
തിരുവനന്തപുരം: മകനായിരുന്നു ജീവിതം. അവൻ പോയതോടെ ആഘോഷങ്ങളും പോയി. 84-ാം പിറന്നാൾ ആഘോഷിക്കാൻ ആഗ്രഹിച്ചിരുന്നില്ല. ഫൗണ്ടേഷൻ ഭാരവാഹികൾ നിർബന്ധിച്ചപ്പോൾ അത് അർഹമായ സ്ഥലത്താവണമെന്ന് നിർദേശിച്ചു. ശ്രീചിത്രാഹോമിലാണെന്ന് അറിയിച്ചപ്പോൾ അംഗീകരിച്ചു. -വികാരഭരിതനായി ശ്രീകുമാരൻതമ്പി പറഞ്ഞു.
ശ്രീകുമാരൻതമ്പി ഫൗണ്ടേഷന്റെയും ചലച്ചിത്ര അക്കാദമിയുടെയും ആഭിമുഖ്യത്തിൽ ശ്രീചിത്രാഹോമിൽ നടന്ന ആദരവ് സമ്മേളനത്തിൽ മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പാട്ടുപാടിയും ഓർമകൾ പങ്കുവെച്ചും ഒട്ടേറെപ്പേർ ചടങ്ങിൽ പങ്കെടുത്തു. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനംചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് ജി. ജയശേഖരൻ നായർ അധ്യക്ഷനായി. പൂവർഹോം വിദ്യാർഥിനികളായ മായ, ആദിത്യ എന്നിവർക്കുള്ള നിംസ് വിദ്യാഭ്യാസ സ്കോളർഷിപ്പ് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. എസ്. സോമനാഥ് വിതരണം ചെയ്തു. ജ്യോതിസ് സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ ഹോമിലെ കുട്ടികൾക്കുള്ള വസ്ത്രങ്ങളും വിതരണംചെയ്തു.
മുൻസ്പീക്കർ എം. വിജയകുമാർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, നിർമാതാവ് ജി. സുരേഷ്കുമാർ, ദിനേഷ് പണിക്കർ, കല്ലിയൂർ ശശി, ജ്യോതിഷ് ചന്ദ്രൻ, വിജയാലയം മധു, ഫൗണ്ടേഷൻ സെക്രട്ടറി വി. ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. ശ്രീകുമാരൻതമ്പിക്കൊപ്പം പിറന്നാൾ സദ്യ കഴിച്ചാണ് അതിഥികൾ മടങ്ങിയത്.
ആശംസകൾ അർപ്പിക്കാൻ സ്ഥാനാർഥികൾ
ശ്രീകുമാരൻതമ്പിക്ക് പിറന്നാൾ ആശംസകളർപ്പിക്കാൻ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ മൂന്ന് സ്ഥാനാർഥികളുമെത്തി. ഡോ. ശശി തരൂർ എം.പി., പന്ന്യൻ രവീന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, എന്നിവരാണ് അപ്രതീക്ഷിതമായി ശ്രീചിത്ര പൂവർഹോമിലെത്തിയത്.
അവരോട് തനിക്ക് വോട്ട് ചെയ്യാൻ കഴിയില്ലെന്ന പരിഭവം അദ്ദേഹം പങ്കുവെച്ചു. അദ്ദേഹത്തിന്റെ വാക്കുകൾകേട്ട് സ്ഥാനാർഥികൾ അമ്പരന്നു. പിന്നീട് പൊട്ടിച്ചിരിയിൽ അലിഞ്ഞു. ‘‘എന്റെവോട്ട് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലാണ്. കൂടുതൽ വോട്ട് കിട്ടാൻ യു.ഡി.എഫും. എൽ.ഡി.എഫും. നടത്തുന്ന കളികളാണ് ഇതെല്ലാമെന്നും അദ്ദേഹം തമാശരൂപത്തിൽ പറഞ്ഞു.
ശ്രീകുമാരൻതമ്പിയുമായുള്ള മൊബൈൽ ഫോൺ ബന്ധത്തിന്റെ അപൂർവകഥയാണ് രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചത്. രാജ്യത്ത് ബി.പി.എൽ. മൊബൈൽ കമ്പനി ആരംഭിച്ചപ്പോൾ കേരളത്തിൽ ആദ്യമായി കണക്ഷനെടുത്തത് ശ്രീകുമാരൻ തമ്പിയാണെന്ന് ബി.പി.എൽ. സ്ഥാപകൻകൂടിയായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ.. ഓർമ്മകളിൽ വിതുമ്പി ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: ശ്രീചിത്രാ ഹോമിലെ തിങ്ങിനിറഞ്ഞ ചെറിയ വേദിയിൽ ഒരു പെൺകുട്ടി ശ്രീകുമാരൻ തമ്പിയുടെ പ്രസിദ്ധമായ ഗാനം പാടി. ‘ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരംപേർ വരും… കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും…’ ഇതുകേട്ട് ശ്രീകുമാരൻ തമ്പി വികാരാധീനനായി. പൊയ്പ്പോയ കാലവും 84-ന്റെ ഓർമകളും അതിൽ ലയിച്ചപോലെ.
മൂന്നു സ്ഥാനാർത്ഥികൾ ഒത്തുചേർന്ന നിറഞ്ഞ സദസ്സിൽ വീണ്ടുമുണ്ടായി ചിരിയുടെയും തമാശയുടെയും നിമിഷങ്ങൾ. ശശി തരൂർ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ആ കസേരയിൽ രാജീവ് ചന്ദ്രശേഖർ ഇരുന്നു. ശശി തരൂർ തിരിച്ചെത്തിയപ്പോൾ രാജീവ് ചന്ദ്രശേഖർ ഇങ്ങനെയാണ് പ്രതികരിച്ചത്. ‘ഈ സീറ്റ് ഞാനിങ്ങെടുത്തു’. കേട്ടുനിന്നവർ ചിരിച്ചു. പന്ന്യൻ രവീന്ദ്രന്റെ ശതാഭിഷേക ആഘോഷത്തിൽ പങ്കെടുക്കാൻ താനെത്തുമെന്നു പറഞ്ഞാണ് ശശി തരൂർ വേദിയിൽനിന്നിറങ്ങിയത്.
താൻ കാണാനും സംസാരിക്കാനും കാത്തിരുന്ന വ്യക്തിയാണ് ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. ‘എൻജിനീയറായ എനിക്ക് മറ്റൊരു എൻജിനീയറോട് ആരാധനയുണ്ട്. നാസയിൽ പോയിട്ടുള്ള എനിക്ക് ചൊവ്വയേക്കുറിച്ചുള്ള ചില സംശയങ്ങൾ അദ്ദേഹത്തോടു ചോദിച്ചറിയാനുണ്ടായിരുന്നു.’ അതിനുള്ള അവസരം ലഭിച്ചതിലെ സന്തോഷവും ശ്രീകുമാരൻ തമ്പി പങ്കിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]