മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ സിനിമയുടെ ചിത്രീകരണം ശ്രീലങ്കയിൽ. നീണ്ട ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണിത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന വിശേഷണമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിനുള്ളത്. ഇപ്പോൾ ഈ സിനിമയുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോ തരംഗമാവുകയാണ്.
നിർമാതാവ് ആന്റണി പെരുമ്പാവൂരാണ് ഈ വീഡിയോ പുറത്തുവിട്ടത്. കൊളംബോയിലേക്ക് പോകാൻ കൊച്ചി വിമാനത്താവളത്തിലെത്തിയ മമ്മൂട്ടിയാണ് ദൃശ്യത്തിലുള്ളത്. സൂപ്പർതാരത്തിനൊപ്പം കുഞ്ചാക്കോ ബോബൻ, ആന്റണി പെരുമ്പാവൂർ, മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, ജോർജ് എന്നിവരും ഉണ്ടായിരുന്നു. മോഹൻലാൽ രണ്ട് ദിവസം മുമ്പേ കൊളംബോയിലെത്തിയിട്ടുണ്ട്. രണ്ട് സൂപ്പർതാരങ്ങളും താമസിക്കുന്നതും ഒരേ ഹോട്ടലിലാണെന്നാണ് റിപ്പോർട്ട്.
മമ്മൂട്ടിയും മോഹൻലാലും നായകവേഷത്തിലെത്തിയ ഒടുവിലത്തെ ചിത്രം 2008 ൽ പുറത്തിറങ്ങിയ ട്വന്റി 20 ആയിരുന്നു. പിന്നീട് 2013-ൽ കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചെത്തി. എന്നാൽ ഈ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലായിരുന്നു.
ശ്രീലങ്കയ്ക്ക് പുറമേ യു.കെ, അസർബൈജാൻ, ദുബായ്, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണമുണ്ട്. ബോളിവുഡിൽനിന്നുള്ള മാനുഷ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]