
മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം സജീവമായി നിൽക്കുന്ന നടനാണ് ഹരീഷ് പേരടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനാണ് ഹരീഷ് പേരടിയുടേതായി മലയാളത്തിൽ ഉടൻ വരാനിരിക്കുന്ന വലിയ ചിത്രം. ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പേരടി ഇപ്പോൾ.
കഥാപാത്രമായി ഈ മനുഷ്യനോടൊപ്പം നിൽക്കുന്ന നിമിഷങ്ങൾ അഭിനയ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളാണെന്ന് ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചു. ‘മനോഹര മുഹൂർത്തങ്ങളാണ്, അയാൾ ഒരേ സമയം മനുഷ്യനും കഥാപാത്രവുമായിരിക്കും. അനാവശ്യ ഉപദേശങ്ങളില്ല. അനുഭവങ്ങളുടെ വീമ്പിളക്കമില്ല. ഇങ്ങിനെപോയാൽ അങ്ങിനെയെത്തും എന്ന കൃത്രിമമായ മാർഗനിർദേശങ്ങളില്ല. ഞങ്ങളുടെ കാലമായിരുന്നു കാലം എന്ന പൊങ്ങച്ചമില്ല.
പകരം എന്നെക്കാൾ വലിയവർ നിങ്ങളാണെന്ന് നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിച്ച് നമ്മളിൽ വലിയ ആത്മവിശ്വാസം സൃഷ്ടിക്കും. പിന്നെ നമ്മുടെ മുന്നോട്ടുള്ള ചലനവും വേഗതയും താളവും ആദ്യം സന്തോഷത്തോടെ ആസ്വദിക്കുന്ന മനുഷ്യനായി അയാൾമാറും. നമ്മളിൽ നിന്ന് അകന്ന് പോയതിനുശേഷം മാത്രം നമ്മൾ അറിയും. നമ്മെ ഒരുപാട് വലിയ പാഠങ്ങൾ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരുവായിരുന്നു അയാൾ എന്ന്… മോഹൻലാൽ സാർ… പ്രിയപ്പെട്ട ലാലേട്ടൻ.’ ഹരീഷ് പേരടി എഴുതി.
2024 ജനുവരി 25-നാണ് ‘മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലെത്തുന്നത്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങളും വാലിബനുവേണ്ടി അണിനിരക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]