
ഒ.ടി.ടി. പ്ലാറ്റ്ഫോമായ പ്രൈം വീഡിയോ പോച്ചര്‍ എന്ന ക്രൈം സീരീസിന്റെ ട്രെയിലര്‍ പുറത്തിറക്കി. എമ്മി അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മാതാവ് റിച്ചി മേത്ത തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിച്ച ഈ പരമ്പരയില്‍ നിമിഷ സജയന്, റോഷന് മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ജോര്‍ദാന്‍ പീലെയുടെ ഗെറ്റ് ഔട്ട്, സ്പൈക്ക് ലീയുടെ ബ്ലാക്ക്ക്ലാന്സ്മാന് തുടങ്ങിയ ഫീച്ചര്‍ ഫിലിം ഹിറ്റുകള്‍ സമ്മാനിച്ച ഓസ്കാര്‍ ജേതാവായ പ്രൊഡക്ഷന്‍ ആന്‍ഡ് ഫിനാന്‍സ് കമ്പനിയായ ക്യുസി എന്റര്‍ടൈന്‍മെന്റ് ആണ് ‘പോച്ചര്‍’ നിര്‍മ്മിക്കുന്നത്.
നടി, നിര്‍മ്മാതാവ്, സംരംഭക എന്നീ മേഖലകളില്‍ തിളങ്ങിയ ആലിയ ഭട്ട് പരമ്പരയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആണ്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എട്ട് ഭാഗങ്ങളുള്ള ഈ ക്രൈം സീരീസ്; ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട പോച്ചര്‍ എന്ന ഈ സീരീസിലൂടെ പുറത്ത് കൊണ്ടുവരുന്നു. ഫെബ്രുവരി 23 മുതല്‍ ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240 പ്രദേശങ്ങളില്‍ പ്രൈം വീഡിയോയിലൂടെ ആസ്വദിക്കാനാകും. കൂടാതെ ഇത് ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ലഭ്യമാകും. ഒപ്പം 35ലേറെ ഭാഷകളില്‍ സബ്ടൈറ്റിലുകള്‍ ഉണ്ടായിരിക്കും.
ആനകളെ നിഷ്കരുണം, നിരന്തരമായി കൊല്ലുന്ന ഹൃദയഭേദകമായ യാഥാര്‍ത്ഥ്യത്തിലേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണ് ട്രെയിലര്‍ നല്‍കുന്നത്. ഈ ക്രിമിനല്‍ പ്രവൃത്തികളുടെ നിശബ്ദ ഇരകള്‍ക്ക് – നിസ്സഹായരായ ആനകള്‍ക്ക് യഥാര്‍ത്ഥത്തില്‍ അര്‍ഹമായ നീതി ലഭിക്കുമോ? ചിന്തോദ്ദീപകമായ ഈ കുറ്റകൃത്യ പരമ്പരയുടെ കാതലിനുള്ളില്‍ ഈ ചോദ്യം ആഴത്തില്‍ പ്രതിധ്വനിക്കുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, വ്യക്തിപരമായ നേട്ടവും അത്യാഗ്രഹവും കൊണ്ട് നയിക്കപ്പെടുന്ന മനുഷ്യ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങളിലേക്ക് ‘പോച്ചര്‍’ വെളിച്ചം വീശുന്നു. അതുവഴി ഈ ജീവിവര്‍ഗ്ഗം നേരിടുന്ന അപകടസാധ്യതകളെ ജനങ്ങളിലേക്കെത്തിക്കുന്നു- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ക്യൂസി എന്റര്‍ടൈന്‍മെന്റിന്റെ എഡ്വേര്‍ഡ് എച്ച്. ഹാം ജൂനിയര്‍, റെയ്മണ്ട് മാന്‍സ്ഫീല്‍ഡ്, സീന്‍ മക്കിറ്റ്രിക് എന്നിവര്‍ സ്യൂട്ടബിള്‍ പിക്ചേഴ്സ്, പൂര് മാന്‍സ് പ്രൊഡക്ഷന്‍സ്, എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് എന്നിവയുമായി സഹകരിച്ച് നിര്‍മ്മിച്ചതാണ് ‘പോച്ചര്‍’. അലന് മക്അലക്സ് (സ്യൂട്ടബിള്‍ ബോയ്) സ്യൂട്ടബിള്‍ പിക്ചേഴ്സിന്റെ നിര്‍മ്മാതാവായി പ്രവര്‍ത്തിക്കുന്നു. ഫോട്ടോഗ്രാഫി ഡയറക്ടര്‍: ജോഹാന്‍ എയ്ഡ്, സംഗീതസംവിധായകന്: ആന്‍ഡ്രൂ ലോക്കിംഗ്ടണ്‍, എഡിറ്റര്‍: ബെവര്‍ലി മില്‍സ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]