
യൂനിസെഫ് അംബാസഡർ എന്ന നിലയിൽ ഇന്ത്യയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനെത്തിയതാണ് മുൻ ഇംഗ്ലീഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാം. കഴിഞ്ഞദിവസം നടന്ന ഇന്ത്യ-ന്യൂസിലൻഡ് ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനൽ കാണാനും അദ്ദേഹം എത്തിയിരുന്നു. തിരിച്ച് വിമാനം കയറും മുമ്പേ നടൻ ഷാരൂഖ് ഖാന്റെ വീട്ടിൽ അതിഥിയായെത്തുകയും ചെയ്തു അദ്ദേഹം.
മുംബൈ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ബെക്കാം ഷാരൂഖ് ഖാന്റെ വീട്ടിലെത്തിയത്. നിരവധി ആഡംബര കാറുകളുടെ അകമ്പടിയോടെയായിരുന്നു മന്നത്തിലേക്കുള്ള ഡേവിഡ് ബെക്കാമിന്റെ വരവ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. ഷാരൂഖ് ഖാന്റെ ആരാധകരുടെ പേജുകളിലാണ് ദൃശ്യം സജീവമായി പ്രചരിക്കുന്നത്.
മന്നത്തിലെത്തുന്നതിന് മുമ്പ് മുകേഷ് അംബാനിയേയും കുടുംബത്തേയും ഡേവിഡ് ബെക്കാം സന്ദർശിച്ചിരുന്നു. അംബാനി സംഘടിപ്പിച്ച സത്കാരത്തില് ബെക്കാം പങ്കെടുത്തു. അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലിയയിലായിരുന്നു പാർട്ടി. മുകേഷ് അംബാനിക്കും കുടുംബത്തിനുമൊപ്പം ബെക്കാം നിൽക്കുന്ന ചിത്രം മുംബൈ ഇന്ത്യൻസ് ഔദ്യോഗിക എക്സ് പേജിലൂടെ പുറത്തുവിട്ടിരുന്നു.
സോനം കപൂറും ഭർത്താവ് ആനന്ദ് അഹൂജയും ചേർന്ന് നടത്തിയ പാർട്ടിയിലും ഡേവിഡ് ബെക്കാം പങ്കെടുത്തിരുന്നു. ബോളിവുഡ് താരങ്ങളായ കരിഷ്മ കപൂർ, അർജുൻ കപൂർ, മലൈക അറോറ, കിയാര അദ്വാനി, സിദ്ധാർഥ് മൽഹോത്ര, എന്നിവരും ഈ ആഘോഷത്തിലുണ്ടായിരുന്നു. മറക്കാനാവാത്ത അനുഭവമായിരുന്നു ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ യാത്രയെന്ന് ബി.സി.സി.ഐക്ക് നൽകിയ അഭിമുഖത്തിൽ ബെക്കാം പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]