ദേവദൂതന്, സ്ഫടികം സിനിമകള്‍ റീമാസ്റ്റര്‍ ചെയ്ത് റിലീസായത് വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്. ഓഗസ്റ്റ് 17-ന് ‘മണിച്ചിത്രത്താഴി’ന്റെ ഫോര്‍ കെ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് റിലീസ് ചെയ്യും. പഴയ സിനിമകള്‍ ഉയര്‍ന്ന ദൃശ്യനിലവാരത്തില്‍ കാണാന്‍ സാധിക്കുന്നത് സിനിമാ പ്രേമികളെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ എന്താണ് റീമാസ്റ്ററിങ്, അതിന്റെ പിന്നില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണന്നത് അറിയാന്‍ പലര്‍ക്കും കൗതുകമുണ്ടാവും. ഒരു പഴയ ചിത്രം ഫിലിമില്‍ നിന്നും ഡിജിറ്റലിലേക്ക് കണ്‍വെര്‍ട്ട് ചെയ്ത് ഫോര്‍ കെ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് തയ്യാറാക്കാന്‍ ശരാശരി 4.5 ലക്ഷം രൂപ ചെലവ് വരും. ഇത് തന്നെ തീയേറ്ററില്‍ ഇറക്കാനുള്ള പതിപ്പാണ് തയ്യാറാക്കേണ്ടതെങ്കില്‍ ചെലവ് പിന്നെയും കൂടും. 2023-ല്‍ സ്ഫടികം ഇങ്ങനെ ചെയ്ത് റീ റിലീസ് ചെയ്യാന്‍ ഒരു കോടി ചെലവായെന്നാണ് വിവരം.
2011-12 കാലത്താണ് പൂര്‍ണ്ണമായും മലയാള ചിത്രങ്ങള്‍ ഫിലിമില്‍ നിന്നും ഡിജിറ്റലിലേക്ക് മാറുന്നത്. അതിന് മുന്‍പ് ഒരു സിനിമ ചിത്രീകരണം കഴിഞ്ഞ് എഡിറ്റിങ്ങെല്ലാം പൂര്‍ത്തിയായാല്‍ ഫിലിമില്‍ തന്നെയാണ് അതിന്റെ ഫസ്റ്റ് കോപ്പി അല്ലെങ്കില്‍ നെഗറ്റീവ് പ്രിന്റ് എടുക്കുന്നത്. ഈ നെഗറ്റീവ് പ്രിന്റില്‍ നിന്ന് മറ്റ് ഫിലിമുകളിലേക്ക് കോപ്പി ചെയ്ത് എടുക്കുന്നതാണ് പോസിറ്റീവ് പ്രിന്റുകള്‍. ഇവയാണ് തീയേറ്റര്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. നെഗറ്റീവ് പ്രിന്റ് മിക്കവാറും സൂക്ഷിക്കുക ലാബുകളില്‍ തന്നെയാവും. ആദ്യ കാലത്ത് ടീവിയില്‍ കാണുന്നതിനായി ഈ ഫിലിമുകളിലെ സിനിമകള്‍ വി.എച്ച്.എസ് പോലെയുള്ള ടേപ്പ് ക്യാസറ്റുകളിലേക്ക് പകര്‍ത്തിയിരുന്നു. പക്ഷേ ഇതിന് ക്ലാരിറ്റി കുറവാണ്. പിന്നീട് ഡിജിബേറ്റ ക്യാസറ്റ്സ്, ഡിജിറ്റല്‍ ഫോര്‍മാറ്റുകള്‍ അങ്ങനെ നല്ല ക്ലാരിറ്റിയില്‍ സിനിമകള്‍ കോപ്പി ചെയ്ത് ഉപയോഗിക്കാനുള്ള സംവിധാനങ്ങളെത്തി. പക്ഷേ അവയെല്ലാം ഫിലിമുകളെ ഡിജിറ്റല്‍ കണ്‍വേര്‍ഷന്‍ മെഷീനുകള്‍ ഉപയോഗിച്ച് സാധാരണ രീതിയില്‍ പകര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഡിജിറ്റലിന്റെ വരവോടുകൂടി ഒരു പരിധിവരെ ഫിലിമില്‍ നിന്ന് പകര്‍ത്തുന്ന ചിത്രങ്ങള്‍ നല്ല നിലവാരത്തിലുള്ള കാണാന്‍ സാധിച്ചിട്ടുണ്ട്. പക്ഷേ അതിനും ഒട്ടേറെ പോരായ്മകളുണ്ട്.
വിവിധ ഘട്ടങ്ങള്‍
ഫോര്‍ കെ റീമാസ്റ്ററിങ് വിവിധ ഘട്ടങ്ങളിലൂടെ ധാരാളം സമയമെടുത്ത് ചെയ്യുന്ന പ്രക്രിയയാണ്. പ്രാരംഭ ഘട്ടങ്ങള്‍ മുഴുവന്‍ ഫിലിം ലാബുകളില്‍ തന്നെയാണ് ചെയ്യുന്നത്. ആദ്യഘട്ടം ഫിലിം റീസ്റ്റോറേഷനാണ്. ഇതില്‍ സിനിമയുടെ നെഗറ്റീവ് സിന്റല്‍ ഫിലിം സ്കാനര്‍ ഉപയോഗിച്ച് ഡിജിറ്റലിലേക്ക് കണ്‍വേര്‍ട്ട് ചെയ്യും. പരമാവധി നിലവാരത്തിലാണ് ഈ കണ്‍വേര്‍ഷന്‍ നടത്തുക. അങ്ങനെ ലഭിക്കുന്ന ഡിജിറ്റല്‍ ഫയലിനെ വിവിധ വീഡിയോ എഡിറ്റിങ് സോഫ്റ്റ്വെയറുകളുടെ സഹായത്തോടുകൂടി പോരായ്മകള്‍ പരിഹരിച്ച് എടുക്കുകയാണ് അടുത്തഘട്ടം. ചിത്രത്തിന്റെ പൊട്ടലും പൊരിച്ചിലുകളും മാറ്റിയെടുത്ത് ക്ലിയറാക്കിയെടുക്കും. ലഭിക്കുന്ന നെഗറ്റീവിന്റെ ഗുണനിലവാരമനുസരിച്ച് ജോലി കൂടുകയും കുറയുകയും ചെയ്യും. ഫ്രെയിം ബൈ ഫ്രെയിം ഇതിന്റെ വര്‍ക്ക് കഴിഞ്ഞാല്‍ പിന്നെ കളര്‍ കറക്ഷന് നടത്തുകയാണ്. ഫിലിമിലെ ചിത്രങ്ങളുടെ കളര്‍ ചിലപ്പോള്‍ മങ്ങിയിട്ടുണ്ടാകും, പല സീനുകളിലും കളറിന് വ്യത്യാസങ്ങള്‍ വന്നിരിക്കാം. ഇവയെല്ലാം പരിഹരിച്ച് സിനിമയ്ക്ക് അനുയോജ്യമായ രീതിയില്‍ വര്‍ക്ക് ചെയ്തെടുക്കും. പിന്നെ അപ്സ്കേലിങ്, എന്‍ഹാന്‍സ്മെന്റ് തുടങ്ങിയ പണികളാണ് ചെയ്യുക. സിനിമയില്‍ ഗ്രാഫിക്സ് ഉപയോഗിച്ച് മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അത് ചെയ്യും. മൊത്തത്തില്‍ ചിത്രത്തിന്റെ നിലവാരം പരമാവധി ഉയര്‍ത്തി എടുക്കും. ഇതിനൊപ്പം ശബ്ദത്തിന്റെ നിലവാരം ഉയര്‍ത്താനും പ്രശ്നങ്ങളുണ്ടെങ്കില്‍ ശരിയാക്കാനുമുള്ള പ്രവര്‍ത്തനങ്ങളും സമാന്തരമായി നടക്കും. ഓരോ സീനുകളും സൂക്ഷ്മതയോടെ ചെയ്യണമെന്നതിനാല്‍ മാസങ്ങളെടുക്കും ഒരു സിനിമ പൂര്‍ത്തിയാക്കണമെങ്കില്‍. തീയേറ്റര്‍ റിലീസ് ചെയ്യാതെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കാന്‍ വേണ്ടി മാത്രം റീമാസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ കുറച്ച് പണി കുറയും. എങ്കിലും വളരെ സമയമെടുത്ത് മാത്രമേ അതും ചെയ്യാന്‍ സാധിക്കുകയുള്ളു.
റീമാസ്റ്ററിങ് എന്തിന്
റീമാസ്റ്ററിങ്ങിലൂടെ പഴയ ചിത്രങ്ങള്‍ മികച്ച നിലവാരത്തില്‍ വീണ്ടും കാണാം എന്നതിലുപരി വേറെയും വിഷയങ്ങളുണ്ട്. ഫിലിം നെഗറ്റീവുകള്‍ കൃത്യമായി സൂക്ഷിച്ചില്ലെങ്കില്‍ നശിച്ചുപോകും. ഇത്തരത്തില്‍ മലയാളത്തില്‍ വലിയ വിജയങ്ങളായി സിനിമകളുടെ ഉള്‍പ്പെടെ നെഗറ്റീവ് പ്രിന്റുകള്‍ 75 ശതമാനത്തോളം ഉപയോഗശൂന്യമായിട്ടുണ്ടെന്നാണ് വിവരം. ഫിലിം പ്രിന്റുകള്‍ നശിക്കാതിരിക്കണമെങ്കില്‍ കൃത്യമായി താപനില ക്രമീകരിച്ച മുറിയും ഇടയ്ക്കിടെയുള്ള പരിശോധനകളും ആവശ്യമാണ്. കൊറോണ സമയത്ത് ലാബുകളുടെ പ്രവര്‍ത്തനങ്ങളില്‍ തടസങ്ങള്‍ വന്നതോടെ കൃത്യമായ ക്രമീകരണങ്ങള്‍ ലഭിക്കാതെയാണ് മിക്ക ഫിലിമുകളും നശിച്ചതെന്നാണ് വിവരം. മുമ്പ് ഫിലിമുകള്‍ എടുത്ത് ക്ലീന്‍ ചെയ്തു ഓടിച്ചു നോക്കുകയും കോപ്പിയെടുക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. അതും നിന്നുപോയത് ഫിലിം മോശമാവാന്‍ കാരണമായി. ചിത്രങ്ങള്‍ നെഗറ്റീവില്‍ നിന്നും പകര്‍ത്തി റീമാസ്റ്റര്‍ ചെയ്ത സൂക്ഷിച്ചാല്‍ പിന്നീട് ഫിലിമുകള്‍ നഷ്ടപ്പെട്ടാലും സിനിമകള്‍ മികച്ച നിലവാരത്തില്‍ ഡിജിറ്റല്‍ ഫയലായി നിലനില്ക്കും. റീമാസ്റ്ററിങ്ങിലൂടെ മികച്ച ചിത്രങ്ങള്‍ വ്യക്തതയോടെ വരുന്ന തലമുറയ്ക്കും കാണാന്‍ സാധിക്കും. എത്ര കാലം കഴിഞ്ഞാലും അതേ ദൃശ്യനിലവാരത്തില്‍ സിനിമകള്‍ കാണാം. ഒപ്പം സിനിമയെപ്പറ്റി പഠനവും ഗവേഷണവും നടത്തുന്നവര്‍ക്കും ഏറെ ഉപകരിക്കും. സിനിമകളിലെ ഡീറ്റെയിലിങ്ങുകള്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. നിലവില്‍ മലയാളത്തിലെ ചില പ്രമുഖ കമ്പനികള്‍ തങ്ങളുടെ പക്കലുള്ള ഹിറ്റ് ചിത്രങ്ങളുടെ റീ മാസ്റ്ററിങ് നടത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]