
ഇരട്ടകളായ ജയനെയും വിജയനെയും ഒരുമിച്ചു കാണുന്നതും അവരുമായി സംസാരിക്കുന്നതും രസകരമായ അനുഭവമായിരുന്നു. അവരെ തിരിച്ചറിയാൻ പ്രയാസമായിരുന്നു. ജയന്റെ ഒരു കാലിനുണ്ടായിരുന്ന ചെറിയ സ്വാധീനക്കുറവ് മാത്രമായിരുന്നു വ്യത്യാസം. ഒരാൾ സംസാരിച്ചുതുടങ്ങിയാൽ ആ വാചകം പൂർത്തിയാക്കുന്നത് അപരനായിരിക്കും. ഒരാൾ പാടിത്തുടങ്ങിയാൽ നിമിഷങ്ങൾക്കുള്ളിൽ രണ്ടാമൻ ചേർന്നു പാടാൻ തുടങ്ങും.
ഞാൻ ഗാനരചയിതാവായി രംഗപ്രവേശം ചെയ്ത അറുപതുകളുടെ രണ്ടാംപകുതിയിൽത്തന്നെ ജയവിജയന്മാരെ പരിചയപ്പെട്ടു. മദ്രാസിലെ മൗണ്ട് റോഡിനടുത്തുള്ള ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യയുടെ ( H.M.V ) ഓഫീസിൽവെച്ചാണ് അവരെ ആദ്യമായി കണ്ടത്. നാട്ടിൽ ഒരുമിച്ചു നടത്തിയിരുന്ന പാട്ടുകച്ചേരികൾക്ക് അർധവിരാമം നൽകി ചെമ്പൈ വൈദ്യനാഥഭാഗവതരുടെ കീഴിൽ ശാസ്ത്രീയസംഗീതം പഠിക്കാൻ വന്നതായിരുന്നു അവർ. സിനിമയുടെ കേന്ദ്രം അന്ന് മദ്രാസ് ആയിരുന്നല്ലോ. അതുകൊണ്ട് സിനിമാരംഗത്ത് സംഗീതസംവിധാനം നിർവഹിക്കാനും അവർ ആഗ്രഹിച്ചു.
ആദ്യമായി അവരുടെ സംഗീതസംവിധാനത്തിൽ പുറത്തുവന്ന രണ്ടു ഭക്തിഗാനങ്ങൾ എഴുതാൻ എനിക്കാണ് അവസരം ലഭിച്ചത്. ‘ഗുരുവും നീയേ സഖിയും നീയേ ജനനിയും താതനും നീയേ, ഗുരുവായൂരപ്പാ…’ എന്ന ഗാനവും ‘ഗോപീഹൃദയകുമാരാ… ഗോവർധനഗിരി പൊൻകുടയാക്കിയ ഗോപീഹൃദയകുമാരാ…’ എന്ന ഗാനവും അടങ്ങിയ ഗ്രാമഫോൺ ഡിസ്ക് അങ്ങനെ പുറത്തിറങ്ങി. പിന്നീട് ബിച്ചു തിരുമല എഴുതിയ ചില ഗാനങ്ങൾ ജയവിജയന്മാരുടെ സംഗീതത്തിൽ ഹിറ്റുകളായി. ‘നക്ഷത്രദീപങ്ങൾ തിളങ്ങീ…’, ‘ഹൃദയം ദേവാലയം…’ എന്നീ ഗാനങ്ങൾ ഓർക്കുക.
എ. ഭീംസിങ് സംവിധാനം ചെയ്ത സ്നേഹം എന്ന സിനിമയിൽ ഞാനും ജയവിജയന്മാരും ഒരുമിച്ചു പ്രവർത്തിച്ചു. യേശുദാസ് പാടിയ നാല് പാട്ടുകളും ജോളി എബ്രഹാം പാടിയ ഒരു ഗാനവുമടക്കം ആ ചിത്രത്തിലെ അഞ്ചുപാട്ടുകളും മോശമായിരുന്നില്ല. സ്വർണം പാകിയ കൊട്ടാരത്തിലെ രാജാവേ, സന്ധ്യയിന്നും പുലരിയെത്തേടി, കളിയും ചിരിയും ഖബറിലടങ്ങും, പകൽക്കിളീ പകൽക്കിളീ, ഈണം പാടിത്തളർന്നല്ലോ നമ്മളും കാറ്റും… എന്നിങ്ങനെ അഞ്ചു പാട്ടുകൾ. വിജയന്റെ മരണശേഷം അദ്ദേഹം കൂടുതൽ ശ്രദ്ധ ചെലുത്തിയത് ഭക്തിഗാനങ്ങളിലാണ്.
ഗുരുവായൂരപ്പനെക്കുറിച്ചും സ്വാമി അയ്യപ്പനെക്കുറിച്ചും ഏറ്റവുമധികം പാട്ടുകൾ ഒരുക്കിയ സംഗീതസംവിധായകൻ ജയൻ (ജയ-വിജയ) ആയിരിക്കും. തൊണ്ണൂറു വയസ്സ് വരെയും കർമനിരതനായി സംഗീതരംഗത്ത് പ്രവർത്തിക്കുകയും പദ്മശ്രീ അടക്കം അനേകം അംഗീകാരങ്ങൾ നേടിയെടുക്കുകയും ചെയ്ത കെ.ജി. ജയൻ സഫലമായ ജീവിതം നയിച്ച് പല സംഗീതജ്ഞർക്കും മാതൃകയായതിനുശേഷമാണ് വിട പറഞ്ഞത്. പ്രിയസുഹൃത്തിനു പ്രണാമം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]