
സലാർ എന്ന ചിത്രത്തിനുശേഷം പ്രഭാസ് നായകനായി അഭിനയിക്കുന്ന ചിത്രമാണ് ദ രാജാ സാബ്. പൊങ്കൽ, സംക്രാന്തി ഉത്സവദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായത്. ഹൊറർ-റൊമാൻസ് ചിത്രമായാണ് രാജാ സാബ് ഒരുങ്ങുന്നത് എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട് പല കഥകളും പ്രചരിച്ചിരുന്നു. ഇതിൽ വിശദീകരണവുമായി സംവിധായകൻ മാരുതി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
രാജാ സാബുമായി ബന്ധപ്പെട്ട ഐ.എം.ഡി.ബി പേജിൽ അപ്ഡേറ്റ് ചെയ്യപ്പെട്ട ലോഗ് ലൈനുകളൊന്ന് പറയുന്നത് ഒരു നിധി വേട്ടയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ്. നായകന് പാരമ്പര്യമായി ലഭിച്ച വസ്തുവാണ് രാജാ ഡീലക്സ് എന്ന സിനിമാ തിയേറ്റർ. ഈ വസ്തുവിൽ എവിടെയോ നിധിയുണ്ടെന്ന് മനസിലാക്കി അതുതേടുന്നയാളാണ് നായകനെന്നാണ് ഒരു കഥ. എന്നാൽ സംവിധായകൻ മാരുതി പങ്കുവെച്ചിരിക്കുന്നത് മറ്റൊരു ലോഗ് ലൈനാണ്.
ദമ്പതിമാരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെന്നാണ് മാരുതി പങ്കുവെച്ച എക്സ് പോസ്റ്റിലെ സ്ക്രീൻഷോട്ട് പറയുന്നത്. ഒരു നെഗറ്റീവ് എനർജിയുടെ സാന്നിധ്യം അനുഭവപ്പെടുന്നതിനേത്തുടർന്ന് ഇവർക്ക് തങ്ങളുടെ വിധി മാറ്റിമറിക്കേണ്ടിവരികയാണ് എന്നാണ് ഇതിലുള്ളത്. ഇങ്ങനെയൊരു കഥയേക്കുറിച്ചറിയില്ലെന്നും മറ്റൊരു തിരക്കഥവെച്ചാണ് ചിത്രം ഷൂട്ട് ചെയ്യുന്നതെന്നും ഐ.എം.ഡി.ബി ലോകം ഇക്കാര്യം ഉൾക്കൊള്ളുമോ എന്നുമാണ് എക്സ് പോസ്റ്റിൽ സംവിധായകൻ മാരുതി ചോദിക്കുന്നത്.
പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ നിർമ്മാണം ടി.ജി.വിശ്വപ്രസാദ് നിർവഹിക്കുന്നു. വിവേക് കുച്ചിബോട്ലയാണ് ചിത്രത്തിന്റെ സഹനിർമ്മാണം. തമൻ എസ് ആണ് സംഗീതസംവിധായകൻ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് രാജാ സാബ് റിലീസ് ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]