താമസിക്കുന്ന ഗാലക്സി അപ്പാർട്ട്മെന്റിന് സമീപമെത്തി വെടിയുതിർത്തിരുന്നു. എന്നാൽ ആർക്കും പരിക്കേറ്റിരുന്നില്ല. തൊട്ടടുത്ത ദിവസം ഇത് സൽമാനും പിതാവിനും നേരെയുള്ള തങ്ങളുടെ ആദ്യത്തെയും അവസാനത്തെയും താക്കീതാണെന്ന് അവകാശപ്പെട്ട് ബിഷ്ണോയ് ഗ്യാങ് പരസ്യമായി അവകാശപ്പെട്ടിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ വിക്കി ഗുപ്ത, സാഗർ പാൽ എന്നീ യുവാക്കളെ ഇന്ത്യാ-പാകിസ്താൻ അതിർത്തിയിൽവെച്ച് പോലീസ് അറസ്റ്റ്ചെയ്യുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]