മഞ്ജു വാരിയരുടെ നൃത്താധ്യാപകനായിരുന്ന എന്‍.വി. കൃഷ്ണന് തന്റെ പ്രിയശിഷ്യയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ കഴിഞ്ഞ ദിവസം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത വായിച്ച മഞ്ജു വാരിയരുടെ മറുമൊഴി;
പ്രിയപ്പെട്ട കൃഷ്ണന്മാഷ് ‘മാതൃഭൂമി’യിലൂടെ പങ്കുവച്ച ഓര്മ ഒരു സുഹൃത്ത് അയച്ചുതന്നു. വായിച്ചപ്പോള്‍ സന്തോഷവും അഭിമാനവും തോന്നി. അദ്ദേഹത്തിന്റെ സ്നേഹത്തിനുമുന്നില്‍ ആദരവോടെ പ്രണമിക്കുന്നു.
കലോത്സവങ്ങളിലേക്ക് കൈപിടിച്ച ഗുരുവിന്റെ വാക്കുകളിലൂടെ ഞാന്‍ വീണ്ടും ആ നാളുകളിലേക്ക് പോയി. വൃശ്ചികമാസത്തിനൊപ്പം എല്ലാവര്‍ഷവും മനസ്സിലേക്ക് വരുന്ന കുറേ നല്ല സ്മരണകളുടെ തണുപ്പാണ് എനിക്ക് സ്കൂള്‍ കലോത്സവങ്ങള്‍. എന്റെ ചുവടുകളുറച്ചത് അവിടെനിന്നാണ്. അതുകൊണ്ടുതന്നെ ഞാന്‍ ഈ മഹാമേളയോട് ഏറെ കടപ്പെട്ടിരിക്കുന്നു.
അതിന്റെ ഒരു പങ്കെങ്കിലും തിരികെ കൊടുക്കണമെന്ന ആഗ്രഹത്തോടെയാണ് കലോത്സവത്തില്‍ മികവുകാട്ടിയ കുറച്ച് നര്‍ത്തകര്‍ക്ക് പഠനസഹായം നല്കിയതും വീട് എന്ന, അവരില്‍ ചിലരുടെ സ്വപ്നം പൂര്‍ത്തിയാക്കാന്‍ കൂടെ നിന്നതും. അവരൊക്കെ ഇപ്പോഴും നൃത്തംചെയ്യുന്നുവെന്നറിയുന്നത് ഏറെ സന്തോഷം നല്കുന്നു.
Also Read
‘മഞ്ജു ഇപ്പോഴും വിളിക്കും, ലേഡി സൂപ്പർസ്റ്റാർ …
അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ടാണ് ഞാന്‍ കുറേക്കാലം കണ്ണൂര്ക്കാരിയായത്. അക്കാലത്താണ് കലോത്സവങ്ങളില്‍ പങ്കെടുത്തതും. കണ്ണൂരില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണ് പയ്യന്നൂര്‍. അവിടത്തെ അമ്പലമൈതാനത്ത് ഞാന്‍ നൃത്തംചെയ്ത കാര്യം കൃഷ്ണന് മാഷ് ഓര്‍മിച്ചത് വായിച്ചപ്പോള്‍ പോയകാലം തിരികെവന്നതുപോലെ.
പയ്യന്നൂരില്‍നിന്ന് ഒരുപാട് പ്രതിഭകള്‍ സംസ്ഥാന കലോത്സവ വേദിയിലേക്കും ലോകത്തിന്റെ പലയിടങ്ങളിലുള്ള അരങ്ങുകളിലേക്കും വളരട്ടെ. ഒരു പഴയ കലോത്സവക്കുട്ടിയുടെ ആശംസകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]