
കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2വിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. നടൻ സിദ്ധാർഥിന്റെ കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. താരത്തിൻ്റെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിൽ പോലീസ് വേഷത്തിലാണ് സിദ്ധാർഥ് എത്തുന്നതെന്നാണ് വിവരങ്ങൾ.
‘ഇന്ത്യൻ 2’വിന്റെ ഷൂട്ടിംഗ് പൂർത്തിയായിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്ന ചിത്രം ജൂണിൽ റിലീസിനെത്തും. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ, റെഡ് ജെയന്റ് മൂവീസ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം സേനാപതിയായി അഴിമതിക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ കമൽഹാസന്റെ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ്.
എസ് ജെ സൂര്യ, പ്രിയ ഭവാനി ശങ്കർ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, വിവേക്, കാളിദാസ് ജയറാം, ഗുൽഷൻ ഗ്രോവർ, സമുദ്രക്കനി, ബോബി സിംഹ, ബ്രഹ്മാനന്ദം, സക്കീർ ഹുസൈൻ, പിയൂഷ് മിശ്ര, ഗുരു സോമസുന്ദരം, ഡൽഹി ഗണേഷ്, ജയപ്രകാഷ്, മനോബാല, അശ്വിനി തങ്കരാജ് തുടങ്ങി അഭിനേതാക്കളുടെ ഒരു മികച്ച നിര തന്നെ ചിത്രത്തിലുണ്ട്. ബി. ജയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ തുടങ്ങിയ എഴുത്തുകാരുമായി ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ശങ്കർ തയ്യാറാക്കിയത്. കഥ സംവിധായകന്റേതാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ഛായാഗ്രഹണം- രവി വർമ്മൻ, എഡിറ്റിംഗ് -ശ്രീകർ പ്രസാദ്. ‘ഇന്ത്യൻ 2’ തെലുങ്കിൽ ‘ഭാരതീയുഡു 2’, ഹിന്ദിയിൽ ‘ഹിന്ദുസ്ഥാനി 2’ എന്നീ പേരുകളിൽ റിലീസ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]