അന്തരിച്ച ചലച്ചിത്ര നിർമാതാവ് പി.വി. ഗംഗാധരന് ആദരാഞ്ജലികളുമായി സിനിമാലോകം. നടൻ ജയറാം, മധുപാൽ, നിർമാതാക്കളായ ആന്റോ ജോസഫ്, കെ.ടി. കുഞ്ഞുമോൻ, സംവിധായകൻ ജി. മാർത്താണ്ഡൻ തുടങ്ങി നിരവധിപേർ അദ്ദേഹത്തിന് സാമൂഹിക മാധ്യമങ്ങൾ വഴി അന്ത്യാഞ്ജലിയർപ്പിച്ചു.
ഞങ്ങളുടെ കുടുംബത്തിന് നിരന്തരമായ പിന്തുണയായതിന് നന്ദി ഗംഗേട്ടാ എന്നാണ് നടൻ ജയറാം ഫെയ്സ്ബുക്കിൽ കുറിച്ചത്. ഞങ്ങളുടെ ഹൃദയങ്ങളിൽ തുടർന്നും ജീവിക്കുകയും നിങ്ങളുടെ ചാരുത പടർത്തുകയും ചെയ്യുക എന്നും ജയറാം എഴുതി.
പി.വി ഗംഗാധരന്റെ നിര്യാണത്തോടെ മലയാള സിനിമയിലെ നിർമ്മാതാക്കളുടെ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ അധ്യായങ്ങളിലൊന്നാണ് പൂർണമാകുന്നതെന്ന് നിർമാതാവ് ആന്റോ ജോസഫ് എഴുതി. മാതൃഭൂമി എന്ന വലിയ പ്രസ്ഥാനത്തിന്റെയും കോൺഗ്രസ് പാർട്ടിയുടെയും നേതൃനിരയിൽ പ്രവർത്തിക്കുമ്പോഴും പ്രിയപ്പെട്ട പി.വി.ജി എന്നും സിനിമയെ സ്നേഹിച്ചു. സിനിമയിലെ പല തലമുറയിലെ ചലച്ചിത്രപ്രവർത്തകർക്ക് അവസരങ്ങളുടെ പാത തുറന്നു കൊടുത്തയാളാണ് അദ്ദേഹം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിലൂടെ അങ്ങനെ താരങ്ങൾ ഉദിച്ചു, സംവിധായകർ ജനിച്ചു. വ്യക്തിപരമായി അദ്ദേഹം തനിക്ക് ജ്യേഷ്ഠസഹോദരനെപ്പോലെയായിരുന്നുവെന്നും ആന്റോ ജോസഫ് കൂട്ടിച്ചേർത്തു.
നാലു പതിറ്റാണ്ടിലേറെ കാലത്തെ തൻ്റെ ഉറ്റ സുഹൃത്തും അഭ്യുദയാകാംക്ഷിയുമായ പി വി.ഗംഗാധരൻ്റെ വേർപാടിൽ അത്യധികം ദുഃഖിക്കുന്നുവെന്ന് പ്രശസ്ത തമിഴ് ചലച്ചിത്ര നിർമാതാവ് കെ.ടി. കുഞ്ഞുമോൻ ഫെയ്സ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കു ചേരുന്നു. പരേതാത്മാവിൻ്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും കുഞ്ഞുമോൻ എഴുതി.
ഗൃഹലക്ഷ്മി എന്ന ബാനർ മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ പറ്റില്ലെന്ന് സംവിധായകൻ ജി. മാർത്താണ്ഡൻ അനുശോചിച്ചു. ആ ബാനറിൽ ഒട്ടേറെ മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ചത് പി വി ഗംഗാധരൻ സാർ എന്ന നിർമ്മാതാവാണ്. വലിപ്പച്ചെറുപ്പം ഇല്ലാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ച ഒരു മനുഷ്യസ്നേഹി. സാർ നിർമ്മിച്ച സിനിമകളിലൂടെ ജനഹൃദയങ്ങളിൽ എന്നും ജീവിക്കും. മാർത്താണ്ഡൻ പറഞ്ഞു.
മലയാളത്തിൽ ഏറെ പ്രശസ്തമായ ചലച്ചിത്രങ്ങൾ നിർമിച്ച ഒരു കലാകാരന്റെ വേർപാട് ഒരു വലിയ നഷ്ടമാണെന്ന് നടനും സംവിധായകനുമായ മധുപാൽ എഴുതി. മനുഷ്യരോട് ഇത്രമേൽ സ്നേഹത്തോടെ കരുതലോടെ പെരുമാറുന്ന ഒരു വ്യക്തിയോടുള്ള ആദരവോടെ ആദരാഞ്ജലികളർപ്പിക്കുന്നുവെന്നും മധുപാൽ കുറിച്ചു.
വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു പി.വി.ഗംഗാധരന്റെ അന്ത്യം. പൊതുദർശനം കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ ഇന്ന് വൈകിട്ട് മൂന്ന് മുതൽ നടക്കും. സംസ്ക്കാരം ശനിയാഴ്ച വൈകിട്ട് ആറിന് ആഴ്ചവട്ടത്തെ വീട്ടുവളപ്പിൽ. മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച, ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു അദ്ദേഹം.
Content Highlights: pv gangadharan passed away, remembering pv gangadharan
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]