
ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങ് രണ്ട് സംഭവങ്ങൾകൊണ്ടാണ് വാർത്തകളിൽ ഇടംപിടിച്ചത്. നടൻ അലൻസിയർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശവും മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ നടൻ ഭീമൻ രഘു എഴുന്നേറ്റുനിന്നതുമായിരുന്നു അവ. ഈ വിഷയത്തിൽ അലൻസിയർക്കെതിരെ വിമർശനമാണുയരുന്നതെങ്കിൽ ഭീമൻ രഘുവിനെതിരെ ട്രോളുകളാണ് വരുന്നത്. ഇപ്പോഴിതാ നടി രചന നാരായണൻകുട്ടി സംഭവവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കാർട്ടൂൺ ശ്രദ്ധനേടുകയാണ്.
ഡിജി ആർട്സ് വരച്ച കാർട്ടൂണും ചെറുകുറിപ്പുമാണ് രചന പോസ്റ്റ് ചെയ്തത്. അഞ്ച് ശില്പങ്ങളാണ് കാർട്ടൂണിലുള്ളത്. ഇതിൽ ഇടതും വലതുമുള്ള ശില്പങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തേയാണ് പ്രതിനിധീകരിക്കുന്നതെങ്കിൽ നടുവിലുള്ള ശില്പം അവാർഡ് വിതരണച്ചടങ്ങിലെ ഭീമൻ രഘുവിന്റെ നില്പിനെ ഓർമിപ്പിക്കുന്നതാണ്. അലൻസിയറെ ടാഗ് ചെയ്തുകൊണ്ടാണ് രചന ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ അദ്ദേഹത്തെ പരിഹസിക്കുന്നത്.
‘‘എന്തൊരു നല്ല പ്രതിമ അല്ലേ. അയ്യോ, പ്രതിമ അല്ല പ്രതിഭ !! ഡിജി ആർട്സിന്റെ കലാപ്രതിഭയ്ക്ക് ആശംസകൾ. അലൻസിയർ ലെ ലോപ്പസിന് ഈ “പ്രതിഭ” മതിയാകുമോ എന്തോ!!!’’ എന്നാണ് രചനയുടെ പരിഹാസം.
‘നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്. സ്പെഷ്യൽ ജൂറി അവാർഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്പെഷ്യൽ ജൂറിക്ക് സ്വർണം പൂശിയ പ്രതിമ തരണം. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും’, എന്നായിരുന്നു അലൻസിയറുടെ വാക്കുകൾ.
വ്യാഴാഴ്ച വൈകിട്ടായിരുന്നു 2022-ലെ സംസ്ഥാന ചലച്ചിത്രപുരസ്കാര വിതരണം നിശാഗന്ധിയിൽ നടന്നത്. കുഞ്ചാക്കോ ബോബനും വിൻസി അലോഷ്യസും ഉൾപ്പെടെ ഒട്ടുമിക്ക പുരസ്കാര ജേതാക്കളും ചടങ്ങിനെത്തിയിരുന്നു. ഉദ്ഘാടന പ്രസംഗം നടത്താനായി മുഖ്യമന്ത്രിയെത്തിയതോടെയാണ് ഭീമൻ രഘു എഴുന്നേറ്റ് നിന്നത്. മുഖ്യമന്ത്രി സംസാരിച്ച 15 മിനിറ്റും നടൻ സദസിൽ എഴുന്നേറ്റ് നിൽക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോൾ പുഞ്ചിരിയോടെ നല്ലൊരു കയ്യടിയും നൽകിയാണ് ഭീമൻ രഘു കസേരയിലിരുന്നത്.
രണ്ടുമാസം മുമ്പാണ് ഭീമൻ രഘു ബി.ജെ.പി വിട്ട് സി.പി.എമ്മിനൊപ്പം ചേർന്നത്. അന്ന് താരം എ.കെ.ജി സെന്റർ സന്ദർശിച്ച ശേഷം പുറത്തിറങ്ങിയത് ചെങ്കൊടി പുതച്ച്, സഖാക്കളേ മുന്നോട്ട് എന്ന പ്രശസ്തമായ ഗാനവും ആലപിച്ചുകൊണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]