
തിരുവനന്തപുരം: തൈക്കാട് സ്വാതിതിരുനാള്‍ സംഗീതകോളേജിന്റെ പേരുള്ള ബോര്‍ഡില്‍നിന്നാണ് ‘സ്വാതിതിരുനാള്‍’ എന്ന സിനിമയുടെ ആശയം, ചൊവ്വാഴ്ച അന്തരിച്ച ശ്രീവരാഹം ബാലകൃഷ്ണന്റെ മനസ്സില്‍ പിറന്നത്.
ലെനിന് രാജേന്ദ്രനും ശ്രീവരാഹം ബാലകൃഷ്ണനും തൈക്കാട് വഴി നടക്കുമ്പോള്‍ സ്വാതിയുടെ പേരുള്ള കോളേജിന്റെ ബോര്‍ഡ് കാണുകയും തിരുവിതാംകൂര്‍ ചരിത്രത്തില്‍ സ്വാതിതിരുനാളിനുള്ള സ്ഥാനത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. ഈ സംസാരം സിനിമ വരെ എത്തിയപ്പോള്‍, സാറിന് തിരക്കഥയെഴുതാമോയെന്ന ലെനിന് രാജേന്ദ്രന്റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ശ്രീവരാഹത്തിന്റെ തിരക്കഥ. ഒട്ടേറെ പുരസ്കാരങ്ങള്‍ സിനിമയ്ക്കു ലഭിച്ചു.
എണ്‍പതുകളുടെ മധ്യത്തില്‍ അധ്യാപകവൃത്തിയില്‍നിന്നു വിരമിച്ച അദ്ദേഹം, നിരൂപണത്തില്‍ ശ്രദ്ധയൂന്നി. മികച്ച സിനിമയെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും അന്യഭാഷയിലുള്ള ആസ്വാദകര്‍ക്ക് അറിയാന്‍ അദ്ദേഹത്തിന്റെ ഇംഗ്ലീഷിലെ രചനകള്‍ ഉപകരിച്ചു.
Also Read
കഥാകൃത്തും സിനിമാ നിരൂപകനുമായ ശ്രീവരാഹം …
മനോഹരമായ കൈപ്പടയിലാണ് അദ്ദേഹം ഗവര്‍ണര്‍ക്കുള്ള ലേഖനങ്ങള്‍ എഴുതിയിരുന്നതെന്ന് രാജ്ഭവനിലെ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. ആനന്ദിന്റെ ‘മരണസര്‍ട്ടിഫിക്കറ്റ്’, അയ്യപ്പണിക്കരുടെ കവിതകള്‍, മാധവിക്കുട്ടിയുടെ ‘രുക്മിണിക്കൊരു പാവക്കുട്ടി’ ഉള്‍പ്പെടെയുള്ള നീണ്ടകഥകള്‍ എന്നിവ അദ്ദേഹത്തിന്റെകൂടി നേതൃത്വത്തിലുണ്ടായിരുന്ന ‘നവധാര’യാണ് പ്രസിദ്ധീകരിച്ചത്. എന്‍.എസ്.എസ്. കോളേജില്‍ ഒപ്പം ജോലിചെയ്തിരുന്ന സി.എന്‍.എന്‍. ഭട്ടതിരിയുമായി ചേര്‍ന്ന് ആരംഭിച്ച ബീസ് ബുക്സാണ് അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവു’മെന്ന കാര്‍ട്ടൂണ്‍ പരമ്പര പ്രസിദ്ധീകരിച്ചത്.
നാടകകൃത്ത് സി.എന്‍.ശ്രീകണ്ഠന് നായര്‍, വൈക്കം ചന്ദ്രശേഖരന് നായര്‍ എന്നിവരുമായുള്ള അടുപ്പം ശ്രീവരാഹത്തിന്റെ നാടക-സിനിമാ സങ്കല്‍പ്പങ്ങളെ രൂപപ്പെടുത്തിയിരുന്നു. സംവിധായകന് ഹരികുമാറിന് സിനിമാജീവിതത്തിനു വഴികാട്ടിയായതും വിദ്യാര്‍ഥിയായിരുന്ന നടന് ജനാര്‍ദ്ദനന്റെ അഭിനയശേഷി തിരിച്ചറിഞ്ഞ് നാടകത്തിലേക്കു നയിച്ചതും ശ്രീവരാഹം ബാലകൃഷ്ണനാണ്. സംസ്ഥാന സര്‍ക്കാരിന്റ അവാര്‍ഡുനിര്‍ണയ സമിതിയില്‍ രണ്ടുതവണ അംഗമായി. ‘ഈടും ഭംഗിയുമാണ് ഹാന്‍ടെക്സിന്റെ ഊടും പാവും’ എന്ന പരസ്യവാചകം ഹാന്ടെക്സിനുവേണ്ടി രചിച്ചത് അദ്ദേഹമായിരുന്നു. അടുത്തിടെ അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എസ്.ജയചന്ദ്രന്നായരുമായി അദ്ദേഹത്തിന് ബാല്യകാലം മുതല്ക്കുള്ള അടുത്ത ബന്ധമുണ്ടായിരുന്നു. രണ്ടാഴ്ച മുന്‍പ് ഒരു ആനുകാലികത്തില്‍ ജയചന്ദ്രന്‍നായരുടെ സര്ഗപ്രകൃതിയെക്കുറിച്ചെഴുതിയ ലേഖനമാണ് അവസാനമായി ശ്രീവരാഹം എഴുതിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]