
ഇക്കഴിഞ്ഞ 12-ാം തീയതിയാണ് സുധ കൊങ്കര സംവിധാനംചെയ്ത് അക്ഷയ് കുമാർ നായകനായെത്തിയ സർഫിറ പ്രദർശനത്തിനെത്തിയത്. സുധ കൊങ്കരയുടെതന്നെ സൂപ്പർ ഹിറ്റ് ചിത്രമായ സൂററൈ പോട്രിന്റെ ഹിന്ദി റീമേക്കാണ് സർഫിറാ. വലിയ പ്രതീക്ഷയുമായെത്തിയ ചിത്രത്തിന് പക്ഷേ തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. അതിനിടെ സർഫിറയേക്കുറിച്ചുള്ള നടൻ ദുൽഖർ സൽമാന്റെ അഭിപ്രായം ചർച്ചയാവുകയാണ്.
ഒരു ക്ലാസിക്കിനെ മറ്റൊരു ഭാഷയിലേക്ക് പുനര്‍നിര്‍മിക്കുന്നത് എപ്പോഴും ബുദ്ധിമുട്ടേറിയതാണെന്ന് ദുൽഖർ എക്സിൽ കുറിച്ചു. എന്നാല്‍ സുധ കൊങ്കര ആ പ്രശ്നത്തെ ആധികാരികതയോടെ അനായാസം കൈകാര്യം ചെയ്തുവെന്നും ദുല്‍ഖര്‍ അഭിപ്രായപ്പെട്ടു. അക്ഷയ് കുമാര്‍, രാധിക മദന്‍, സീമ ബിശ്വാസ്, പരേഷ് രാവല്‍, ശരത് കുമാര്‍ എന്നീ താരങ്ങളേയും ദുല്‍ഖര്‍ സൽമാൻ പേരെടുത്തുപറഞ്ഞ് അഭിനന്ദിച്ചു. വിശാലമായ പ്രേക്ഷകരിലേക്ക് ചിത്രത്തെ എത്തിച്ച സൂര്യയേയും ജ്യോതികയേയും ദുല്‍ഖര്‍ അഭിനന്ദിച്ചു. ജിവി പ്രകാശിന്റെ സംഗീതത്തേയും താരം പ്രശംസിച്ചു.
ദുൽഖറിന്റെ നല്ല വാക്കുകൾക്ക് നന്ദി അറിയിച്ചുകൊണ്ട് സൂര്യയും പിന്നാലെയെത്തി. നന്ദി സഹോദരാ! വെറും വിനോദത്തിന് എന്നതിലുപരിയായുള്ള പ്രചോദനമേകുന്ന കുറച്ച് സിനിമകൾ നിർമിക്കേണ്ടിയിരിക്കുന്നു എന്നാണ് ദുൽഖറിന്റെ കുറിപ്പ് പങ്കുവെച്ചുകൊണ്ട് സൂര്യ എഴുതിയത്.
ഒ.ടി.ടി റിലീസായാണ് എത്തിയതെങ്കിലും സൂരറൈ പോട്രിന് ലഭിച്ച ജനപ്രീതിയാണ് ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ കാരണമായത്. കരിയറിൽ നിരവധി ഉയർച്ച താഴ്ചകൾ നേരിട്ടിട്ടുണ്ടെങ്കിലും അക്ഷയ് കുമാറിന്റെ 15 വർഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും മോശം ഓപ്പണിങ് ആണ് സർഫിറയുടേത് എന്നാണ് റിപ്പോർട്ട്. റിലീസ് ദിനത്തിൽ ഇന്ത്യയിൽനിന്നാകെ വെറും 2 കോടി 40 ലക്ഷമാണ് ചിത്രത്തിന് കളക്ഷനായി നേടാനായുള്ളൂ.
സമീപകാലത്തിറങ്ങിയ ഒട്ടുമിക്ക അക്ഷയ് കുമാര്‍ ചിത്രങ്ങളും വന്‍പരാജയമായിരുന്നു. ബച്ചന് പാണ്ഡെ, സാമ്രാട്ട് പൃഥ്രിരാജ്, രാം സേതു, സെല്‍ഫി, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ തുടങ്ങിയ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. അമിത് റായ് സംവിധാനം ചെയ്ത ഓ മൈ ഗോഡ് എന്ന ചിത്രം മാത്രം മികച്ച അഭിപ്രായം നേടുകയും ബോക്സ് ഓഫീസില്‍ വിജയമാവുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]