
അന്ധകാരാ… പേരിലെ ഇരുട്ട് തന്നെയാണ് വാസുദേവ് സനൽ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രധാന കഥാപാത്രവും. ഇരുട്ടാണ് കഥാപാത്രങ്ങളുടെ മനസിലും പുറത്തും. സ്വാർഥതയും കാപട്യവും പണത്തോടുള്ള ആർത്തിയും തീർത്ത ഇരുട്ട്. A സർട്ടിഫിക്കറ്റുമായി തീയേറ്ററുകളിലെത്തിയ ചിത്രത്തിൽ ചോരയുടെ സാന്നിധ്യവും മുഴുനീളമുണ്ട്.
ലോകത്തിലെ പല കോണിലും ഒളിഞ്ഞും തെളിഞ്ഞും സജീവമായിക്കൊണ്ടിരിക്കുന്ന അവയവ മാഫിയയുടെ ക്രൂരതകളിലേക്കാണ് അന്ധകാരാ വിരൽചൂണ്ടുന്നത്. ഇതോടൊപ്പം ബന്ധങ്ങളിലെ കാപട്യങ്ങളും ചിത്രം തുറന്നു കാട്ടുന്നു. ഡോക്ടറായ ഫിദയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഫിദയുടെ പങ്കാളി ജോർജും അവിചാരിതമായി കടന്നു വരുന്ന ടാക്സി ഡ്രൈവർ അരവിന്ദനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. അരവിന്ദൻ അവിചാരിതമായി ഒരു കുറ്റകൃത്യത്തിന് സാക്ഷിയാകേണ്ടി വരുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് പ്രേക്ഷകനെ ഭീതിയിലാഴ്ത്തുന്നത്.
ഫിദയെന്ന കഥാപാത്രമായി സ്ക്രീനിലെത്തുന്നത് ദിവ്യ പിള്ളയാണ്. വേഷപ്പകർച്ചകൊണ്ട് ദിവ്യ ഞെട്ടിച്ചിട്ടുണ്ട് ചിത്രത്തിൽ. ചന്തുനാഥ് ആണ് ജോർജ്. പതിനെട്ടാം പടി, ട്വൽത്ത് മാൻ, ഫീനിക്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് ചന്തുനാഥ്. ധീരജ് ഡെന്നി, സുധീർ കരമന, മറീന മൈക്കിൾ, വിനോദ് സാഗർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
പ്രിയം എന്ന ആദ്യ ചിത്രം കൊണ്ട് പ്രേക്ഷകർക്ക് ഫീൽ ഗുഡ് സിനിമ സമ്മാനിച്ച വാസുദേവ് സനൽ വർഷങ്ങൾക്കിപ്പുറം പ്രേക്ഷകനിൽ ഭയം ജനിപ്പിക്കുകയാണ് അന്ധകാരയിലൂടെ. നേരത്തെ പറഞ്ഞ ഇരുട്ടിനെ ഫോക്കസ് ചെയ്തുകൊണ്ടുള്ള ഛായാഗ്രഹണം എടുത്ത് പറയേണ്ടതാണ്. ആദ്യാവസാനം പ്രേക്ഷകനിൽ ഭീതിയും അസ്വസ്ഥതയും നിറയ്ക്കാൻ അരുൺ മുരളീധരന്റെ പശ്ചാത്തല സംഗീതത്തിന് സാധിച്ചിട്ടുണ്ട്. അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്നാണ് ചിത്രത്തിന്റെ കഥ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]