ചെന്നൈ: തമിഴ്നാട്ടില്‍ താമസിക്കുന്ന തെലുങ്കരെക്കുറിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ നടി കസ്തൂരിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച ഹൈദരാബാദില്‍നിന്ന് അറസ്റ്റിലായ കസ്തൂരിയെ ചെന്നൈയിലെത്തിച്ച് ഞായറാഴ്ച എഗ്മോര്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കുകയായിരുന്നു. ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് പുഴല്‍ ജയിലിലേക്കു മാറ്റി.
തമിഴ്നാട്ടിലുള്ള തെലുങ്കര്‍ പണ്ട് രാജാക്കന്മാരുടെ അന്തഃപുരത്തില്‍ ദാസ്യവേലയ്ക്ക് വന്നവരാണെന്നും ഇവര്‍ ഇപ്പോള്‍ തമിഴരാണെന്ന് അഭിമാനം കൊള്ളുകയാണെന്നുമായിരുന്നു ഒരു യോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ കസ്തൂരി പറഞ്ഞത്. ഇതിന്റെപേരില്‍ എഗ്മോര്‍ പോലീസ് കേസെടുത്തതോടെ ഒളിവില്‍പ്പോയ കസ്തൂരിയെ സിനിമാ നിര്‍മാതാവ് ഹരികൃഷ്ണന്റെ ഹൈദരാബാദിലെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
നേരത്തേ കസ്തൂരി സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. വിദ്വേഷപ്രസംഗം നടത്തിയിട്ട് ക്ഷമാപണം നടത്തിയതുകൊണ്ടുമാത്രം കാര്യമില്ലെന്ന് കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് അറസ്റ്റ് ചെയ്യാന്‍ പോലീസ് നടപടി ഊര്‍ജിതമാക്കിയത്. മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയതിനുശേഷം ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ അരാജകഭരണം നീണാള്‍ വാഴട്ടെയെന്ന് കസ്തൂരി മുദ്രാവാക്യം മുഴക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]