
കൊച്ചി: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി താൻ വരുമെന്ന വാർത്തകൾ തള്ളി നടൻ രമേഷ് പിഷാരടി. തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പാലക്കാട് സ്വദേശിയും കോൺഗ്രസിന്റെ പ്രചാരണപരിപാടികളിലെ സജീവ സാന്നിധ്യവുമായ രമേഷ് പിഷാരടി മത്സരിച്ചേക്കുമെന്നായിരുന്നു വാർത്തകൾ.
മത്സര രംഗത്തേക്ക് ഉടനെയില്ല എന്നാണ് രമേഷ് പിഷാരടി ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ‘എന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാർത്തകൾ ശരിയല്ല.. പാലക്കാട്, വയനാട്, ചേലക്കര.. പ്രവർത്തനത്തിനും പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും.’ പിഷാരടി കുറിച്ചു. കൈപ്പത്തി ചിഹ്നമുള്ള കൊടിയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
പാലക്കാട് എം.എൽ.എ ആയിരുന്ന ഷാഫി പറമ്പിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് മത്സരിച്ച് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലുൾപ്പടെ കോൺഗ്രസ് പ്രചാരണത്തിൽ സജീവമായിരുന്നു രമേഷ് പിഷാരടി. വിവിധ കോൺഗ്രസ് പരിപാടികളിലും പിഷാരടി പങ്കെടുക്കാറുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച നടൻ ധർമജൻ ബോൾഗാട്ടിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ രമേഷ് പിഷാരടി മുൻനിരയിൽത്തന്നെയുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]