
കൊൽക്കത്തയിലെ ആര്.ജി. കര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സംഭവം രാജ്യമെമ്പാടും ചർച്ചയായിക്കഴിഞ്ഞിരിക്കുകയാണ്. സംഭവത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽനിന്നും പ്രമുഖർ ശക്തമായി അപലപിച്ചുകൊണ്ടിരിക്കുകയാണ്. മലയാളികളുടെ പ്രിയ ഗായിക കെ.എസ്. ചിത്രയും ഈ വിഷയത്തിൽ പ്രതികരണമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
‘കൊൽക്കത്തയിലെ ആര്.ജി. കര് മെഡിക്കല്‍ കോളേജ് ആശുപത്രിക്കുള്ളിലെ ഡോക്ടറുടെ കൊലപാതകത്തേക്കുറിച്ചും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുമുള്ള വാർത്തകൾ കണ്ട് നടുങ്ങിപ്പോയി. ഓരോ ഇന്ത്യക്കാരനും നാണക്കേടുകൊണ്ട് മുഖം മറയ്ക്കണം. ഏതാനും വർഷങ്ങൾക്കുമുൻപ് ഡെൽഹിയിൽനടന്ന നിർഭയ സംഭവത്തേക്കാൾ ഭീകരമാണ് ഈ കുറ്റകൃത്യം. കേസ് അന്വേഷണം പ്രധാനമന്ത്രിതന്നെ നേരിട്ട് വിലയിരുത്തുകയും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും വിനീതമായി അഭ്യർഥിക്കുകയാണ്. വേർപിരിഞ്ഞ ആത്മാവിനായ് തലകുനിച്ച് പ്രാർഥിക്കുന്നു’ -ചിത്ര പറഞ്ഞു.
നേരത്തേ ചലച്ചിത്രരംഗത്തുനിന്നും നിരവധി പേർ കൊൽക്കത്ത സംഭവത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. സാമന്ത, സോനാക്ഷി സിൻഹ, വിജയ് വർമ, പരിണീതി ചോപ്ര, ആയുഷ്മാൻ ഖുറാന എന്നീ ബോളിവുഡ് താരങ്ങളും നിരവധി ബെംഗാളി താരങ്ങളും ഇക്കൂട്ടത്തിൽപ്പെടുന്നു.
അതിനിടെ, ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ.യുടെ അന്വേഷണം തുടരുകയാണ്. ഡോക്ടറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സെമിനാര്‍ ഹാളില്‍ കഴിഞ്ഞ ദിവസം ത്രീഡി ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് സി.ബി.ഐ. സംഘം ദൃശ്യങ്ങള്‍ പകര്‍ത്തി. ഏകദേശം പത്തുമണിക്കൂറോളം ഇത് നീണ്ടുനിന്നു. പിന്നാലെ അറസ്റ്റിലായ പ്രതി സഞ്ജയ് റോയി തങ്ങിയിരുന്ന പോലീസിന്റെ മുറിയിലും സി.ബി.ഐ. സംഘം പരിശോധന നടത്തി. ഇയാളുടെ വീട്ടിലെത്തി അമ്മയില്‍നിന്നും മൊഴിയെടുത്തു.
കൊല്ലപ്പെട്ട ഡോക്ടറുടെ അടുത്ത സുഹൃത്തിനെയും സി.ബി.ഐ. കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. സംഭവദിവസം ഡോക്ടറുമായി ഫോണില്‍ സംസാരിച്ച സുഹൃത്തില്‍നിന്നും മൊഴിയെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]