
മുത്തയ്യ മുതലിയാര്‍ എന്ന ജമീന്ദാറിനെക്കുറിച്ചോ അദ്ദേഹത്തിന്റെ ഭാര്യ പാപ്പമ്മാളിനെക്കുറിച്ചോ കേട്ടറിവുള്ളവര്‍ തമിഴ്നാട്ടിലെ റെഡ്ഡിമാങ്കുപ്പത്ത് ഇന്ന് ഏറെയൊന്നുമില്ല. പഴയ നോര്‍ത്ത് ആര്‍ക്കോട് ജില്ലയിലെ ആമ്പൂരില്നിന്ന് പതിനൊന്നു കിലോമീറ്റര്‍ അകലെയാണ് റെഡ്ഡിമാങ്കുപ്പം എന്ന ഗ്രാമം. ധാരാളം ഭൂസ്വത്തുക്കളുള്ള മുത്തയ്യ മുതലിയാര്‍ക്ക് രണ്ട് മക്കളായിരുന്നു. ബാലകൃഷ്ണന് മുതലിയാരും രാജഗോപാല്‍ മുതലിയാരും. നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം ബാലകൃഷ്ണന് മുതലിയാരെ ഓര്‍ക്കുന്ന നിരവധി കുടുംബങ്ങള്‍ ഇന്നും റെഡ്ഡിമാങ്കുപ്പത്തുണ്ട്. കര്‍ഷകന്റെ കണ്ണീരിലും വിയര്‍പ്പിലും വേദനകളിലും ജീവിതം ആഘോഷമാക്കിയ മുത്തയ്യ മുതലിയാരുടെ ചെയ്തികളെ കുട്ടിക്കാലം മുതലേ എതിര്‍ക്കാന്‍ ചങ്കൂറ്റം കാണിച്ചിരുന്നു, മൂത്തമകനായ ബാലകൃഷ്ണന്. ധൂര്ത്തജീവിതത്തിനേറ്റ ശാപംപോലെയായിരുന്നു മുത്തയ്യ മുതലിയാരുടെ അവസാനകാലം. ഒരുതുള്ളി വെള്ളംപോലും ഇറക്കാനാവാതെ നരകയാതനകളിലൂടെയാണ് ആ ജീവിതം അവസാനിച്ചത്.
അച്ഛന്റേതിന് വിരുദ്ധമായി നന്മയുടെയും സ്നേഹത്തിന്റെയും മറുജീവിതംകൊണ്ടാണ് ബാലകൃഷ്ണന് മുതലിയാര്‍ നാട്ടുകാരുടെ ഹൃദയത്തിലിടം നേടിയത്. മുതലിയാര്‍ കുടുംബത്തിന് നാട്ടില്‍ വലിയ നിലയും വിലയുമുണ്ടായിരുന്ന അക്കാലത്ത് മണ്ണില്‍ പണിയെടുക്കുന്നവരെയും പാവപ്പെട്ടവരെയും സ്നേഹിക്കാനും ഒപ്പം ചേര്‍ത്തുനിര്‍ത്താനുമാണ് ബാലകൃഷ്ണന് ശ്രമിച്ചത്. തന്റെ അധീനതയിലെ അതിരില്ലാത്ത ഭൂമിയില്‍ നെല്ലും കരിമ്പും പയറും കൃഷിചെയ്ത് നാല്‍പ്പതിലേറെ കര്‍ഷകത്തൊഴിലാളികളുടെ കുടുംബത്തിന് തണല്‍വിരിച്ച ഒരു വന്‍വൃക്ഷമായി മാറാന്‍ ബാലകൃഷ്ണന് മുതലിയാര്‍ക്ക് കഴിഞ്ഞു. ഒരിക്കല്‍പ്പോലും ജാതിമത വേര്‍തിരിവുകള്‍ ആ മനസ്സിനെ തീണ്ടിയില്ല. അതികായനെപ്പോലെ നിലകൊണ്ടെങ്കിലും ഒരിക്കലും അയാള്‍ ഒരു അധികാരിയായി മാറാന്‍ ശ്രമിച്ചില്ല. ധരിച്ച വസ്ത്രംപോലെ അത്രമേല്‍ ശുഭ്രമായിരുന്നു ആ മനസ്സെന്ന് പഴമക്കാരില്‍ പലരും ഇന്നുമോര്‍ക്കുന്നു. പാവപ്പെട്ടവര്‍ക്ക് വീട് വെക്കാനും പെണ്മക്കളെ വിവാഹം കഴിപ്പിച്ചയയ്ക്കാനും തന്റെ സമ്പാദ്യത്തില്‍ നിന്ന് നല്ലൊരു പങ്ക് ബാലകൃഷ്ണന് മാറ്റിവെച്ചു. പാടത്തെ ചളി പുരണ്ട ശരീരവുമായി തന്റെ നാലുകെട്ടിലേക്ക് വരുന്ന കര്‍ഷകര്‍ക്ക് വീട്ടില്‍ കയറിയിരുന്നു വെള്ളവും ഭക്ഷണവും കഴിക്കാനുള്ള സ്വാതന്ത്ര്യവും ബാലകൃഷ്ണന് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക് അയാള്‍ മുതലാളിയോ ജന്മിയോ ആയിരുന്നില്ല. അന്നം തരുന്ന ദൈവമായിരുന്നു.
നാട്ടുകാര്‍ ഉത്സവമാക്കിയ വിവാഹമായിരുന്നു ബാലകൃഷ്ണന് മുതലിയാരുടേത്. കര്‍ണ്ണാടകത്തിലെ കോലാറില്‍നിന്ന്, ബന്ധുവായ യമുനാഭായിയെ വധുവായി സ്വീകരിക്കുംമുമ്പ് മൂന്നു കാര്യങ്ങള്‍ മാത്രമേ ബാലകൃഷ്ണന് അനുശാസിച്ചുള്ളൂ. സ്വത്തും പണവുമല്ല പ്രധാനം. എല്ലാവരോടും സ്നേഹത്തോടുകൂടി പെരുമാറുക. കഴിയുംവിധം പാവങ്ങളെ സഹായിക്കുക. ലളിതമായി ജീവിക്കുക. ബാലകൃഷ്ണന്റെ കൈ പിടിച്ച് നാലുകെട്ടിലേക്ക് കാലെടുത്തുവെച്ച നിമിഷം മുതല്‍ മരണം വരെ യമുനാഭായി താന്‍ നല്കിയ വാക്കുപാലിച്ചു. എന്നും സ്നേഹം വിളമ്പിയ വീട്ടമ്മ മാത്രമായിരുന്നു യമുനാഭായി. നാലുകെട്ടും മുറ്റവും അടിച്ചുവാരി വൃത്തിയാക്കുകയും ഭര്‍ത്താവിനും മക്കള്‍ക്കും വെച്ചുവിളമ്പി അവരെ അലക്കിത്തേച്ച വസ്ത്രങ്ങളുടുപ്പിക്കുകയും ചെയ്യുക മാത്രമായിരുന്നില്ല അവര്‍. വീട്ടിലെ നാലു പശുക്കളെ കുളിപ്പിച്ച് വൃത്തിയാക്കി, ആഹാരവും വെള്ളവും കൊടുത്തിരുന്ന പശുപാലകയായ ഒരമ്മകൂടിയായിരുന്നു യമുനാഭായി. ഇതൊക്കെയായിരുന്നു അവരുടെ സന്തോഷവും ആഘോഷവുമെല്ലാം.
ബാലകൃഷ്ണന് തന്റെ സംഗീതസായാഹ്നങ്ങളിലേക്ക് യമുനാഭായിയെ എപ്പോഴും ഒപ്പം കൂട്ടുമായിരുന്നു. ത്യാഗരാജ ഭാഗവതരുടെ കച്ചേരികളില്‍ സദസ്സിനു മുന്നിലായി ബാലകൃഷ്ണനൊപ്പം ഭാര്യയും ഉണ്ടായിരുന്നു. തനിക്കു പിറന്ന ഒമ്പതു മക്കള്‍ക്ക് സരസ്വതിയെന്നും രാമചന്ദ്രനെന്നും ലക്ഷ്മിയെന്നുമൊക്കെ പേരിട്ടപ്പോള്‍ ഒരു പേരുമാത്രം ബാലകൃഷ്ണന് കരുതിവെച്ചിരുന്നു. ഇളയകുട്ടി ആണ്കുഞ്ഞാണെങ്കില് ആ പേര് അവന് നല്‍കാനായിരുന്നു ബാലകൃഷ്ണന് തീരുമാനിച്ചത്.
1942 ജൂണ്‍ ഇരുപത്തിനാലിന് രാത്രി യമുനാഭായിക്ക് പ്രസവവേദന തുടങ്ങി. ആമ്പൂര് വില്ലേജില്‍ അക്കാലത്ത് ആശുപത്രികളൊന്നുമില്ല. മുടിവെട്ടു തൊഴിലാക്കിയ കുടുംബങ്ങളിലെ സ്ത്രീകളാണ് മിക്ക വീടുകളിലും പേറെടുക്കാന്‍ പോകുന്നത്. അമ്പട്ടാച്ചി എന്നാണ് പൊതുവെ അവരെ വിളിക്കാറുള്ളത്. മണ്ണെണ്ണവിളക്കിന്റെ വെട്ടത്തിലിരുന്ന് അമ്പട്ടാച്ചി യമുനാഭായിയെ പരിചരിക്കുമ്പോള്‍ നാലുകെട്ടിന്റെ പൂമുഖത്തെ ചാരുകസേരയിലിരുന്ന്, പതിയെ പെയ്തിറങ്ങുന്ന മഴയിലേക്ക് കണ്ണുകളയച്ച് ത്യാഗരാജ ഭാഗവതരുടെ പാട്ടുകള്‍ കേള്‍ക്കുകയായിരുന്നു ബാലകൃഷ്ണന്. മുറിയില്‍ പ്രസവവേദനയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഭാര്യ കിടക്കുമ്പോള്‍, പുറത്ത് സംഗീതത്തിന്റെ ലഹരിയില്‍ അയാള്‍ പ്രാര്‍ഥിച്ചത് പിറക്കാന്‍ പോകുന്നത് ആണ്കുട്ടിയാവണേയെന്ന് മാത്രമായിരിക്കും. ആ പിറവിക്കുവേണ്ടി മാത്രമായിരിക്കാം അയാള്‍ ആ പേര് കരുതിവെച്ചത്. മഴ തിമിര്ത്തുപെയ്യാന് തുടങ്ങിയ നേരം ആലയിലെ പശുക്കള്‍ കരയാന്‍ തുടങ്ങി. ആ കരച്ചിലിനെയും മഴയുടെ ആരവത്തെയും കീറിമുറിച്ചുകൊണ്ട് നാലുകെട്ടിന്റെ അകത്തളത്തില്‍നിന്ന് ഒരു കുഞ്ഞിന്റെ കരച്ചില് ഉയര്‍ന്നു. കൃത്യം ഒന്നരമണിക്ക്. ഏതാനും നിമിഷങ്ങള്‍ക്കകം അമ്പട്ടാച്ചി മുറിയില്‍നിന്ന് പുറത്തേക്കിറങ്ങിവന്ന് പറഞ്ഞു: ‘ആണ്‍കുട്ടിയാണ്…’ ആകാശത്തുനിന്ന് ഭൂമിയിലേക്ക് മിന്നല്‍പ്പിണറുകള്‍ വര്ഷിച്ചുകൊണ്ടേയിരുന്ന ആ നേരം ബാലകൃഷ്ണന് മുതലിയാര്‍ അവന് പേരിട്ടു. മൂര്‍ച്ചയുള്ള ഒരു ഇടിവാളിന്റെ ശക്തിയെ ഓര്‍മിപ്പിക്കുംവിധത്തില്‍, തീ പാറുന്ന അക്ഷരങ്ങളായി ആയിരങ്ങളുടെ ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങിയ ആ പേര് അവനായി കുറിക്കപ്പെട്ടു: ത്യാഗരാജന്!
Also Read
Premium
തല്ലാണല്ലേ ജോലി, ആരാണ് നിനക്ക് ത്യാഗരാജൻ …
പത്തു മക്കളില്‍ പത്താമനായതുകൊണ്ട് വീട്ടില്‍ അച്ഛനുമമ്മയുമടക്കം പതിനൊന്നു പേരുടെ സ്നേഹക്കൂട്ടിലാണ് ത്യാഗരാജന് വളര്‍ന്നത്. പതിവായി ക്ഷേത്രങ്ങളില്‍ പോകാറുള്ള അമ്മ ആഴ്ചയില്‍ രണ്ടു തവണ ത്യാഗരാജനെ ക്ഷേത്രങ്ങളില്‍ കൊണ്ടുപോകും. ഗംഗൈ അമ്മന്‍കോവില്‍, പെരുമാള്‍കോവില്‍, ചാമുണ്ഡേശ്വരീക്ഷേത്രം തുടങ്ങിയ അമ്പലങ്ങളിലെല്ലാം അമ്മ ദര്‍ശനത്തിന് പോകുമ്പോള്‍ അവരെയും ഒട്ടി ത്യാഗരാജനുമുണ്ടാകും. ക്ഷേത്രദര്‍ശനത്തിന് ഇറങ്ങുമ്പോഴെല്ലാം യമുനാഭായിയുടെ കൈയില്‍ ചെറിയൊരു പാത്രമുണ്ടാകും. അതു നിറയെ നോട്ടുകളും നാണയത്തുട്ടുകളുമാണ്. ക്ഷേത്രത്തിനു പുറത്തിരിക്കാറുള്ള ഭിക്ഷാടകര്‍ക്ക് കൊടുക്കാനാണ് ഈ പണപ്പാത്രം അവര്‍ ഒപ്പം കരുതുന്നത്. പലപ്പോഴും ത്യാഗരാജന്റെ കൈകൊണ്ടുതന്നെ യമുനാഭായി ഭിക്ഷാടകര്‍ക്ക് പണം കൊടുപ്പിച്ചിട്ടുണ്ട്. താടിയും മുടിയും നീട്ടിവളര്‍ത്തി കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച ഭിക്ഷാടകരെ കാണുമ്പോള്‍ ആ കുഞ്ഞുപ്രായത്തില്‍ ത്യാഗരാജന് കരുതിയത് അവരൊക്കെ ഭ്രാന്തന്മാരാണെന്നാണ്.
ഒരിക്കല്‍ അമ്മയോട് ചോദിച്ചു: ‘എന്തിനാണമ്മേ ഈ ഭ്രാന്തന്മാര്ക്ക് നമ്മള് കാശ് കൊടുക്കുന്നത്?’
‘മോനേ അവര്‍ ഭ്രാന്തന്മാരല്ല, ഭക്ഷണംപോലും കഴിക്കാന്‍ ഗതിയില്ലാത്തവരാണവര്‍. അങ്ങനെയുള്ളവരെ നമ്മളെപ്പോഴും സഹായിക്കണം. ഇനിയൊരിക്കലും മോനവരെ ഭ്രാന്തന്മാരെന്ന് പറയരുത്. അങ്ങനെ പറഞ്ഞാല്‍ അതിന്റെ ശിക്ഷ നമ്മള് അനുഭവിക്കേണ്ടി വരും.’
കുട്ടിക്കാലത്ത് ക്ഷേത്രമുറ്റത്തുനിന്ന് ത്യാഗരാജന് ലഭിച്ച വലിയൊരു തിരിച്ചറിവായിരുന്നു അമ്മയുടെ ആ വാക്കുകള്‍. പിന്നീട് ക്ഷേത്രങ്ങളില്‍ പോകുമ്പോഴെല്ലാം അമ്മയില്‍നിന്ന് പണം ചോദിച്ചുവാങ്ങി ഭിക്ഷാടകര്‍ക്ക് നല്‍കുന്നത് ത്യാഗരാജന്റെ പതിവായി.
Read More: തല്ലാണല്ലേ ജോലി, ആരാണ് നിനക്ക് ത്യാഗരാജന് എന്നു പേരിട്ടത്? | സ്റ്റണ്ട്മാസ്റ്റർ ത്യാഗരാജന്റെ ജീവിതകഥ
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947ല്‍ത്തന്നെയാണ് ത്യാഗരാജന്റെ സ്കൂള്‍ ജീവിതവും ആരംഭിക്കുന്നത്. ത്യാഗരാജ ഭാഗവതരുടെ മാത്രമല്ല നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെകൂടി ആരാധകനായിരുന്നു ബാലകൃഷ്ണന് മുതലിയാര്‍. റെഡ്ഡിമാങ്കുപ്പത്തും തൊട്ടടുത്ത വില്ലേജുകളിലുമൊക്കെ ഐ.എന്‍.എയുടെ ചെറിയ ചെറിയ ഗ്രൂപ്പുകള്‍ അക്കാലത്ത് സജീവമായിരുന്നു. കുട്ടികളുടെ മനസ്സില്‍പ്പോലും നേതാജി വലിയ ആവേശമായി മാറിയ ആ കാലത്താണ് വീടിനടുത്തുള്ള ‘ചിന്നപ്പള്ളിക്കൂട’ത്തിലേക്ക് ത്യാഗരാജനെ അച്ഛന് കൂട്ടിക്കൊണ്ടുപോയത്. ഓലമേഞ്ഞ്, ചാണകം മെഴുകിയ സ്കൂളില്‍ മുപ്പതോളം കുട്ടികളെ പഠിപ്പിക്കാനായി മൂന്ന് അദ്ധ്യാപകര്‍. ക്ലാസ് തുടങ്ങി, കഥയും കവിതയും പാട്ടുമായി കടന്നുപോകവേ ഒരു ദിവസം പെരുമാള്‍ വാദ്ധ്യാര് പറഞ്ഞു: ‘കുട്ടികളേ.., നാളെ എല്ലാവര്ക്കും പായസമുണ്ട.്’ വിശേഷമെന്താണെന്ന് കുട്ടികള്‍ക്കറിയില്ല. അടുത്ത ദിവസം രാവിലെ കുട്ടികളെയെല്ലാം സ്കൂള്‍ മുറ്റത്തേക്കിറക്കി, വരിവരിയായി നില്ക്കാന് ആവശ്യപ്പെട്ടശേഷം വാദ്ധ്യാര് പറഞ്ഞു: ‘നിങ്ങള്‍ക്കിന്ന് പായസം തരുന്നത് വിശേഷപ്പെട്ട ഒരുകാര്യം നമ്മുടെ രാജ്യത്ത് സംഭവിച്ചതുകൊണ്ടാണ്.’ തന്റെ വാക്കുകളില്‍ അദ്ഭുതംകൂറിയ കുട്ടികളോട് അദ്ദേഹം ചോദിച്ചു: ‘നമ്മുടെ രാജ്യത്തിന്റെ പേര് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?’
അച്ഛന് പറഞ്ഞുകൊടുത്ത ഓര്‍മ്മയില്‍ ത്യാഗരാജനാണ് ആദ്യം മറുപടി പറഞ്ഞത്: ‘ഇന്ത്യ.’
ആ ശരിയുത്തരം തുടര്‍ന്ന് കുഞ്ഞുശബ്ദങ്ങളുടെ ആരവങ്ങളായി. ‘നമ്മുടെ രാജ്യം ഇതുവരെ ബ്രിട്ടീഷുകാരുടെ അധീനത്തിലായിരുന്നു. ഒരുപാട് മനുഷ്യരുടെ ത്യാഗത്തിന്റെ ഫലമായി നമ്മുടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നു. ആ സന്തോഷമാണ് നമ്മള് എല്ലാവരും ചേര്‍ന്ന് ഇപ്പോള്‍ പങ്കുവെക്കുന്നത്’ വാദ്ധ്യാര് വിശദീകരിച്ചു. ആ ചിന്നപ്പള്ളിക്കൂടത്തില് വെച്ചാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി എന്ന് ത്യാഗരാജനറിയുന്നത്.
സ്കൂള്‍ മുറ്റത്ത് ത്രിവര്‍ണപതാക ഉയര്‍ന്നുപൊങ്ങുന്നത് അദ്ധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം ആ അഞ്ചുവയസ്സുകാരന് ആഹ്ലാദത്തോടെ നോക്കിക്കണ്ടു. നാലാം ക്ലാസ് വരെയായിരുന്നു ചിന്നപ്പള്ളിക്കൂടത്തിലെ പഠനം. അഞ്ചാം ക്ലാസ് മുതല്‍ പഠിച്ചത് ആമ്പൂരിലെ ഹിന്ദു ഹൈസ്കൂളില്‍. പഠനത്തെക്കാള്‍ കലാകായിക വിഷയങ്ങളിലായിരുന്നു ത്യാഗരാജന്റെ താത്പര്യം. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ത്യാഗരാജ ഭാഗവതരുടെ പവിഴക്കൊടി എന്ന തമിഴ് സംഗീതനാടകം കാണുന്നത്. ത്യാഗരാജന്റെ ബാലമനസ്സിനെ ഇളക്കിമറിച്ച ആദ്യത്തെ നാടകക്കാഴ്ചയായിരുന്നു അത്. ഒരുപക്ഷേ, ത്യാഗരാജനിലെ നടന്റെ അഭിനയവാസനയ്ക്ക് തിരികൊളുത്തിയതും പവിഴക്കൊടി നാടകമായിരിക്കാം. സംഗീത നാടകങ്ങള്‍ ധാരാളം അരങ്ങേറിയിരുന്ന കാലമായിരുന്നു അത്. സ്കൂള്‍ മുറ്റത്ത് കെട്ടിപ്പൊക്കിയ സ്റ്റേജില്‍ ആട്ടവും പാട്ടുമായി അരങ്ങേറിയ പവിഴക്കൊടി നാടകം കാണാന്‍ വലിയൊരു ജനാവലിതന്നെ വന്നുചേര്‍ന്നു. നാട്ടിലെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കും കലാസമിതികളുടെ വാര്‍ഷികാഘോഷങ്ങള്‍ക്കും അവതരിപ്പിക്കപ്പെട്ട നാടകങ്ങളും കഥാപ്രസംഗങ്ങളും സംഗീതക്കച്ചേരികളും ത്യാഗരാജനെ വളരെ ആഴത്തിലാണ് സ്വാധീനിച്ചത്.
റെഡ്ഡിമാങ്കുപ്പം വില്ലേജിനടുത്ത് ഒരു വലിയ നദിയുണ്ടായിരുന്നു. പാലാറ് എന്നാണ് നദിയുടെ പേര്. പക്ഷേ, നദിയില്‍ മിക്കപ്പോഴും വെള്ളമുണ്ടാകാറില്ല. ആ നദിക്കരയിലായിരുന്നു ആ നാടിന്റെ ആഘോഷങ്ങള്‍ പൂത്തുവിടര്ന്നത്. ത്യാഗരാജ ഭാഗവതരുടെ നാടകങ്ങള്‍ക്കൊപ്പം തെരുക്കൂത്തും പുലിവേഷവും അവതരിപ്പിക്കാനായി പല ദേശങ്ങളില്‍നിന്നും കലാകാരന്മാരെത്തി. ആറാം ക്ലാസ് വരെ നന്നായി പഠിച്ചിരുന്ന ത്യാഗരാജന് പിന്നീട് ക്ലാസില്‍ പോകാതെ സിനിമയും നാടകവും കണ്ടുനടക്കാന് തുടങ്ങി. പഠനത്തില്‍ കാണിച്ച അലസത കലയിലെ ഉത്സാഹമായാണ് പടര്‍ന്നുകയറിയത്.
(തുടരും…..)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]