
തിരുവനന്തപുരം: ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ളത് ഒരു കമ്മിറ്റിയാണെന്നും അവർ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങളാണ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രി സജി ചെറിയാൻ. ആ റിപ്പോർട്ട് പുറത്തുവിടണമെന്നും അതിലെ കാര്യങ്ങൾ അറിയണമെന്നുമുള്ളത് ഓരോ ആളുകളുടെ വ്യക്തിപരമായ ആവശ്യമാണ്. അതിന്റെ ഭാഗമായാണ് വിവരാവകാശ കമ്മീഷൻ മുമ്പാകെ ഈ കേസ് ചെല്ലുന്നത്. അവർ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ തീരുമാനമെടുത്തുവെന്നും മന്ത്രി പറഞ്ഞു.
വ്യക്തിപരമായ പരാമർശങ്ങളൊഴികെ ബാക്കി ഭാഗം പുറത്തുവിടാമെന്നാണ് വിവരാവകാശ കമ്മീഷൻ പറഞ്ഞിരുന്നതെന്നും അതിനെ സർക്കാരോ മറ്റാരുമോ എതിർത്തിട്ടില്ലെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് സർക്കാർ പൂർണമായി യോജിച്ചു എന്ന നിലപാടാണ് നേരത്തേ ചോദിച്ചപ്പോൾ പറഞ്ഞത്. അപ്പോഴാണ് ഒരാൾ അതിനെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ പോയത്. വിവരാവകാശ കമ്മീഷൻ ഒഴിവാക്കണമെന്ന് പറഞ്ഞ കാര്യങ്ങളെല്ലാം പരിശോധിച്ചശേഷം പുറത്തുവിടാമെന്നാണ് ഹൈക്കോടതി പറഞ്ഞത്. അത് പുറത്തുവിടേണ്ടത് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറാണ്. സാംസ്കാരിക വകുപ്പിനോ സിനിമാ വകുപ്പിനോ സർക്കാരിനോ ഇതിൽ യാതൊരു റോളുമില്ല. അവരത് പുറത്തുവിടുകതന്നെ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഹൈക്കോടതിയുടെ തീരുമാനം ധിക്കരിക്കാൻ സർക്കാരിനോ അവർക്കോ കഴിയുമോ? അങ്ങനെയൊരു സാഹചര്യത്തിൽ എന്തിനാണിങ്ങനെ വെപ്രാളപ്പെടുന്നത്? റിപ്പോർട്ട് പുറത്തുവിടുന്നതിൽ യാതൊരു തടസവുമില്ല. ഒരു കോടതിവിധി വരുമ്പോൾ അതിന്റെ നിയമവശങ്ങൾ പരിശോധിച്ച് പാളിച്ചയില്ലാതെ നടപ്പിലാക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥനുണ്ട്. അവരത് ചെയ്യും, അതുപക്ഷേ എന്നാണെന്ന് എനിക്കറിയില്ല. സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസറെ ചുമതലപ്പെടുത്തിയത് ഹൈക്കോടതിയാണ്. അവർ റിപ്പോർട്ട് പുറത്തുവിട്ടില്ലെങ്കിൽ സാംസ്കാരിക വകുപ്പിന് വിവരാവകാശ കമ്മീഷനോട് റിപ്പോർട്ട് ചോദിക്കേണ്ട ആവശ്യമില്ല, അത് നിയമപരവുമല്ല. റിപ്പോർട്ട് ശനിയാഴ്ച പുറത്തുവിടുമെന്ന് പറഞ്ഞത് സാംസ്കാരിക വകുപ്പല്ല.” മന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തികളെ ബാധിക്കാത്ത ഭാഗങ്ങളെല്ലാം പുറത്തുവിടണമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ആ വിധിയെ സ്വാഗതംചെയ്യുന്നു. സർക്കാരിന്റെ നിലപാട് വളരെ വ്യക്തമാണ്. റിപ്പോർട്ട് അതിന് ചുമതലപ്പെടുത്തിയിരിക്കുന്നവർ പുറത്തുവിടുന്നതുവരെ കാത്തിരിക്കണം. കോടതി പറയുന്ന സമയത്ത് അത് പുറത്തുവിട്ടേ പറ്റൂ. അല്ലെങ്കിൽ കോടതിയലക്ഷ്യമാവില്ലേ. ഹേമാ കമ്മിറ്റിയുടെ നിർദേശങ്ങളും നിഗമനങ്ങളും നടപ്പാക്കാനുള്ള റിപ്പോർട്ട് ഡ്രാഫ്റ്റ് ചെയ്തുകഴിഞ്ഞെന്നും സജി ചെറിയാൻ അറിയിച്ചു.