
അജയ് ദേവഗണിന്റെ ‘സൺ ഓഫ് സർദാർ-2’ വിൽ നിന്ന് നടൻ വിജയ് റാസിനെ പുറത്താക്കിയതായി റിപ്പോർട്ട്. യു.കെ യിൽ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് നടനെ പുറത്താക്കിയ വിവരങ്ങൾ പുറത്തുവരുന്നത്. ചിത്രത്തിന്റെ സെറ്റിൽ താരം മോശമായി പെരുമാറിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം സെറ്റിൽ നിർമാതാവ് അജയ് ദേവ്ഗണിനെ അഭിവാദ്യം ചെയ്യാഞ്ഞതിനാലാണ് താരത്തെ പുറത്താക്കിയതെന്ന ആരോപണം വിജയ് റാസ് നിഷേധിച്ചു.
സൺ ഓഫ് സർദാർ-2 വിന്റെ ചിത്രീകരണം തുടങ്ങിയതായി അജയ് ദേവ്ഗൺ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. വലിയ മുറികളും വാനും സഹായികൾക്ക് അധിക വേതനവും ആവശ്യപ്പെട്ട തിനാലാണ് വിജയിയെ പുറത്താക്കിയതെന്ന വാർത്ത സ്ഥിരീകരിച്ചു കൊണ്ട് സഹനിർമാതാവായ കുമാർ മംഗത് പതക് രംഗത്തുവന്നിരുന്നു. മറ്റ് താരങ്ങളേക്കാളും കൂടുതലാണ് വിജയിയുടെ ചെലവെന്നും തന്റെ സഹായികൾക്കായി ഒരു ദിവസം 20,000 രൂപയാണ് നടൻ വാങ്ങുന്നതെന്നും സഹനിർമാതാവ് പറഞ്ഞു. യു. കെ പോലൊരു ചെലവേറിയ രാജ്യത്ത് എല്ലാവർക്കും സ്റ്റാൻഡേർഡ് മുറികൾ നൽകിയപ്പോൾ വിജയ് പ്രീമിയം മുറി ആവശ്യപ്പെട്ടെന്നും മംഗത് കൂട്ടിച്ചേർത്തു.
‘സാഹചര്യം അയാളെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചപ്പോഴും അത് മനസിലാക്കാതെ പരുഷമായി സംസാരിച്ചു. നിങ്ങളാണ് എന്നെ സമീപിച്ചതെന്നും ഞാൻ എപ്പോഴാണ് ജോലി ആവശ്യപ്പെട്ട് നിങ്ങളുടെ അടുത്ത് വന്നതെന്ന് ചോദിക്കുകയും ചെയ്തു. മൂന്ന് ജീവനക്കാർക്ക് രണ്ട് കാറുകൾ ചോദിച്ചാൽ എങ്ങനെ കൊടുക്കാനാണ്? അതുകൊണ്ടാണ് ഞങ്ങൾ ചർച്ചചെയ്ത് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്’, മംഗത് പറഞ്ഞു.
‘സമയത്തിന് മുന്നേ ലൊക്കേഷനിൽ എത്തിയ എന്നെ രവി കിഷനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആശിഷും നിർമാതാവ് കുമാർ മംഗതും സംവിധായകൻ വിജയ് അറോറയും പലപ്പോഴായി കാണാൻ വന്നു. പിന്നീട് വാനിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അജയ് ദേവഗൺ കുറച്ചപ്പുറത്ത് ഉണ്ടായിരുന്നു. അദ്ദേഹം തിരക്കിലായതിനാൽ പോയി സംസാരിച്ചില്ല. കുറച്ചു കഴിഞ്ഞ് എന്നെ സിനിമയിൽ നിന്ന് പുറത്താക്കിയെന്ന് സഹനിർമാതാവ് വന്ന് പറയുകയായിരുന്നു. ആകെ ഞാൻ ഇവിടെ ചെയ്തത് അജയ് ദേവഗണിനോട് സംസാരിച്ചില്ല എന്നത് മാത്രമാണ്. എനിക്ക് ലഭിച്ചത് തീരെ സൗകര്യങ്ങളില്ലാത്ത സ്ഥലപരിമിതിയുള്ള മുറിയാണ്. ദിവസവും യോഗ ചെയ്യുന്ന ആളായതിനാലാണ് കുറച്ചുകൂടി വലിയ മുറി ആവശ്യപ്പെട്ടത്’, വിജയ് പറഞ്ഞു.
‘ആളുകൾ അഭിവാദ്യം ചെയ്യാൻ കാത്തിരിക്കുന്ന ആളല്ല അജയ്. എന്നും എപ്പോഴും സർഗപ്രതിഭകളായ ആളുകളാൽ ചുറ്റപ്പെടാനാണ് അദ്ദേഹം എപ്പോഴും ഇഷ്ടപ്പെടുന്നത്. എല്ലാവരെയും ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം. വിജയ് പറയുന്ന കഥകൾ കള്ളമാണ്. രണ്ട് കോടിയോളം നഷ്ടമാണ് വിജയിയെ ഒഴിവാക്കിയതിനാൽ ഞങ്ങൾക്ക് വന്നത്. ഒരു കുടുംബം പോലെയാണ് സിനിമാസെറ്റിൽ എല്ലാവരും നിൽക്കുന്നത്’, സഹനിർമാതാവ് പതക് പറഞ്ഞു.
വിജയ് റാസിനു പകരം സഞ്ജയ് മിശ്ര ചിത്രത്തിലേയ്ക്ക് വരുമെന്നും നിർമാതാക്കൾ അറിയിച്ചു. അജയ് ദേവ്ഗണും സോനാക്ഷി സിൻഹയും സഞ്ജയ് ദത്തും പ്രധാനവേഷങ്ങളിലെത്തിയ ‘സൺ ഓഫ് സർദാർ’ 2012 ലാണ് പുറത്തിറങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]