
വിക്രം നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ടെെറ്റിൽ പ്രഖ്യാപിച്ചു. ‘വീര ധീര ശൂരൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടെെറ്റിൽ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. വിക്രമിൻ്റെ പിറന്നാൾ ദിനത്തിലാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.
രണ്ടുഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ ടീസറാണ് റിലീസ് ചെയ്തത്. വിക്രമിൻ്റെ കരിയറിലെ 62-ാം ചിത്രമാണിത്. എസ് യു അരുൺ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്താ, സേതുപതി മുതലായ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എസ് യു അരുൺ കുമാർ. സാര്‍പ്പട്ട പരമ്പരൈ ഫെയിം ദുഷാര വിജയനാണ് നായികയായി എത്തുന്നത്.
എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമ്മൂട് മുതലായ താരങ്ങളും ചിത്രത്തിലുണ്ട്. എച്ച്ആർ പിക്ചേഴ്സിന് വേണ്ടി റിയ ഷിബു നിർമ്മിക്കുന്ന ചിത്രം ഒരു ആക്ഷൻ എന്റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. ജി വി പ്രകാശാണ് സംഗീതം. തേനി ഈശ്വറാണ് ഛായാഗ്രഹണം. ചിത്രത്തിൻ്റെ എഡിറ്റിങ് പ്രസന്ന ജി. കെയും ആർട്ട് ഡയറക്ഷൻ സി. എസ്. ബാലചന്ദറും നിർവഹിക്കുന്നു. ഏപ്രിൽ 21-ന് മധുരയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പി.ആര്.ഓ പ്രതീഷ് ശേഖര്‍.