കഥ പറയുന്ന ആ കണ്ണുകളാണ് ആദ്യം മനസ്സില്‍ തടഞ്ഞത്. എവിടെയാണവ മുന്‍പ് കണ്ടത്? അധികം ചിന്തിക്കേണ്ടി വന്നില്ല. ബാലു മഹേന്ദ്രയുടെ ക്യാമറ, കാമുകന്റെ കരവിരുതോടെ ഒപ്പിയെടുത്ത ‘നെല്ലി’ലെ കുറുമാട്ടിയുടെ വികാരദീപ്തമായ കണ്ണുകള്‍. ആ കണ്ണുകളുടെ തീക്ഷ്ണ സൗന്ദര്യത്തോടൊപ്പം മനോഹരമായ ഒരു ഗാനത്തിന്റെ ശീലുകള്‍ കൂടി ഓര്‍മയില്‍ നിറയുന്നു: ‘കല്യാണപ്രായത്തില്‍ പെണ്ണുങ്ങള് ചൂടുന്ന കന്മദപ്പൂ കണ്ണംപൂവുണ്ടോ…’ വയലാര്‍ എഴുതി സലില്‍ ചൗധരി ഈണമിട്ട് പി സുശീല ഹൃദയം പകര്‍ന്നു നല്കിയ ഗാനം.
പാട്ടിന്റെ പല്ലവി ഓര്‍മ്മയില്‍ നിന്ന് മൂളിയപ്പോള്‍ ചിരിയോടെ കേട്ടിരുന്നു കനകദുര്‍ഗ. ‘സന്തോഷമുണ്ട്, ഇപ്പോഴും എന്നെ ഓര്‍ക്കുന്നു എന്നറിയുമ്പോള്‍. മറക്കാനാവാത്ത അനുഭവമായിരുന്നു നെല്ല്. മലയാളത്തില്‍ ഞാന്‍ അഭിനയിച്ച ആദ്യചിത്രം.’ ഒപ്പം ഒരു കൗതുകം കൂടി പങ്കുവെച്ചു അവര്‍. ‘അറിയുമോ? ആ പാട്ടിനിടയ്ക്ക് മാത്രമല്ല, സിനിമയില്‍ പലയിടത്തും ഡയലോഗിന് പകരം ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളത് ഒരേയൊരു വാക്ക് മാത്രം-ഏബിസിഡി.’
ആന്ധ്രയിലെ വിജയവാഡയില്‍ ജനിച്ച കനകദുര്‍ഗ തെലുങ്കിലും തമിഴിലും കുറെ പടങ്ങളിലും അഭിനയിച്ച ശേഷമാണ് മലയാളത്തിലെത്തിയത്. ‘തുടക്കമല്ലേ? മലയാളം ഒട്ടും വഴങ്ങുന്നില്ല എനിക്ക്. എന്റെ ദുരിതം കണ്ട് സഹതാപം തോന്നിയ സംവിധായകന് രാമു കാര്യാട്ട് സാറാണ് പറഞ്ഞത് ക്യാമറയ്ക്ക് മുന്നില്‍ ഏബിസിഡി എന്ന് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്നാല്‍ മതിയെന്ന്. ഡബ്ബിംഗ് കഴിഞ്ഞാല്‍ എല്ലാം ഓക്കേ ആകും എന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. സിനിമ കണ്ടപ്പോള്‍ എല്ലാ ആശങ്കയും മാറി. സ്ക്രീനില്‍ അതാ മനോഹരമായി മലയാളം സംസാരിക്കുന്ന ഞാന്‍. എല്ലാ ഭാവവും ഉള്‍ക്കൊണ്ട് എനിക്ക് വേണ്ടി ഡബ്ബ് ചെയ്ത കലാകാരിക്ക്….’
‘നെല്ലി’ലാണ് ആദ്യം അഭിനയിച്ചതെങ്കിലും മലയാളികള്‍ കനകദുര്‍ഗയെ ആദ്യം കണ്ടത് ‘മഴക്കാറി’ (1973) ലാണ്. കാര്യാട്ട് ചിത്രത്തിന്റെ റിലീസ് നീണ്ടുപോയതാണ് കാരണം. പി.എന്‍ മേനോന്റെ ‘മഴക്കാറി’ല്‍ മാലതിയുടെ റോളായിരുന്നു ദുര്‍ഗക്ക്. എന്നാല്‍ പടത്തിന്റെ ശീര്‍ഷകങ്ങളില്‍ കനകദുര്‍ഗയുടെ പേര് കാണില്ല. ‘ദേവി എന്ന പേരിലാണ് ആ പടത്തില്‍ അഭിനയിച്ചത്. നിര്‍മാതാവായ എസ്.കെ നായരുടെ സംഭാവനയായിരുന്നു അത്. കനകദുര്‍ഗ എന്ന പേര് മലയാളി പ്രേക്ഷകര്‍ സ്വീകരിക്കില്ല എന്ന് ചിന്തിച്ചിരിക്കണം അദ്ദേഹം.’
എന്നാല്‍ അടുത്ത പടമായ ‘നെല്ലി’ല്‍ സ്വന്തം പേരില്‍ത്തന്നെ അഭിനയിച്ചു കനകദുര്‍ഗ. ‘അമ്മയുടെ നിര്‍ബന്ധമായിരുന്നു. കാര്യാട്ട് സാര്‍ പിന്നെ മറുത്തൊന്നും പറഞ്ഞില്ല. അമ്മയ്ക്ക് മാത്രമല്ല ഞങ്ങളുടെ കുടുംബത്തിലുള്ളവര്‍ക്ക് മുഴുവന്‍ വൈകാരികമായി ഏറെ അടുപ്പമുള്ള പേരാണത്. വിജയവാഡയിലെ ഞങ്ങളുടെ വീട്ടിനടുത്തായിരുന്നു പ്രശസ്തമായ കനകദുര്‍ഗ ക്ഷേത്രം. സ്വാഭാവികമായും അടുത്ത ബന്ധുക്കളില്‍ പലര്‍ക്കും ആ പേരുണ്ട്. എനിക്കും ആ പേര് ഭാഗ്യം കൊണ്ടുവരും എന്നായിരുന്നു അമ്മയുടെ പ്രതീക്ഷ.’ എന്തായാലും ആ പ്രതീക്ഷ തെറ്റിയില്ല. വ്യാഴവട്ടത്തോളം നീണ്ടുനിന്ന കനകദുര്‍ഗയുടെ മലയാള സിനിമാജീവിതം തന്നെ അതിന്റെ ഏറ്റവും വലിയ സാക്ഷ്യം.
ആദ്യചിത്രമായ ‘മഴക്കാറി’ല്‍ പ്രശസ്തമായ ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടാന്‍ ഭാഗ്യമുണ്ടായി കനകദുര്‍ഗയ്ക്ക്: ‘മണിനാഗത്തിരുനാഗ യക്ഷിയമ്മേ..’ മണ്ണാറശാല ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഗാനചിത്രീകരണം എന്നോര്‍ക്കുന്നു അവര്‍. പിന്നീടും നിരവധി ഗാനരംഗങ്ങളില്‍ സാന്നിധ്യമറിയിച്ചു കനകദുര്‍ഗ. ‘ഏതോ ഒരു സ്വപ്ന’ത്തിലെ ഒരു മുഖം മാത്രം കണ്ണില്‍, പൂമാനം പൂത്തുലഞ്ഞേ, ശ്രീപദം വിടര്‍ന്ന സരസീരുഹത്തില്‍, ‘സിംഹാസന’ത്തിലെ പൊലിയോ പൊലി പൊലിയോ പൊലി… അങ്ങനെയങ്ങനെ. സിംഹാസനത്തിലെ പാട്ടില്‍ നൃത്തം ചെയ്യുന്നുമുണ്ട് കനകദുര്‍ഗ.
നായികാതുല്യമായ വേഷത്തില്‍ അവസാനമായി അഭിനയിച്ച ‘എന്റെ ഗ്രാമ’ (1984)ത്തിലായിരുന്നു ഏറ്റവും പ്രശസ്തമായ മറ്റൊരു ഗാനം: ‘കല്‍പ്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍ കല്‍ഹാരഹാരവുമായ് വന്നു.’ (ശ്രീമൂലനഗരം വിജയന്-വിദ്യാധരന്). എല്ലാ വരികളും ‘ക’യില്‍ തുടങ്ങുന്ന പാട്ടിലെ നായികയാകാന്‍ ‘ക’യില്‍ തുടങ്ങുന്ന പേരുള്ള നടി തന്നെ എത്തി എന്നത് വിധിനിയോഗം. സോമനാണ് പാട്ടിനൊത്ത് ചുണ്ടനക്കുന്നത്.
രവി മേനോൻ കനകദുർഗയ്ക്കൊപ്പം
സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് കനകദുര്‍ഗയുടെ വരവ്. വലിയമ്മ ജി വരലക്ഷ്മി തെലുങ്കിലെ വിഖ്യാത അഭിനേത്രി. എംജിആര്‍ ചിത്രമായ ‘എങ്ക വീട്ടു പിള്ളൈ’യില്‍ അഭിനയിച്ച രത്നയും അടുത്ത ബന്ധു. എങ്കിലും യാദൃച്ഛിമായിരുന്നു സിനിമയിലേക്കുള്ള കനകദുര്‍ഗയുടെ വരവ്. ‘പഠനത്തില്‍ പിന്നാക്കമായിരുന്നു ഞാന്‍. അതുകൊണ്ടു തന്നെ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് കുടുംബസുഹൃത്ത് കൂടിയായ സംവിധായകന് വിശ്വനാഥ് അങ്കിള്‍ ചോദിച്ചപ്പോള്‍ മറുത്തൊന്നും പറഞ്ഞില്ല. അങ്ങനെയാണ് പതിനാറാം വയസ്സില്‍ ‘പ്രൈവറ്റ് മാസ്റ്റര്‍’ (1967) എന്ന ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നത്.’ തമിഴില്‍ ആദ്യം അഭിനയിച്ചത് ‘ഒളിവിളക്കി’ല്‍. മലയാള സിനിമയാണ് കനകദുര്‍ഗയിലെ അഭിനേത്രിയെ കണ്ടെത്തിയതും അവര്‍ക്ക് അനുയോജ്യമായ വേഷങ്ങള്‍ സമ്മാനിച്ചതും. രാസലീല, തീക്കനല്‍, തെമ്മാടി വേലപ്പന്, മോഹിനിയാട്ടം, വാടകയ്ക്ക് ഒരു ഹൃദയം, ലിസ, ഉത്രാടരാത്രി, കരിമ്പന, ശക്തി, ഇടിമുഴക്കം…. അങ്ങനെ നീളുന്നു അവരഭിനയിച്ച മലയാള പടങ്ങളുടെ പട്ടിക.
കനകദുർഗ യേശുദാസിനൊപ്പം. ഫോട്ടോ: പി.ഡേവിഡ്
പ്രശസ്ത ഛായാഗ്രാഹകന്‍ ഹേമചന്ദ്രനുമായുള്ള കനകദുര്‍ഗയുടെ വിവാഹം 1981 ഫെബ്രുവരിയില്‍. ‘ഉത്രാടരാത്രി’യില്‍ തുടങ്ങിയ അടുപ്പം ‘ഏതോ ഒരു സ്വപ്ന’ത്തിലാണ് പ്രണയമായി മാറിയതെന്ന് കനകദുര്‍ഗ. മകള്‍ മാനസ ബിഗ് ബി, ജൂബിലി, കല്‍ക്കട്ട ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
‘സിനിമയില്‍ എന്റേതായ വഴിയിലൂടെ സഞ്ചരിച്ച ആളാണ് ഞാന്‍.’ -കനകദുര്‍ഗ പറയുന്നു. ‘അവസരങ്ങള്‍ക്ക് വേണ്ടി ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്ന ശീലം ഉണ്ടായിരുന്നില്ല. ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ആരുടേയും മുഖത്ത് നോക്കി പറയാന്‍ മടിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ തിരിഞ്ഞുനോക്കുമ്പോള്‍ സംതൃപ്തി മാത്രം. മകളും മരുമകനും പേരക്കിടാങ്ങളുമാണ് ഇന്നെന്റെ ലോകം. ഇവിടെ ഞാന്‍ പൂര്‍ണ സന്തുഷ്ട.’-കഴിഞ്ഞ ഒക്ടോബറില്‍ എഴുപത്തിമൂന്ന് തികഞ്ഞ നായികയുടെ വാക്കുകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]