
ഗൗരിമനോഹരിയുടെയും ശങ്കരാഭരണത്തിന്റെയും ആഭോഗിയുടെയും സഞ്ചാരപഥങ്ങളിലൂടെ സ്വയം മറന്നൊഴുകുന്ന യേശുദാസ്. അകമ്പടിക്ക് ഗുരുവായൂർ ദൊരൈയുടെ മൃദംഗവും കേശവമൂർത്തിയുടെ വയലിനും. ‘‘പ്രൗഢഗംഭീരമായ ഒരു കച്ചേരിയുടെ ലഹരിയിലായിരുന്നു ഞങ്ങളെല്ലാവരും. ജെമിനി സ്റ്റുഡിയോയിലെ റെക്കോഡിസ്റ്റ് കോടീശ്വരറാവു ഉൾപ്പെടെ’’- ‘നിറകുട’ത്തിലെ പ്രശസ്തമായ ‘‘നക്ഷത്രദീപങ്ങൾ തിളങ്ങി, നവരാത്രിമണ്ഡപമൊരുങ്ങി…’’ എന്ന ഗാനം പിറവിയെടുത്ത നിമിഷങ്ങൾ ഓർത്തെടുക്കവേ സംഗീതസംവിധായകൻ ജയൻ മാസ്റ്റർ പറഞ്ഞു.
സാക്ഷാൽ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ കച്ചേരിയെക്കുറിച്ചാണ് ബിച്ചു തിരുമലയുടെ രചന. വയലിൻ ഇതിഹാസമായ ചൗഡയ്യയും മൃദംഗചക്രവർത്തി പാലക്കാട് മണി അയ്യരുമൊക്കെ പക്കമേളക്കാരായി വന്നുനിറയുന്ന വരികൾ. കഥാപാത്രങ്ങൾ ഇതിഹാസതുല്യരാകുമ്പോൾ പാട്ടിന്റെ റെക്കോഡിങ് മോശമാക്കാൻ പറ്റുമോ? സമുന്നതരായ കലാകാരർതന്നെ വേണം പിന്നണിയിൽ വാദ്യവിദ്വാന്മാരായി, എന്ന് നിർബന്ധമുണ്ടായിരുന്നു സംഗീതസംവിധായകരായ ജയവിജയന്മാർക്ക്. എട്ടാംവയസ്സിൽ ചെമ്പൈയുടെ കച്ചേരിക്ക് മൃദംഗം വായിച്ച ചരിത്രമുണ്ട്, ഗുരുവായൂർ ദൊരൈക്ക്. കേശവമൂർത്തിയാകട്ടെ, ചൗഡയ്യയുടെ ഗുരുവായ ബിഡാരം കൃഷ്ണപ്പയുടെ ശിഷ്യൻ. സപ്തതന്ത്രികളുള്ള വയലിൻ വായിക്കുന്ന തെന്നിന്ത്യയിലെ അത്യപൂർവം പ്രതിഭകളിലൊരാൾ.
ബിച്ചു തിരുമലയുടെ ഡയറി
സിനിമയ്ക്കുവേണ്ടി എഴുതപ്പെട്ടതല്ല നക്ഷത്രദീപങ്ങൾ. ‘‘എഴുപതുകളുടെ തുടക്കത്തിൽ ശാസ്ത്രീയസംഗീതക്കച്ചേരികളും റെക്കോഡിങ്ങുകളുമായി ഞാനും വിജയനും ചെന്നൈയിൽ കഴിയുന്നകാലം. മൈലാപ്പൂരിലെ മുരുഡീസ് ലോഡ്ജിലാണ് അന്ന് താമസം’’-ജയൻ മാസ്റ്ററുടെ ഓർമ. ‘‘ഞങ്ങളെപ്പോലെത്തന്നെ മനസ്സുനിറയെ സിനിമാസ്വപ്നങ്ങളുമായി നടക്കുകയായിരുന്ന ബിച്ചു തിരുമലയും അന്ന് മദ്രാസിലുണ്ട്. വല്ലപ്പോഴുമൊക്കെ അദ്ദേഹം മുറിയിൽ വരും. അത്തരം ഒരു സന്ദർശനവേളയിൽ കൈയിലുണ്ടായിരുന്ന ഡയറി മേശപ്പുറത്തുവെച്ചിട്ട് സമീപത്തുള്ള കപാലീശ്വരക്ഷേത്രത്തിൽ ദർശനം നടത്താൻപോയി അദ്ദേഹം. വെറുതേ ഒരു കൗതുകത്തിന് ആ പുസ്തകം എടുത്ത് മറിച്ചുനോക്കിയപ്പോൾ, അതിൽ ഒരു കവിത. ഞങ്ങളുടെ ഗുരുവായ ചെമ്പൈ സ്വാമിയെക്കുറിച്ചും വയലിൻ മാന്ത്രികനായ ചൗഡയ്യയെക്കുറിച്ചുമൊക്കെ പരാമർശമുണ്ട് അതിൽ. ഇഷ്ടം തോന്നിയതുകൊണ്ടാവാം, അവിടെവെച്ചുതന്നെ ഞാനും അനിയനും ചേർന്ന് ആ വരികൾ പാടി ചിട്ടപ്പെടുത്തി. വെറുതേ ഒരുരസത്തിന് ചെയ്തതാണ്. ബിച്ചു അന്ന് അമ്പലത്തിൽനിന്ന് തിരിച്ചുവന്നപ്പോൾ ഞങ്ങൾ പാടിക്കേൾപ്പിക്കുകയുംചെയ്തു. പാട്ട് കേട്ടുതീരുംവരെ വിതുമ്പിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഈ വരികൾ എഴുതുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്ന ഈണംതന്നെ. നിങ്ങളിതെങ്ങനെ കണ്ടെത്തി?’’ -അദ്ഭുതത്തോടെ ബിച്ചുവിന്റെ ചോദ്യം.
‘നക്ഷത്രദീപങ്ങൾ’ സിനിമയിലേക്ക്
അന്നൊന്നും ‘നക്ഷത്രദീപങ്ങൾ’ സിനിമയിൽ ഉൾപ്പെടുത്തണം എന്ന ചിന്തയില്ല. 1977-ൽ ‘നിറകുടം’ എന്ന ചിത്രത്തിന്റെ സംഗീതസംവിധായകരാകാൻ ജയവിജയന്മാർക്ക് ക്ഷണം ലഭിക്കുന്നു. സംവിധായകൻ ഭീംസിങ്ങിന്റെ വകയാണ് ക്ഷണം. നേരത്തേതന്നെ അറിയാം ഭീംസിങ്ങിനെ. എഴുപതുകളുടെ തുടക്കത്തിൽ അദ്ദേഹം സംവിധാനംചെയ്ത ‘പാദപൂജൈ’ എന്ന തമിഴ് ചിത്രത്തിന് കവിഞ്ജർ കണ്ണദാസനൊപ്പം പാട്ടുകളൊരുക്കിയത് ജയവിജയന്മാരാണ്. തന്റെതന്നെ തമിഴ് സൂപ്പർഹിറ്റ് ചിത്രമായ ‘ഭാഗപ്പിരിവിനൈ’ മലയാളത്തിലാക്കുകയാണ് ഭീംസിങ്. ശിവാജി ഗണേശന്റെ റോളിൽ, താരതമ്യേന തുടക്കക്കാരനായ കമൽഹാസൻ. നായികയായി ശ്രീദേവി. ഭീംസിങ്ങിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയത് സുരാസു.
‘ഭാഗപ്പിരിവിനൈ’യിൽ വിശ്വനാഥൻ-രാമമൂർത്തി സഖ്യം ഒരുക്കിയ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് മലയാളഭാഷ്യം ചമയ്ക്കുകയായിരുന്നു ബിച്ചു-ജയവിജയ ടീമിന്റെ ദൗത്യം. തമിഴ് സിനിമയിൽ ഒരു കഥാസന്ദർഭത്തിൽ പൊങ്കൽ പശ്ചാത്തലമായി ഒരു ഗാനം കടന്നുവരുന്നുണ്ട്. ടി.എം. സൗന്ദരരാജനും ലീലയുമാണ് ഗായകർ. കഥ മലയാളത്തിലാകുമ്പോൾ പൊങ്കലിന് പ്രസക്തിയില്ലല്ലോ. പകരം നവരാത്രിയാക്കാമെന്ന് നിർദേശിച്ചത് ജയവിജയന്മാർതന്നെ. നേരത്തേ ചെയ്തുവെച്ച ‘നക്ഷത്രദീപങ്ങൾ’ എന്ന പാട്ട് ആ രംഗത്ത് ഉപയോഗിച്ചാൽ നന്നായിരിക്കും എന്നുതോന്നി. പിന്നെ സംശയിച്ചുനിന്നില്ല. നേരേ ഭീംസിങ്ങിന്റെ വീട്ടിൽച്ചെന്ന് പാട്ട് അദ്ദേഹത്തെ പാടിക്കേൾപ്പിച്ചു. ഇത്തരമൊരു പാട്ട് യേശുദാസ് സിനിമയിൽ പാടി അഭിനയിച്ചാൽ നന്നായിരിക്കും എന്ന് ഭീംസിങ് അഭിപ്രായപ്പെട്ടപ്പോൾ ഞങ്ങൾക്കും സന്തോഷം. അങ്ങനെയാണ് നക്ഷത്രദീപങ്ങൾ നിറകുടത്തിൽ ഇടംനേടിയത്.
സിനിമയിൽ ഏറെ പാട്ടുകളൊന്നും ചെയ്തിട്ടില്ല ജയവിജയന്മാർ. പക്ഷേ, അവയിൽ ചിലതെങ്കിലും നാം ഇന്നും ഓർമയിൽ സൂക്ഷിക്കുന്നു. കുരുതിക്കളത്തിലെ കഴിഞ്ഞസംഭവങ്ങൾ ഉയിർത്തെഴുന്നേറ്റാൽ, കാലമൊരു കാളവണ്ടിക്കാരൻ (യേശുദാസ്), നിറകുടത്തിലെ ജീവിതമെന്നൊരു തൂക്കുപാലം (യേശുദാസ്), സ്വർണത്തിനെന്തിനു ചാരുഗന്ധം (സുശീല), ‘സ്നേഹ’ത്തിലെ ഈണംപാടി തളർന്നല്ലോ ഞങ്ങളും കാറ്റും (ജോളി എബ്രഹാം), ബാലചന്ദ്രമേനോന്റെ അരങ്ങേറ്റചിത്രമായ ഉത്രാടരാത്രിയിലെ ഭ്രമണപഥംവഴി ദ്രുതചലനങ്ങളാൽ (യേശുദാസ്), മഞ്ഞുപൊഴിയുന്നു മാമരം കോച്ചുന്നു (വാണി ജയറാം), മാറ്റൊലിയിലെ പല്ലനയാറ്റിൽനിന്ന് (യേശുദാസ്)… എല്ലാം ആർഭാടരഹിതമായ, ഭാവപ്രധാനമായ ഗാനങ്ങൾ.