
കൊല്ലത്തെ ഒരു കമ്മ്യൂണിറ്റി റേഡിയോയുടെ മൈക്കിനു മുന്നിലിരിക്കുമ്പോഴാണ് കൊല്ലം തുളസിയെ കാണുന്നത്. ‘ദി കിംഗി’ല്‍ മമ്മൂട്ടിയുടെ മുഖത്ത് നോക്കി നിറവായില്‍ നാലുവാക്ക് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആളാവുന്ന മന്ത്രിയാണ് മനസിലെത്തിയത്. ജോസഫ് അലക്സായി നിറഞ്ഞാടുന്ന മമ്മൂട്ടിയുടെ ചൂടന്‍ ഡയലോഗ് കേള്‍ക്കാന്‍ ചെവിയില്‍ ഹിയറിംഗ് എയ്ഡ് തിരുകുന്ന ശങ്കരാടിയുടെ മന്ത്രി കഥാപാത്രം. ഡയലോഗിനുമുന്നില് ചമ്മുന്ന തുളസിചേട്ടന്. എല്ലാം നിമിഷനേരം കൊണ്ട് മനസിലോടിയെത്തി.
നായക കഥാപാത്രങ്ങളുടെ കരുത്ത് കാണിക്കാന്‍ കട്ടയ്ക്ക് നില്ക്കുന്ന എതിര് കഥാപാത്രങ്ങള്‍ വേണം. പലപ്പോഴും തുളസിച്ചേട്ടന് റോള്‍ അതായിരുന്നു. മറിച്ചൊരു റോള്‍ കൊടുത്ത് ആ നടനജീവിതത്തിന്റെ മറ്റ് കഴിവുകള്‍ പുറത്ത് കൊണ്ടുവരുവാന്‍ മലയാള സിനിമ ശ്രമിച്ചിട്ടുമില്ല. നാടകാഭിനയത്തിലൂടെ അഭിനയത്തിന്റെ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കി, അതിലൂടെ സിനിമയുടെ ചുവടുകള്‍ കയറിയ ഇദ്ദേഹത്തിന് അഭിനയമിന്നും പുതുമയുള്ളതു തന്നെ. അതിനായി ജീവിതത്തില്‍ കെട്ടിയാടേണ്ടിവന്ന വേഷങ്ങള്‍ തുളസിയിലെ കലാകാരന് കൂടുതല്‍ ഊര്‍ജ്ജവും കരുത്തും പകര്‍ന്നു.
ചുറ്റിലും കാണുന്ന സംഭവങ്ങളെ നര്‍മ്മം ചാലിച്ച് കോര്‍ത്തിണക്കി ചിരിപ്പിക്കുന്ന ഹാസ്യസാഹിത്യക്കാരന്, പരാജിതരുടെ ചരിത്രപുസ്തകം വിഷയമാക്കിയ കവിതയെഴുതി, സ്വഭാവ നടന്! വൈവിദ്ധ്യമാര്‍ന്ന വേഷങ്ങള്‍ അവതരിപ്പിച്ച അഭിനേതാവ്, റേഡിയോ പ്രക്ഷേപണരംഗത്ത് സ്വതസിദ്ധമായ ശബ്ദഗാം ഭീര്യവും ശബ്ദനിയന്ത്രണവും കൊണ്ട് ശ്രോതാക്കളിലേക്ക് കഥാപാത്രങ്ങളെ വിന്യസിപ്പിക്കുന്ന ശബ്ദകലാകാരന്… വിശേഷങ്ങള്‍ പലതുണ്ടീ നടന്.
കവിയും സാമുഹ്യ പ്രവര്‍ത്തകനുമായിരുന്ന ശാസ്ത്രി. പി.എസ്. നായരുടെയും കൊട്ടാരക്കര വെളിയം സ്വദേശി ഭാരതിയമ്മയുടേയും ആറുമക്കളില്‍ രണ്ടാമനായിരുന്നു തുളസി. പ്രാക്കുളം ഗവ.എല്‍.പി.എസ്സ്. എം.ജി.എസ്സ്. യു.പി.എസ്സ്. പ്രാക്കുളം എന്‍. എസ്സ്.എസ്സ് എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കൊല്ലം ഫാത്തിമാമാതാ നാഷണല്‍ കോളേജിലും മൈസൂര്‍ യൂണിവേഴ്സിറ്റിയിലും പഠിച്ച് ചരിത്രത്തില്‍ മാസ്റ്റര്‍ ഡിഗ്രിയും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കി, ഇരുപത്തൊന്നാം വയസ്സില്‍ മുനിസിപ്പല്‍ സര്‍വ്വീസില്‍ ക്ലാര്‍ക്കായി ജീവിതം ആരംഭിച്ചു. കേരളത്തില്‍ അങ്ങോളമിങ്ങോളം പത്തോളം നഗരസഭകളില്‍ സേവനം അനുഷ്ഠിച്ച് 2004 ല്‍ തിരുവനന്തപുരം നഗരസഭയില്‍ നിന്നും ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചു. ഔദ്യോഗിക ജീവിതം ഇങ്ങിനെയാണ്.
ക്ലബ് നാടകങ്ങളില്‍ നിന്നും അമച്വര്‍ നാടകവേദികളിലേയ്ക്കും അവിടെ നിന്നും ആകാശവാണിയുടെ ശബ്ദ ലോകത്തേക്കും സഞ്ചരിച്ചാണാ കലാജീവിതം അടിയുറപ്പിക്കുന്നത്. 1979 ല്‍ സുഹൃത്തുകൂടിയായ ഹരികുമാര്‍ സംവിധാനം ചെയ്ത ആമ്പല്പൂവിലൂടെയാണ് സിനിമയില്‍ തുടക്കം. ശ്രീകുമാരന്‍ തമ്പിയുടെ യുവജനോത്സവത്തിലെ എസ് ഐ സ്റ്റീഫന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.തുടര്‍ന്ന് ശ്രീകുമാരന്‍ തമ്പിയുടെ അമ്മേ ഭഗവതി എന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ ലഭിച്ചു.
സിനിമയില്‍ കൂടുതലും രാഷ്ട്രീയ വേഷങ്ങളാണ് ചെയ്തതെങ്കിലും അവയിലെല്ലാം സ്വതസിദ്ധമായൊരു ശൈലി പകരാന്‍ കഴിഞ്ഞു. ആഗസ്ത് 1 ലെ എം. എല്‍. എ. പാപ്പച്ചന്, പതാകയിലെ മന്ത്രി ജോണിസേവിയര്, ധ്രുവത്തിലെ എം. എല്‍. എ. ചേക്കുട്ടി, ലയണിലെ മന്ത്രി ദിവാകരന്, ദി കിങിലെ മന്ത്രി ജോണ്‍ വര്‍ഗീസ്, ലേലത്തിലെ പാപ്പിച്ചന്‍, തമിഴ് ചിത്രം അരുളിലെ മന്ത്രി സേതുപതി തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹത്തിലെ വ്യത്യസ്തനായ രാഷ്ട്രീയക്കാരനെ നമ്മള് കണ്ടു. ടെലിവിഷന്‍ സീരിയലുകളിലും ശ്രദ്ധേയസാന്നിദ്ധ്യമായിരുന്നു. 250 ല്‍ പരം സിനിമകളിലും അത്രയും തന്നെ റേഡിയോ ടെലിവിഷന്‍ പരമ്പരകളിലുമാണ് അഭിനയിച്ചത്. 2008 ല്‍ കടമുറ്റത്തു കത്തനാര് എന്ന മെഗാ പരമ്പരയിലെ മന്ത്രവാദിയുടെ വേഷത്തിനു ഏറ്റവും മികച്ച രണ്ടാമത്തെ നടനും ഏറ്റവും നല്ല സീരിയല്‍ നടനുമുള്ള കേരളം ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. രണ്ട് തമിഴ് സിനിമകളില്‍ പ്രധാന പ്രതിനായകനായും (അരുള്‍, സാമുറായി) മോഹിതമെന്ന മലയാളസിനിമയില്‍ നായകനായും അഭിനയിച്ചു.
വില്ലത്തരം ഈ നടന് കഥാപാത്രമാവുമ്പോള്‍ മാത്രമാണ്. ജീവിതത്തില്‍ സൗമ്യ വ്യക്തിത്വത്തിനും സഹായമനസ്സിനും ഉടമയാണ്. ഇപ്പോള്‍ തന്നെ ഈ കമ്മ്യൂണിറ്റി റേഡിയോയില്‍ വന്നിരുന്നു ക്യാന്‍സര്‍ ബാധിച്ച് ജീവിതം ദുരിതമായ ഒരു അമ്മയെ സാന്ത്വനവാക്കുകള്‍ കൊണ്ട് ഊര്‍ജ്ജം പകരുകയായിരുന്നു അദ്ദേഹം. അതിനാണ് ഞങ്ങള്‍ സാക്ഷ്യം വഹിച്ചത്. ഇവിടെ കിംഗിലെ ജോണ്‍വര്‍ഗീസ് ജീവിതത്തിലെ കൊല്ലം തുളസിയായി മാറുന്നു. അഭിനയ ജീവിതത്തിനിടയില്‍ പിടിപെട്ട ക്യാന്‍സര്‍ എന്ന വില്ലനെ ധൈര്യപൂര്‍വം പൊരുതി തോല്‍പ്പിച്ച തുളസി ഈ കാര്യത്തില്‍ നായക വേഷത്തിലാണ്. ക്യാന്‍സര്‍ രോഗികളുടെയും അനാഥരുടെയും പുനരധിവാസത്തിലും ആത്മീയതയിലുമാണ് ഇപ്പോള്‍ ശ്രദ്ധ. മാരകമായ ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മറ്റ് വാര്‍ദ്ധക്യകാല അസുഖങ്ങള്‍ക്കൊന്നും തന്നെ തോല്പ്പിയ്ക്കാന് ആവില്ലായെന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് എഴുപത്തിയാറാം വയസ്സിലേയ്ക്ക് കടക്കുന്നു അദ്ദേഹം. യൂറിന്‍ തെറാപ്പിയും ധൈര്യോതെറാപ്പിയുമാണ് ഇപ്പോഴെന്റെ മരുന്നെന്നാണ് കൊല്ലം തുളസി പറയുന്നത്.
ചെറുപ്പം മുതലേ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ആഭിമുഖ്യം പുലര്‍ത്തുന്ന തുളസി സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള നിരവധി അഭയകേന്ദ്രങ്ങളിലും സാന്ത്വന സംഘടനകളിലും കൊല്ലത്തെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ട്രസ്റ്റിലും ഭാരവാഹിയായും പ്രവര്‍ത്തിക്കുന്നു. കണ്ണൂര്‍ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന ഹോപ്പ് എന്ന കാരുണ്യ സംഘടനയുടെ വൈസ് പ്രസിഡന്റ് ആണ്. യൂറിന്‍ തെറാപ്പിയില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇദ്ദേഹം കേരളത്തിലെ യൂറിന്‍ തെറാപ്പിയുടെ ബ്രാന്‍ഡ് അംബാസിഡര്കൂടിയാണ്. സാംസ്കാരിക വേദികളില്‍ സ്ഥിരം സാന്നിധ്യവുമാണ്. അക്ഷരങ്ങളെ സ്നേഹിക്കുന്ന വായനയേയും എഴുത്തിനെയും ഇഷ്ടപ്പെടുന്ന തുളസി സാഹിത്യരംഗത്തുമുണ്ട്. തുളസിയുടെ കഥകള്‍, തുളസിയുടെ കവിതകള്‍, തുളസിയുടെ ഫലിതങ്ങള്‍ ,തുളസിയുടെ നര്‍മ്മങ്ങള്‍, തുളസിയുടെ തമാശകള്‍ ,എട്ടുകാലി ,കഥപോലൊരു ജീവിതം, ജാനു പുരാണം തുടങ്ങി പതിനഞ്ച് രചനകളാണ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം വലിയ ശാലയിലെ വീട്ടില്‍ സ്വന്തം ആത്മകഥ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അത്മായനത്തിന്റെ അവസാന ഭാഗ പൂര്‍ത്തീകരണത്തിലുള്ള തിരക്കുകളാണിപ്പോള് ഈ കലാകാരന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]