
സംഗീതത്തിന് അതിർവരമ്പുകളില്ല എന്ന് പറയാറുണ്ട്. അത്തരത്തിൽ രാജ്യത്തിന്റെ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മലയാള സിനിമയുടെ ഭാഗമാകാൻ ഒരുങ്ങുകയാണ് സന മൂസ എന്ന പലസ്തീനി ഗായിക. ആടുജീവിതത്തിലെ റഹ്മാൻ സംഗീതത്തിലൂടെ മലയാള സിനിമയുടെ ഭാഗമാകുന്ന സന്തോഷം സന മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുന്നു.
ആടുജീവിതത്തിലൂടെ മലയാളത്തിൻ്റെ ഭാഗമാവുകയാണ്
എന്നെ സംബന്ധിച്ച് ഏറെ സന്തോഷവും അഭിമാനവും പകരുന്ന ഒന്നാണ് ആടുജീവിതം. രണ്ട് വലിയ താരങ്ങളുടെ കോമ്പിനേഷൻ ആണിത്. ബ്ലെസിയും ഇതിഹാസ സംഗീതജ്ഞൻ എ.ആർ റഹ്മാനും. ഇതിൽ കൂടുതൽ എന്ത് വേണം. ഈ കോമ്പിനേഷൻ മികച്ച ചിത്രം തന്നെയാകും നിങ്ങൾക്ക് സമ്മാനിക്കുക എന്ന് എനിക്ക് ഉറപ്പാണ്. സിനിമ കാണാൻ നിങ്ങളെപ്പോലെ തന്നെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാനും.
റഹ്മാൻ എന്ന ഇതിഹാസത്തെക്കുറിച്ച്, അദ്ദേഹത്തിന്റെ സംഗീതത്തെ നേരത്തെ അറിയാമായിരുന്നുവോ
റഹ്മാൻ സാറിനെക്കുറിച്ച് എന്ത് പറയാൻ ആണ്. എല്ലാവർക്കും അദ്ദേഹത്തിന്റെ സംഗീതത്തെപ്പറ്റി അറിയാം. അദ്ദേഹം ഇതിഹാസമാണ്. ഞങ്ങളെപ്പോലെയുള്ള നിരവധി പേർക്ക് പ്രചോദനം. ഞങ്ങളുടെ ഗുരു, മാർഗദർശി. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനായതിലും അദ്ദേഹത്തിൽ നിന്നും പഠിക്കാനായതിലും ഞാനേറെ സന്തോഷവതിയാണ്. മജീദ് മജീദി ചിത്രം മുഹമ്മദ് പ്രൊഫറ്റിലാണ് ആദ്യം അദ്ദേഹത്തിന്റെ സംഗീതത്തിൽ ഞാൻ പാടുന്നത്. പിന്നീട് അദ്ദേഹത്തിന്റെ സൂഫി എൻസെമ്പിളിലും ഞാൻ പാടി. ഓരോ തവണയും പുതിയ കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ടാകും.
ഏറെ അഭിനിവേശത്തോടെ സംഗീതത്തെ സമീപിക്കുന്ന ആളാണ് അദ്ദേഹം. സംഗീതത്തിൽ പുതിയ ചേരുവകൾ കണ്ടെത്താൻ ഓരോ തവണയും ശ്രമിക്കുന്ന ആളാണ്. അതെല്ലാം എന്നെ കുറേ കാര്യങ്ങൾ പഠിപ്പിച്ചു. സംഗീതത്തിൽ വ്യത്യസ്തത കൊണ്ടുവരാൻ രണ്ടാമത് ചിന്തിക്കുന്ന, മടിക്കുന്ന ആളാണ് ഞാൻ. പക്ഷേ റഹ്മാൻ സാറിനെ പരിചയപ്പെട്ട ശേഷം സംഗീതത്തിൽ പുതിയ കാര്യങ്ങൾ പഠിക്കാനും പരീക്ഷിക്കാനും ഞാൻ തയ്യാറായി. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനായത് എന്റെ സംഗീതത്തിന് പുതിയ ചേരുവകളാണ് പകർന്നത്. അതെന്റെ ഭാഗ്യമായി കാണുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങളുടെ കടുത്ത ആരാധികയാണ് ഞാൻ.
ഇന്ത്യൻ സിനിമയും സംഗീതവും നേരത്തെ പരിചിതമായിരുന്നുവോ
തീർച്ചയായും. അറബ് രാജ്യങ്ങളിലെ യുവത്വത്തിന് ഇന്ത്യൻ സംഗീതം ഏറെ പരിചിതമാണ്. പ്രത്യേകിച്ചും ബോളിവുഡ് സംഗീതം. ദിൽ ബേച്ചാരാ എന്ന ബോളിവുഡ് ചിത്രത്തിൽ ഞാൻ പാടിയിട്ടുണ്ട്. അതും ഹിന്ദിയിലാണ് പാടിയത്. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു എനിക്കത്. മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന ഒന്നാണ് സംഗീതം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ആളുകൾക്കിടയിലെ ദൂരം സംഗീതം ഇല്ലാതാക്കും. തമിഴോ ഹിന്ദിയോ എനിക്ക് മനസിലായില്ലെന്ന് വരാം. പക്ഷേ ആ പാട്ടിലെ വികാരം എനിക്ക് ഉൾക്കൊള്ളാനാവും. ഇന്ത്യൻ സംഗീതത്തിന്റെ വൈവിധ്യം, നിറങ്ങൾ എല്ലാം എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.
സനയുടെ സംഗീത യാത്രയെ സ്വാധീനിച്ചിട്ടുള്ളത് എന്താണ്
പലസ്തീനിയൻ നാടോടി സംഗീതം എന്റെ സംഗീതത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. പലസ്തീനിയൻ സംഗീതവും വൈവിധ്യങ്ങൾ നിറഞ്ഞതാണ്. ഞങ്ങളുടെ ജീവിതങ്ങളിലേക്കുള്ള നേർക്കാഴ്ച്ചയാണ്. ഏതൊരു നാടൻ പാട്ടും ശ്രദ്ധിച്ചു നോക്കിയാൽ ആളുകളെങ്ങനെ ജീവിച്ചിരുന്നു എന്ന് അറിയാൻ പറ്റും. അവരുടെ വിശ്വാസങ്ങൾ, വികാരങ്ങൾ, ആചാരങ്ങൾ, ജോലി അങ്ങനെ എല്ലാം കാണാൻ സാധിക്കും. ഈ പറഞ്ഞ കാര്യങ്ങൾ ഏത് നാടോടി സംഗീതത്തിലും ഒരുപോലെയാണ്. അതിന് ദേശവും ഭാഷയുമൊന്നും വിഷയമല്ല.
പലസ്തീൻ എന്നും വാർത്തകളിൽ നിറയാറുണ്ട്. പക്ഷേ ദൗർഭാഗ്യവശാൽ നല്ല വാർത്തകളല്ല എന്നും കേട്ടിരുന്നത്. നിരന്തരം കലഹം നേരിടുന്ന രാജ്യത്ത് നിന്ന് കലാകാരിയെന്ന നിലയിലുള്ള യാത്ര എത്രമാത്രം ബുദ്ധിമുട്ടേറിയതാണ്
വളരെ ബുദ്ധിമുട്ടാണ്, ഏറെ സങ്കടപ്പെടുത്തുന്ന ഒന്ന്. നിരന്തരം പോരാട്ടം നടന്നുകൊണ്ടിരിക്കുന്ന, യുദ്ധം നടന്നുകൊണ്ടിരിക്കുന്ന പലസ്തീൻ പോലൊരു രാജ്യത്ത് നിന്ന് കലാകാരി എന്ന നിലയിലുള്ള യാത്ര ഏറെ ബുദ്ധിമുട്ടേറിയത് തന്നെയാണ്. ഈ ജീവിതകാലം മുഴുവൻ ഞങ്ങളാഗ്രഹിക്കുന്നത് സ്വാതന്ത്ര്യം ആണ്. അങ്ങനെയൊരു സ്ഥലലത്തുള്ള ജീവിതം കഠിനം തന്നെയാണ്. പക്ഷേ പ്രതീക്ഷയിലും സ്നേഹത്തിലും വിശ്വസിക്കുന്നവരാണ് പലസ്തീനികൾ. ആ പ്രതീക്ഷ തന്നെയാണ് മുന്നോട്ട് പോകാനും വിജയിക്കാനുമുള്ള ഞങ്ങളുടെ കരുത്തും. അവിടെ ജീവിക്കുന്നത് കഠിനമാണ്, എനിക്ക് വെല്ലുവിളി തന്നെയാണ്. പക്ഷേ എന്റെ രാജ്യത്തെ ഞാൻ സ്നേഹിക്കുന്നു. പലസ്തീനി ആയതിൽ അഭിമാനിക്കുന്നു. ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഞങ്ങളിൽ സ്നേഹമുണ്ട്. ഇത് രണ്ടും തന്നെയാണ് ഞങ്ങളുടെ ഇന്ധനവും.
സംഗീത സ്വപ്നങ്ങൾ എന്തൊക്കെയാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പലസ്തീനിയൻ നാടോടി സംഗീതത്തെ കണ്ടെത്തി, സൂക്ഷിച്ചു വെക്കുകയായിരുന്നു എന്റെ കരിയറിന്റെ ആദ്യ നാളുകളിൽ ഞാൻ ചെയ്തിരുന്നത്. ഇപ്പോൾ ഈ സംഗീതം ലോകത്തെ അറിയിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അതിനാദ്യം പലസ്തീനിയൻ സംഗീതത്തെ മറ്റ് സംഗീത ശാഖകളുമായി ബന്ധപ്പെടുത്തണം. ഒരു ഫ്യൂഷനെന്നൊക്കെ പറയാം. പലസ്തീനിയൻ സംഗീതത്തെ ഇന്ത്യൻ സംഗീതത്തിലെ രാഗങ്ങളുമായും ജാസ് സംഗീതവുമായും പോർച്ചുഗലിലെ ഫാദോ സംഗീതവുമായും ഫ്ലെമിങ്കോയുമായുമെല്ലാം കൂട്ടിയിണക്കിയുള്ള ഒരു ഫ്യൂഷൻ. ഒരു നാൾ എല്ലാവർക്കും പലസ്തീനിയൻ മെലഡി പരിചിതമാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത് . അതിനാണ് ഞാൻ ലക്ഷ്യം വെക്കുന്നത്. അതാണ് എന്റെ സ്വപ്നവും. അത് നിറവേറ്റാൻ ഞാൻ ജീവിച്ചിരിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നതും.