കൊച്ചി: മലയാളത്തിലെ സിനിമാസംഘടനകൾക്ക് ബദലായി രൂപംകൊണ്ട പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ തുടക്കത്തിലേ വിള്ളൽ. പുതിയ സംഘടനയുടെ മുഖങ്ങളിലൊന്നായി അവതരിപ്പിച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി നിലവിൽ അതിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കി.
അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമാകാൻ ആഗ്രഹിക്കുമ്പോൾ അക്കാര്യം താൻതന്നെ അറിയിക്കുമെന്നും ലിജോ സാമൂഹികമാധ്യമക്കുറിപ്പിൽ അറിയിച്ചു. ‘‘അതുവരെ എന്റെ പേരിൽ പ്രചരിക്കുന്നതൊന്നും എന്റെ അറിവോടെയല്ല. എങ്കിലും ക്രിയാത്മകമായ ചലച്ചിത്രസംവിധായക നിർമാതാക്കളുടെ സ്വതന്ത്രകൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു, സ്വാഗതം ചെയ്യുന്നു’’ -ലിജോ പറഞ്ഞു.
പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ സിനിമാപ്രവർത്തകർക്കയച്ച കത്തിൽ ലിജോയുടെ പേര് രണ്ടാമതായി ചേർത്തിരുന്നു. എന്നാൽ, ഇത് അദ്ദേഹത്തിന്റെ അറിവോടെയായിരുന്നില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
കത്തിൽ പേരുണ്ടായിരുന്ന നിർമാതാവ് ബിനീഷ് ചന്ദ്ര അത് പുറത്തുവന്നദിവസംതന്നെ പേര് ഒഴിവാക്കണമെന്ന് മാധ്യമങ്ങളോട് അഭ്യർഥിച്ചിരുന്നു. കത്തിൽ പേരുൾപ്പെടുത്തുന്ന വിവരം അറിഞ്ഞില്ലെന്നായിരുന്നു ബിനീഷിന്റെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]