മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനേയും നായകന്മാരാക്കി ചിത്രമൊരുക്കുന്ന തിരക്കിലാണ് സംവിധായകൻ മഹേഷ് നാരായണൻ. സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂട്ടിയും മോഹൻലാലുമെല്ലാം കൊളംബോയിലാണുള്ളത്. ഈ ചിത്രത്തിന്റെ സെറ്റിൽ നിന്നുമെടുത്ത ഒരു സെൽഫി ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്.
മാലിക് എന്ന ചിത്രത്തിനുശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ഒരു പ്രധാനവേഷത്തിലുണ്ട്. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള സെൽഫി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ചാക്കോച്ചൻ. മലയാളത്തിന്റെ ബിഗ് എംസിനൊപ്പം എന്ന തലക്കെട്ടിലാണ് അദ്ദേഹം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മഹേഷ് നാരായണൻ ചിത്രം എന്നും പോസ്റ്റിലുണ്ട്.
മോഹൻലാലിന്റെ തോളിൽ കയ്യിട്ട് ചേർത്തുപിടിച്ചിരിക്കുന്ന മമ്മൂട്ടിയാണ് ഒരു ചിത്രത്തിലുള്ളത്. ഇരുവർക്കുമൊപ്പം ചിലവിടുന്ന കുഞ്ചാക്കോ ബോബനെയാണ് മറ്റ് രണ്ട് ചിത്രങ്ങളിൽ കാണാനാവുക.
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന വിശേഷണമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിനുള്ളത്. നേരത്തേ കൊളംബോയിൽ പോകാനായി കൊച്ചിയിലെത്തിയ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ആന്റണി പെരുമ്പാവൂർ, മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, ജോർജ് എന്നിവരുടെ ദൃശ്യം ആന്റണി പെരുമ്പാവൂർ പുറത്തുവിട്ടിരുന്നു. ഇതിന് വൻ സ്വീകാര്യതയാണ് ആരാധകരിൽനിന്ന് ലഭിച്ചത്. ഇതിനുപിന്നാലെയാണിപ്പോൾ കുഞ്ചാക്കോ ബോബൻ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വൈറലായിരിക്കുന്നത്.
മുൻപ് ഹരികൃഷ്ണൻസ് എന്ന ചിത്രത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം കുഞ്ചാക്കോ ബോബൻ വേഷമിട്ടിരുന്നു. ചിത്രീകരണത്തിനായി മോഹൻലാൽ രണ്ട് ദിവസം മുമ്പേ കൊളംബോയിലെത്തിയിട്ടുണ്ട്. രണ്ട് സൂപ്പർതാരങ്ങളും താമസിക്കുന്നതും ഒരേ ഹോട്ടലിലാണെന്നാണ് റിപ്പോർട്ട്. ശ്രീലങ്കയ്ക്ക് പുറമേ യു.കെ, അസർബൈജാൻ, ദുബായ്, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]