
ഇതിഹാസം…അതിനപ്പുറം മറ്റൊന്നില്ല സംഗീത മാന്ത്രികൻ എ.ആർ റഹ്മാനെ വിശേഷിപ്പിക്കാൻ. മൂന്ന് പതിറ്റാണ്ട് പിന്നിട്ട് റഹ്മാൻ സംഗീതം ആസ്വാദകരെ ഉത്തേജിപ്പിച്ചുക്കൊണ്ടിരിക്കുന്നു. മലയാളത്തിൽ തുടങ്ങി ബ്ലെസിയുടെ ആടുജീവിതത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുമ്പോൾ അതിനെ Back to the roots എന്ന് വിശേഷിപ്പിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
ആടുജീവിതം ഒരു യാത്രയാണ്…നജീബിൽ തുടങ്ങി ഈ ചിത്രത്തിന്റെ ഭാഗമായ ഓരോരുത്തരുടെയും യാത്ര. അതിലേക്ക് എത്തിച്ചേർന്നത് എങ്ങനെയാണ് ?
ആടുജീവിതം ഏറെ പ്രശസ്തമായ പുസ്തകമാണ്. ബ്ലെസി എല്ലാവർക്കും ബഹുമാന്യനായ സംവിധായകനും. ബ്ലെസി ആടുജീവിതത്തിനായി സമീപിച്ച സമയത്ത് എല്ലാവരും വളരെ മികച്ച അഭിപ്രായമാണ് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്. ഈ സിനിമയിൽ അദ്ദേഹം പൂർണമായും സമർപ്പിച്ചിരിക്കുകയാണ്. ഇത്തരം സിനിമ, ഇത്തരം കഥ, അതൊരു സംഗീത സംവിധായകന് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്. സിനിമയ്ക്ക് വേണ്ടി മാത്രമല്ല കഥാപാത്രങ്ങൾക്ക് വേണ്ടിയും സംഗീതം ചെയ്യണമെന്നാണ് ഓരോ സംഗീത സംവിധായകനും ആഗ്രഹിക്കുക. ഞാനേറെ ആസ്വദിച്ച് ചെയ്ത ചിത്രമാണ് ആടുജീവിതം. സമയത്തിന്, കാലത്തിന് അതീതമായ കഥയാണ് ആടുജീവിതത്തിന്റേത്. ചെമ്മീനൊക്കെ പോലെ ഓർത്തിരിക്കുന്ന കഥ. ആ സ്റ്റോറിക്ക് വേണ്ട ശബ്ദവും അത്തരത്തിൽ കാലാതീതമായ ഒന്നായിരിക്കണം. കുറച്ച് ഹൈബ്രിഡ് ആയ ഒന്ന് . അത് തന്നെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നതും.
ആടുജീവിതത്തിന്റെ ജോർദാൻ സെറ്റിലും സാന്നിധ്യമറിയിച്ചു. സിനിമയ്ക്ക് സംഗീതം നൽകുന്നതിലുപരി ഇതെല്ലാം അപൂർവതയാണ്?
നമ്മൾ ഒരു ടീമുമായി ജോലി ചെയ്ത് തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായാൽ അതൊരു കുടുംബം പോലെയാകും. സുഹൃത്തുക്കളാകും. ആ സിനിമയ്ക്കകത്ത് എന്താണ് നടക്കുന്നതെന്ന് അറിയാൻ നമുക്കും ആകാംക്ഷ ഉണ്ടാകും. ആടുജീവിതത്തിൽ അതാണ് സംഭവിച്ചത്. ഞങ്ങൾ നല്ല സുഹൃത്തുക്കളായി. അവരെന്നെ ജോർദാനിലേക്ക് ക്ഷണിച്ചു, ഞാൻ ഇതിന് മുമ്പ് ജോർദാൻ സന്ദർശിച്ചിട്ടുമില്ല. എന്നാൽ പിന്നെ പോയേക്കാമെന്ന് കരുതി. അവിടെ വച്ച് ഒരു മ്യൂസിക്കൽ വീഡിയോയും ചെയ്തു. അവിടെ ചെന്നപ്പോൾ ക്രൂ അംഗങ്ങളെല്ലാം വർഷങ്ങളായി ആ സ്ഥലം അറിയാവുന്ന പോലെയാണ് പെരുമാറിയത്. മൂന്ന് മാസമായി അവിടെ തന്നെയായിരുന്നു അവർ. ലാസ്റ്റ് പത്ത് ദിവസം ഞാനും അവർക്കൊപ്പം അവിടെയുണ്ടായിരുന്നു.
എല്ലാവരുടെയും ജീവിതത്തിൽ ഒരു ആടുജീവിതം കാണുമെന്ന് പറഞ്ഞിരുന്നു?
സങ്കടങ്ങളും വേദനയും നേരിടാതെ ഒന്നിന്റെയും ഫലം നമുക്ക് ആസ്വദിക്കാനാവില്ല. എല്ലാവരുടെയും ജീവിതത്തിൽ ഒരു ആടുജീവിതം ഉറപ്പായും കാണും. ഒരു പെൺകുട്ടി നല്ല കുടുംബത്തിലേക്കല്ല വിവാഹിതയായി എത്തുന്നതെങ്കിൽ അതവളുടെ ആടുജീവിതമായിരിക്കും. ഒരു ആൺകുട്ടി നല്ല ഒരു പെൺകുട്ടിയെ അല്ല വിവാഹം ചെയ്യുന്നതെങ്കിൽ അതവന്റെ ആടുജീവിതമാണ്. തെറ്റായ ജോലി, തെറ്റായ മേലുദ്യോഗസ്ഥൻ, ഇതെല്ലാം ഒരാളുടെ ജീവിതത്തെ ആടുജീവിതമാക്കും. നമ്മളെല്ലാവരും ഇതുപോലെയുള്ള സാഹര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും. ചിലപ്പോൾ കുടുംബമാകാം, ചിലപ്പോൾ സമൂഹമാകാം ഈ സമ്മർദ്ദം നമുക്ക് തരുന്നത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകണം എന്നത് നമ്മുടെ വിധിയാണ്. എങ്കിലേ കൂടുതൽ ശുദ്ധി വരുത്തി നല്ല മനുഷ്യനായി പുറത്ത് വരാനും മറ്റുള്ളവരെ അതുപോലെ ബുദ്ധിമുട്ടിക്കാതെയിരിക്കാനും സാധിക്കൂ
വർഷങ്ങൾക്കിപ്പുറം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.. ഈ വരവിനെ Back to the roots എന്ന് വിളിച്ചൂടെ ?
Back to the roots എന്ന് തന്നെ പറയാം. ഞാൻ കുട്ടിക്കാലത്ത് കേട്ട മലയാള സംഗീതം അതെല്ലാം രാഗങ്ങളിൽ വേരൂന്നിയതായിരുന്നു. ഒരുപാട് മഹാന്മാരായ സംഗീത സംവിധായകരുണ്ട് മലയാളത്തിൽ. ദക്ഷിണാ മൂർത്തി സ്വാമികൾ, രവി മാസ്റ്റർ, എം.കെ അർജുനൻ, ദേവരാജൻ മാസ്റ്റർ, എ.ടി ഉമ്മർ, എന്റെ അച്ഛൻ… ഇവർക്കൊപ്പമെല്ലാം ഞാൻ ജോലി ചെയ്തിട്ടുണ്ട്. എന്റെ മെലഡികൾക്ക് അടിസ്ഥാനമായതും ഈ രാഗങ്ങളാണ്. സഹാന രാഗ, യമൻ, മാൽകൗൺസ്,അങ്ങനെ എന്റെ പല ഗാനങ്ങളും മലയാളത്തിലെ കർണാടക സംഗീത ഗാനങ്ങളിൽ ആഴത്തിൽ വേരൂന്നിയതാണ്. ദാസേട്ടനാണ് പലതും പാടിയിരിക്കുന്നതും. ആടുജീവിതത്തിലെ പെരിയോനെ എന്ന ഗാനത്തിലും ഇത്തരം സ്വാധീനമുണ്ട്.
മലയാളം വിട്ട് മറ്റ് ഭാഷകളിലേക്ക് മാറിയപ്പോൾ മലയാള സംഗീതത്തെ ഓർത്തിരുന്നത് എങ്ങനെയാണ്. ?
തെന്നിന്ത്യൻ ഭാഷയിലെ ഗാനങ്ങൾ പരസ്പര പൂരകങ്ങളാണ്. തെലുഗു മാത്രമാണ് കുറച്ച് വ്യത്യസ്തമായത്. റിഥത്തിനാണ് അവിടെ പ്രാധാന്യം. എന്റെ ഇന്ത്യൻ സംഗീതം എടുത്ത് നോക്കിയാൽ അതിൽ മലയാളത്തിന്റെ സ്വാധീനം കാണാം. കെ.വി മഹാദേവൻ, എം.എസ് വിശ്വനാഥൻ, തെലുഗിൽ ആണെങ്കിൽ രാജ് കോട്ടി..ഇവരുടെ കൂടെയൊക്കെ ഞാൻ ജോലി ചെയ്തിട്ടുണ്ട്. ഇവരുടെ ഗാനങ്ങളെല്ലാം വളരെ പെപ്പി ആണ്. എന്റെ ബീറ്റ് എല്ലാം വരുന്നത് അവിടെ നിന്നാണ്. എന്നും കേൾക്കുന്ന ആസ്വദിക്കുന്ന മലയാള ഗാനങ്ങളുടെ ലിസ്റ്റ് എടുത്താൽ തീരില്ല. ദക്ഷിണാമൂർത്തി സ്വാമികളുടെ ഗാനങ്ങൾ, അതുപോലെ രാജാ സാറിന്റെ തുമ്പി വാ, രവീന്ദ്രൻ സാറിന്റെ ഗാനങ്ങൾ, പിന്നെ എന്റെ അച്ഛന്റെ ഗാനങ്ങളെല്ലാം ഈ ലിസ്റ്റിൽ പെടുന്നതാണ്.
എങ്ങനെയാണ് ഒരു ഗായകന് / ഗായികയ്ക്ക് എ.ആർ റഹ്മാൻ സംഗീതത്തിന്റെ ശബ്ദമാവാൻ സാധിക്കുക ?
എല്ലാവർക്കും ഓരോ വ്യക്തിത്വമുണ്ട്. അതിലായിരിക്കണം ഫോക്കസ്. അല്ലാതെ അനുകരണമാവരുത്. പലർക്കും പല സ്റ്റൈലായിരിക്കും. മലയാളി ആണെങ്കിലും ജനിച്ചതും വളർന്നതും ദുബായിലാണെങ്കിൽ അതവരുടെ സ്റ്റൈലിനെ സ്വാധീനിക്കും. അവർക്ക് അറബി ഗാനങ്ങളും ആ രീതികളും പരിചിതമായിരിക്കും. മറ്റൊരു ഗായകനെയോ ഗായികയെയോ അനുകരിക്കാതെ അവനവന്റെ രീതികളെ മെച്ചപ്പെടുത്തുവരെയാണ് എനിക്ക് ഇഷ്ടം.
റോജയ്ക്ക് ശേഷം കരിയർ അവസാനിച്ചുവെന്ന് ചിന്തിച്ചിരുന്നു ?
റോജ ചെയ്ത സമയത്ത് എനിക്ക് സംഗീതത്തിൽ അറിയാവുന്ന എല്ലാ കാര്യങ്ങളും അതിലെ ഗാനങ്ങൾക്ക് നൽകി എന്നാണ് ഞാൻ ചിന്തിച്ചിരുന്നത്. വേറൊന്നും ഇനി എനിക്ക് അറിയില്ലെന്ന് കരുതി. പക്ഷേ ഓരോ കഥയും ഓരോ സംവിധായകനും ഓരോ ഗാനരചയിതാവും നമ്മളെ മറ്റ് പല വഴികളിലൂടെയും പോകാൻ പ്രചോദിപ്പിക്കുമെന്ന് ഞാൻ തിരിച്ചറിയുന്നത് പിന്നീടാണ്. ജെന്റിൽമെൻ ഉദാഹരണമായി എടുക്കാം. ജെന്റിൽമെന്നിന്റെ സംഗീതം എനിക്ക് ചെയ്യാനാകുമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ടായിരുന്ന ഒന്നാണ്. കാരണം ഞാൻ ആ സമയത്ത് തെലുങ്കിൽ സംഗീതം ചെയ്തിട്ടുണ്ട്. പക്ഷേ അതുപോലെ തന്നെ കോപ്പി ആവരുതെന്ന് എനിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വേറെ രീതിയിൽ ചെയ്യാൻ ശ്രമിച്ചു. കുറച്ചുകൂടി കൊമേഴ്സ്യലാക്കി എടുത്തു. ആ പാട്ട് എത്ര മനോഹരമായാണ് ശങ്കർ ചിത്രീകരിച്ചത്. അതൊക്കെ നമ്മളെ സ്വാധീനിക്കും ഒരാൾ എന്റെ ഗാനം അത്ര മനോഹരമാക്കാൻ മുഴുവൻ പരിശ്രമവും കൊടുക്കുമ്പോൾ അയാൾക്ക് വേണ്ടി കൂടുതൽ ചെയ്യാൻ നമുക്കും തോന്നും. അതൊരു യാത്രയാണ്.
മിതഭാഷിയാണെന്ന് അടുത്തറിയുന്നവർ പറഞ്ഞു കേട്ടിട്ടുണ്ട് ?
വാക്കുകൾ തെറ്റായി പറഞ്ഞാൽ ജീവിതകാലം മുഴുവൻ ആ കുറ്റബോധം കൊണ്ട് നടക്കണം. അതിലും നല്ലത് മിണ്ടാതെ ഇരിക്കുന്നതല്ലേ.
പക്ഷേ ഇതേ വ്യക്തി തന്നെ അഭിമുഖങ്ങളിൽ വാചാലനാകുന്നത് കണ്ടു, പതിനായിരങ്ങളെ വച്ച് കൺസേർട്ട് നടത്തുന്നത് കണ്ടു, മാമന്നന് വേണ്ടി നൃത്തവും ചെയ്തു ?
അതൊരു പ്രോസസ് ആണ്. ഒരു ഗാനം ആയിരം വട്ടം റിഹേഴ്സൽ ചെയ്യുമ്പോൾ, അതുമായി പരിചിതമാകുമ്പോൾ നമുക്കറിയാം എങ്ങനെയാണ് അത് ചെയ്യേണ്ടതെന്ന്. ഇതെല്ലാം റിഹേഴ്സലാണ്, 20 വർഷത്തോളമായി ഈ റിഹേഴ്സൽ ഉണ്ട്. ഓസ്കർ സ്റ്റേജിൽ പാടി. അങ്ങനെയൊരു ആത്മവിശ്വാസം വന്നു. പിന്നെ ചെറുപ്പക്കാരാണ് ഇതെല്ലാം സംവിധാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ എനിക്കിതാണ് ഇഷ്ടം, ഇതിഷ്ടമല്ല, ഈ ക്യാമറ ആംഗിൾ മാറ്റണം എന്നെല്ലാം അവരോട് എനിക്ക് പറയാൻ പറ്റും. അങ്ങനെയാണ് എനിക്ക് എന്നെ തന്നെ സ്റ്റേജിലും മറ്റും പെർഫോം ചെയ്യുന്നതും ഇതുപോലെ വന്നിരുന്ന് സംസാരിക്കുന്നതുമെല്ലാം ഇഷ്ടപ്പെട്ട് തുടങ്ങിയത്. നമ്മൾ പറയുന്നതിൽ എന്തെങ്കിലും കാര്യം ഉണ്ടായിരിക്കണം, സെൻസ് ഉണ്ടായിരിക്കണം, മറ്റുള്ളവരുടെ സമയം നഷ്ടപ്പെടുത്തുന്നത് ശരിയല്ലല്ലോ. എനിക്കിഷ്ടപ്പെടുന്ന രീതിയിൽ എല്ലാം രൂപപ്പെടുത്തി എടുത്ത് ചെയ്ത് തുടങ്ങിയപ്പോൾ ഞാനത് ആസ്വദിക്കാനും തുടങ്ങി.
ഓസ്കറിന് മുമ്പും ശേഷവും എന്ന് ഈ മാറ്റത്തെ വിശേഷിപ്പിക്കാൻ സാധിക്കുമോ ?
ഓസ്കറിന് ശേഷം ഞാൻ കൂടുതൽ സമയം ലോസ് ആഞ്ചൽസിലായിരുന്നു. അവിടെയുണ്ടായിരുന്നപ്പോൾ സ്ക്രീൻ റൈറ്റിങ്ങിന്റെ വർക്ക്ഷോപ്പിൽ പങ്കെടുത്തു . അതിന് ശേഷമാണ് സ്റ്റോറി ഐഡിയകൾ, പ്രത്യേകിച്ച് മ്യൂസിക്കൽ സ്റ്റോറിക്കുള്ള ആശയങ്ങൾ മനസിലെത്തുന്നത്. എപ്പോഴും ചെയ്യുന്നത് ഒരേ തരം കഥകളല്ലേ, പ്രേമം, ഫൈറ്റ്, ഹീറോ ഇതൊക്കെയല്ലേ..പക്ഷേ കഥ വ്യത്യാസപ്പെടുമ്പോൾ അതിലെ സംഗീതത്തിലും ആ വ്യത്യാസം കാണില്ലേ.,എങ്ങനെ ആ വ്യത്യസ്തത കൊണ്ടുവരാമെന്നുള്ള ഐഡിയകളൊക്കെ ആ സമയത്താണ് ചിന്തിക്കുന്നത്. ആ ഐഡിയകൾ എനിക്ക് മറ്റുള്ളവർക്ക് വിവരിക്കണമായിരുന്നു. അങ്ങനെ ചെയ്തതാണ് 99 സോങ്സ്. വിശ്വേഷ് കൃഷ്ണമൂർത്തിയുമായി ചേർന്നാണ് 99 സോങ്സിന് കഥയെഴുതുന്നത്,. രണ്ടാമത് ചെയ്തതാണ് ലേ മസ്ക്. അത് സംവിധാനവും ചെയ്തു. ഈ കഥ പറച്ചിൽ അല്ലെങ്കിൽ ആഖ്യാനം നമ്മുടെ പദാവലിയൊക്കെ നന്നാക്കാൻ സഹായിക്കും. അതാണ് എന്നെ നന്നായി സംസാരിക്കാൻ സഹായിച്ചത്.എന്റെ മനസിലുള്ളത് എന്താണോ അത് മുമ്പത്തേക്കാൾ വൃത്തിയായി പറയാൻ സഹായിച്ചത്.
പ്രാർഥനയ്ക്ക് ജീവിതത്തിൽ വളരെയേറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ്. എങ്ങനെയാണ് ദൈവത്തെ നിർവചിക്കുക ?
നമുക്കൊരു നിശ്ചിതമായ സമയം മാത്രമേ ഈ ഭൂമിയിലുള്ളൂ. അത് കഴിഞ്ഞാൽ ഈ ശരീരം ഭൂമിയിൽ നിന്ന് പോകും. പക്ഷേ ആത്മാവ് ഇവിടെ തന്നെ കാണും. എല്ലാ മതത്തിലെയും വിശ്വാസം ഇത് തന്നെയാണ്. ആത്മാവെന്ന് പറയുന്നത് ശാശ്വതമായ ഒന്നാണ്. ആ നിത്യഹരിതമായ ആത്മാവിനെ എങ്ങനെയാണ് അതിലും വലിയ ദേഹിയുമായി യോജിപ്പിക്കുക. അതാണ് ഈ ഭക്തി, സൂഫിസം അല്ലെങ്കിൽ മെഡിറ്റേഷൻ എന്നൊക്കെ പറയുന്നത്. ശൂന്യമായിടത്തേ പിന്നെയും നിറയ്ക്കാൻ സാധിക്കൂ. ആ ശൂന്യത എങ്ങനെ സൃഷ്ടിക്കാൻ സാധിക്കും എന്നത് ഒരു പ്രക്രിയ ആണ്. അതിനെ തന്നെയാണ് മെഡിറ്റേഷൻ, പ്രാർഥന എന്നൊക്കെ പറയുന്നത് ആ പ്രക്രിയ തന്നെയാണ് പല പാട്ടുകളിലും ഉപയോഗിച്ചിരിക്കുന്നത്.
ഏകാന്തതയാണ് അടുത്ത സുഹൃത്തെന്ന് പറഞ്ഞിട്ടുണ്ട് ?
നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഒരു യൂണിവേഴ്സ്, ഒരു പ്രപഞ്ചം ഉണ്ട്. ഒന്ന് കണ്ണടച്ചാൽ നമുക്കെന്താണ് വേണ്ടതെന്ന് നമുക്ക് കാണാൻ പറ്റും, സങ്കൽപിക്കാൻ പറ്റും. ഭാവനയാണ് ക്രിയേറ്റീവ് ആയിട്ടുള്ള ആൾക്കാർക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനം. ആ ഭാവന ലഭിക്കണമെങ്കിൽ നമുക്ക് നമ്മുടെ ഉള്ളിലെ പ്രപഞ്ചത്തെ അറിയാൻ സാധിക്കണം. ചുറ്റും ശബ്ദമാണ് അല്ലേ?. ബഹളമുള്ള ഒരു മാർക്കറ്റിൽ നിൽക്കുമ്പോൾ പോലും നിങ്ങൾക്ക് തനിച്ചായിരിക്കാനും സങ്കൽപ്പിക്കാനും സാധിക്കുമെങ്കിൽ അതാണ് ഓരോ ക്രിയേറ്റീവ് ആയിട്ടുള്ള ആർടിസ്റ്റും കടന്നു പോകുന്ന പ്രക്രിയ.. ആ അർഥത്തിലാണ് ഏകാന്തതയാണ് എന്റെ അടുത്ത സുഹൃത്തെന്ന് ഞാൻ പറഞ്ഞത്.
സഹോദരിയുടെ വിവാഹത്തിന് വച്ച സ്വർണമെടുത്താണ് അമ്മ സ്റ്റുഡിയോ തുടങ്ങാൻ തന്നതെന്ന് കേട്ടിട്ടുണ്ട്. അന്ന് പണിത സ്റ്റുഡിയോ പൊളിക്കാതെ ചുറ്റും നവീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. കൂടെ നിന്നവരെ പിന്തുണച്ചവരെ ചേർത്തുപിടിച്ചവരെ ഓർക്കുന്നത് എങ്ങനെയാണ് ?
നന്ദി അല്ലെങ്കിൽ കൃജ്ഞതയാണ് ജീവിതത്തിലെ ഏറ്റവും മഹത്തരമായ കാര്യമെന്നാണ് ഞാൻ കരുതുന്നത്. അവരെനിക്ക് തന്ന കാര്യങ്ങൾ എനിക്ക് തിരിച്ചു നൽകാൻ എല്ലായ്പ്പോഴും കഴിഞ്ഞിട്ടുണ്ടാകില്ല. നിങ്ങൾ എത്രമാത്രം സമ്പന്നനാണെങ്കിലും ശരി ആ സമയത്ത് അതാണ് ഏറ്റവും വിലപ്പെട്ട കാര്യം. അവർ തരുന്നത് ഉപദേശമോ സഹായമോ അവസരങ്ങളോ ആകാം.. ദൈവത്തിന് മാത്രമേ അത്തരം മഹത്വത്തിന് പകരം വയ്ക്കാൻ കഴിയൂ
എങ്ങനെയാണ് എന്നും ഇതുപോലെ down-to-earth ആയിരിക്കാൻ സാധിക്കുന്നത് ?
അതാണ് സൂഫിസത്തിലെ ജീവിതരീതി. നമ്മൾ നമ്മുടെ അഹന്തയെ, അഹങ്കാരത്തെ ഇല്ലാതാക്കണം. പക്ഷേ നിങ്ങളുടെ കലയിൽ നിങ്ങൾക്ക് ഈഗോ ഉണ്ടായിരിക്കണം. ഈഗോ ഇല്ലെങ്കിൽ കലയും ഇല്ല. എനിക്ക് ഏറ്റവും മികച്ച സംഗീതം ലഭിക്കണം, എനിക്ക് സിനിമ ലഭിക്കണം ഈ ചിന്തകൾ വരുന്നത് അതിമോഹവും ഈഗോയും കൊണ്ട് മാത്രമാണ്. അതേ സമയം വ്യക്തിപരമായ അഹംഭാവം നിങ്ങൾ അതിനെ ഇല്ലാതാക്കുക തന്നെ വേണം. കാരണം അത് നിങ്ങളുടെ പുരോഗതിയെ നശിപ്പിക്കും, ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തെ നശിപ്പിക്കും.
ഈ പൈതൃകം പിന്തുടരാൻ ആണ് മക്കളായ അമീനും ഖദീജയും ആഗ്രഹിക്കുന്നത് ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അവരെ ഞാൻ നിർബന്ധിക്കാൻ ആഗ്രഹിക്കുന്നില്ല. കെ എം കൺസർവേറ്ററി എന്ന സ്ഥാപനത്തിലെ എന്റെ വിദ്യാർഥികൾ..അവരിൽ ഭൂരിഭാഗവും സമ്മർദ്ദം കാരണം നിർത്തിപോകാറുണ്ട്. പ്രത്യേകിച്ച് പെൺകുട്ടികൾ. ചിലർ അവിടെത്തന്നെ തുടരും. എന്റെ മക്കളുടെ കാര്യം പറഞ്ഞാൽ, ഒരു അച്ഛനെന്ന നിലയിലും ഒരു നേതാവെന്ന നിലയിലും അവർ രണ്ട് വ്യത്യസ്ത വ്യക്തിയെ ആണ് കാണുന്നത്. അവർ ഇഷ്ടപ്പെടുന്നത് അച്ഛനെയാണ്. നേതാവിനെയല്ല. ചിലപ്പോൾ നമ്മളൊന്ന് ശബ്ദം ഉയർത്തിയാൽ പോലും അയ്യോ അച്ഛൻ വഴക്കു പറയുന്നു എന്ന തോന്നലാണ്. അതെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. അതൊരു കടുത്ത ബാലൻസ് ആണ്. ഓരോ വ്യക്തിയുടെയും പുരോഗതി ദൈവം സഹായിച്ചും പ്രാർത്ഥന, സ്നേഹം എന്നിവ കൊണ്ടൊക്കെയാണ് ഉണ്ടാവുകയെന്നാണ് ഞാൻ കരുതുന്നത്.കുട്ടികളാണെങ്കിലും അവർ ഓരോ വ്യക്തികളാണ്. ചിലപ്പോൾ അവർക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകേണ്ടി വരും.