
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരം മധുബാലയുടെ ജീവിതം സിനിമയാകുന്നു. ഡാര്‍ലിങ് എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ ജസ്മീത് കെ റീന്‍ ആണ് ചിത്രത്തിന്റെ സംവിധായിക. വീനസ് ഓഫ് ഇന്ത്യന്‍ സിനിമ എന്നറിയപ്പെടുന്ന, അസാമാന്യ പ്രതിഭയായ അഭിനേത്രിയ്ക്ക് നല്കുന്ന ആദരമാണ് ഈ ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. മധുബാലയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ കഴിവുള്ള അഭിനേത്രിയെ തേടുകയാണിപ്പോള്‍. നടിയെ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും കടുത്ത വെല്ലുവിളിയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
മധബാലയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമയൊരുക്കാന്‍ നേരത്തേയും പലരും രംഗത്ത് വന്നിട്ടുണ്ട്. സംവിധായകന് ഇംത്യാസ് അലിയും അക്കൂട്ടത്തിലുണ്ടായിരുന്നു. നടിയുടെ കുടുംബത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ആ സിനിമ മുടങ്ങിപ്പോയി.
സോണി പിക്ചേഴ്സ് ഇന്റര്‍നാഷ്ണല്‍ ലിമിറ്റഡ്, ബ്രൂവിങ് തോട്ട് ലിമിറ്റഡ് എന്നീ ബാനറുകളിലാണ് സിനിമ നിര്‍മിക്കുന്നത്. മധുബാലയുടെ സഹോദരി മധൂര്‍ ബ്രിജ് ഭൂണ്‍ സഹനിര്‍മാതാവാണ്.
ഡല്‍ഹിയില്‍ ജനിച്ച് മുംബൈയിലെ ചേരികളില്‍ ഒന്നില്‍ വളര്‍ന്ന് ബോളിവുഡിന്റെ അമരത്തെത്തിയ മധുവിന്റെ ജീവിതം സംഭവബഹുലമായിരുന്നു. ലോകം പ്രണയദിനം ആഘോഷിക്കുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, സെന്റ് വാലന്റൈനെ കുറിച്ച് കേള്‍ക്കുന്നതിനും മുന്‍പ് 1933 ഫെബ്രുവരി 14നായിരുന്നു മുംതാസ് ജെഹാന് ബീഗം ദെഹല്‍വി എന്ന മധുബാലയുടെ ജനനം. മുംബൈ ടാക്കീസ് എന്ന വിഖ്യാത സ്റ്റുഡിയോയ്ക്ക് സമീപത്തെ ഒരു ചേരിയിലായിരുന്നു വളര്‍ന്നത്. ഒന്‍പതാം വയസ്സില്‍ ബേബി മുംതാസ് എന്ന പേരില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. പതിനാലാം വയസ്സില്‍ മധുബാല എന്ന പേരില്‍ നീല്‍കമലില്‍ നായികയായി. രാജ് കപൂറായിരുന്നു നായകന്. പിന്നീടുള്ളത് ഏറെ പറയുകയും അതിലേറെ പറയാതെ പോവുകയും ചെയ്ത ചരിത്രം. താരതമ്യങ്ങളില്ലാത്ത സൗന്ദര്യവും അഭിനയപാടവവും കൊണ്ട് മധു ക്ഷണത്തില്‍ ബോളിവുഡിന്റെ താരസിംഹാസനം പിടിച്ചെടുക്കുന്നതാണ് അമ്പതുകളിലും അറുപതുകളിലും കണ്ടത്.
വെള്ളിത്തിരയിൽ കാണുന്ന മിന്നിത്തിളക്കമേ മധുവിനുണ്ടായിരുന്നുള്ളൂ. സങ്കടത്തില്‍ ചാലിച്ചെഴുതിയതായിരുന്നു ആ ജീവിതം. നാല് സഹോദരിമാര്‍ അടങ്ങുന്ന കുടുംബത്തിന്റെ ഭാരമത്രയും മധുവിന്റെ തോളിലായിരുന്നു. വെള്ളിത്തിരയില്‍ കാണുന്ന ഗ്ലാമറിനപ്പുറം കഠിനാധ്വാനവും വേദനയും നിറഞ്ഞതായിരുന്നു മധുവിന്റെ സിനിമാജീവിതം. കാമുകരാല് വലയം ചെയ്യപ്പെട്ട മകളുടെ ജീവിതത്തെ ലക്ഷ്മണരേഖ വരച്ച് നിയന്ത്രിച്ചു നിര്‍ത്തി പിതാവ് അത്തുള്ള ഖാന്.
1951-ന്റെ തുടക്കത്തില്‍ ബാദല്‍ എന്ന ചിത്രത്തിലെ സഹനടനായ പ്രേംനാഥുമായായിരുന്നു മധുബാലയുടെ ആദ്യ പ്രണയം. എന്നാല്‍ ഈ ബന്ധത്തിന് വെറും ആറ് മാസത്തെ ആയുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. മതപരമായ ഭിന്നതകള്‍ കാരണമാണ് വേര്‍പിരിയലില്‍ എത്തിയതെന്നും പറയപ്പെടുന്നു. പ്രേംനാഥ് പിന്നീട് നടി ബീന റായിയെ വിവാഹം കഴിച്ചു.
മധുബാലയുടെ ജീവിതത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ടതും സംഘര്‍ഷങ്ങള്‍ നിറഞ്ഞതുമായിരുന്നു നടന് ദിലീപ് കുമാറുമായുള്ള പ്രണയം. 1951-ല്‍ പുറത്തിറങ്ങിയ തരാന എന്ന സിനിമയില്‍ അഭിനയിക്കുന്ന കാലത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. ഏഴ് വര്‍ഷം പിന്നിട്ട് വിവാഹത്തില്‍ എത്തേണ്ടിയിരുന്ന ബന്ധം ഐതിഹാസിക ചിത്രമായ ‘മുഗളെ അസമി’ന്റെ ചിത്രീകരണത്തിടെ അവസാനിക്കുകയായിരുന്നു.
മധുബാലയുടെ പിതാവ് അത്തുള്ള ഖാന്റെ ഇടപെടലുകളാണ് ആ പ്രണയത്തകര്ച്ചയിലേക്ക് നയിച്ചതെന്ന് ദീലീപ് കുമാര്‍ തന്റെ ആത്മകഥയില്‍ പറയുന്നു. താനുമായുള്ള വിവാഹം ഒരു കച്ചവടമാക്കി മാറ്റാനുള്ള അത്തുള്ള ഖാന്റെ നീക്കം ദിലീപ് കുമാറിനെ അസ്വസ്ഥനാക്കി. മധുബാലയുടെ വരുമാനം കൊണ്ടാണ് അത്തുള്ള ഖാനും കുടുംബവും കഴിഞ്ഞിരുന്നത്. ദിലീപുമായുള്ള വിവാഹത്തോടെ സാമ്പത്തിക സഹായങ്ങള്‍ നിലച്ചുപോകുമോയെന്നും പിതാവിന് ആശങ്കയുണ്ടായിരുന്നു. അതിനിടെയാണ് ബി.ആര് ചോപ്രയുടെ നയാ ദൗര് എന്ന ചിത്രവുമായി ബന്ധപ്പെട്ട് മധുബാലയ്ക്ക് കോടതി കയറേണ്ടി വന്നത്.
ചിത്രത്തില്‍ ദിലീപിനെയും മധുബാലയെയുമാണ് പ്രധാന കഥാപാത്രങ്ങളായി തീരുമാനിച്ചിരുന്നത്. മധ്യപ്രദേശിലായിരുന്നു സിനിമയുടെ ലൊക്കേഷന്‍. ദൂരെയുള്ള സെറ്റിലേക്ക് മധുബാലയെ അയക്കാന്‍ അത്തുള്ള ഖാന് തയ്യാറായില്ല. മകളെ ദൂരേയ്ക്ക് അയച്ചാല്‍ ദിലീപ് കുമാറുമായി കൂടുതല്‍ അടുക്കാനുള്ള സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം ഭയപ്പെട്ടു.
മധുബാല ചിത്രീകരണത്തിന് എത്താത്തതിനെ തുടര്‍ന്ന് ബി.ആര്. ചോപ്ര വൈജയന്തിമാലയെ നായികയാക്കി. ഈ നടപടി അത്തുള്ള ഖാനില്‍ കടുത്ത അമര്‍ഷം ഉണ്ടാക്കി, നിര്‍മാണ കമ്പനിയെ കോടതിയില്‍ കയറ്റുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. എന്നാല്‍, അത്തുള്ള ഖാന് പരാതി നല്‍കുന്നതിന് മുന്‍പ് തന്നെ മധുബാലയ്ക്കെതിരേ നിര്‍മാതാക്കള്‍ നിയമനടപടി സ്വീകരിച്ചു. കരാര്‍ ചെയ്ത ചിത്രത്തില്‍ മധുബാല പിര്മാറിയതിനെ തുടര്‍ന്ന് ചിത്രീകരണം മുടങ്ങിപ്പോയെന്നും സാമ്പത്തിക ബാധ്യതയുണ്ടായെന്നും ചൂണ്ടിക്കാട്ടിയുമാണ് പരാതി നല്‍കിയത്.
കേസ് കോടതിയിലെത്തിയപ്പോള്‍ ദിലീപ് കുമാര്‍ എല്ലാവരെയും ഞെട്ടിച്ച് മധുബാലയ്ക്കെതിരേ മൊഴി നല്കി. കേസില്‍ മധുബാല തോല്‍ക്കുകയും ചെയ്തു. മധുബാല ജയിലില്‍ പോകേണ്ടിവരുമെന്ന ഘട്ടമെത്തിയപ്പോള്‍ ബി.ആര്. ചോപ്ര മുന്‍കൈയെടുത്ത് പരാതി പിന്‍വലിച്ചു. ഈ കോടതി വ്യവഹാരങ്ങള്‍ അത്തുള്ള ഖാനില്‍ കടുത്ത മാനസിക വിഷമങ്ങളുണ്ടാക്കി. താനുമായുള്ള വിവാഹം നടക്കണമെങ്കില്‍ തന്റെ പിതാവിനോട് മാപ്പ് പറയണമെന്ന് മധുബാല ദീലീപിനോട് ആവശ്യപ്പെട്ടു. അദ്ദേഹം കൂട്ടാക്കിയില്ല. അതോടു കൂടി വര്‍ഷങ്ങള്‍ നീണ്ട പ്രണയബന്ധം അവസാനിപ്പിച്ച് മധുബാല ദിലീപില്‍നിന്ന് അകന്നു. ‘മുഗളെ അസമി’ന്റെ ചിത്രീകരണത്തിനിടെയാണ് മധുബാലയും ദിലീപ് കുമാറും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നത്. പ്രണയരംഗങ്ങളില്‍ തകര്‍ത്തഭിനയിക്കുമ്പോഴും സംവിധായകന് കട്ട് പറഞ്ഞാല്‍ ഇവര്‍ പരസ്പരം മിണ്ടാത്ത സാഹചര്യത്തിലെത്തുകയും ചെയ്തു. എന്നാല്‍, മധുബാലയുടെ സഹോദരി മധൂര്‍ ഭൂഷണ് ഒരു അഭിമുഖത്തില്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. സഹോദരിയുടെ സുരക്ഷിതത്വത്തെ ഓര്‍ത്താണ് പിതാവ് അന്നങ്ങനെ ചെയ്തതെന്ന് അവര്‍ പറയുന്നു.
വെകാതെ തന്നെ മധുബാല ഗായകനും നടനുമായ കിഷോര്‍ കുമാറിനെ വിവാഹം ചെയ്തു. അല്‍പ്പ നാളുകൾക്ക് ശേഷം ഹൃദ്രോഗം മധുബാലയെ അലട്ടാന്‍ തുടങ്ങി. വിദഗ്ധ ചികിത്സയ്ക്കായി കിഷോര്‍ കുമാറിനൊപ്പം മധുബാല ലണ്ടനിലേക്ക് തിരിച്ചു. മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ഹൃദയശസ്ത്രക്രിയയിലെ സങ്കീര്‍ണതകളെ കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്തില്ല.
വൈകാതെ മധുബാല ഇന്ത്യയിലെത്തി. കുറച്ച് ദിവസത്തിനുള്ളില്‍ ആരോഗ്യസ്ഥിതി വഷളായി. ഈ സമയത്ത് കിഷോര്‍ കുമാറുമായുള്ള മധുബാലയുടെ ബന്ധവും അഭിപ്രായഭിന്നതകളാല്‍ നിറഞ്ഞു. സഹായത്തിനായി ഒരു നഴ്സിനെയും ഡ്രൈവറെയും ഏര്‍പ്പാടാക്കി നല്കി മധുബാലയുടെ ജീവിതത്തില്‍നിന്ന് കിഷോര്‍ പടിയിറങ്ങി. ദാമ്പത്യജീവിതം ശിഥിലമായെങ്കിലും രോഗവിവരങ്ങള്‍ തിരക്കാനും മറ്റും ഇടയ്ക്കിടെ മധുബാലയ്ക്കരികില് കിഷോര്‍ എത്തുമായിരുന്നു. അത് മരണംവരെയും തുടര്‍ന്നു.
ആശുപത്രിവാസം അവസാനിപ്പിച്ച് വീട്ടിലെത്തിയ മധുബാലയുടെ പിന്നീടുള്ള ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. ഉറക്കമില്ലായ്മയും ക്ഷീണവും വല്ലാതെ അലട്ടി. ഈ കാലയളവില്‍ താന്‍ അഭിനയിച്ച സിനിമകളും ഉറുദു കവിതകളുമായിരുന്നു മധുബാലയുടെ കൂട്ട്. ഹൈപ്പോക്സിയ ബാധിച്ച് ഓക്സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ കുറച്ച് കാലം ജീവിതം തള്ളിനീക്കി. ഭാഗികമായി രോഗം ഭേദപ്പെട്ട അവസ്ഥയിലാണ് രാജ് കപൂറിനൊപ്പം ജെ.കെ. നന്ദയുടെ ചലാക് എന്ന ചിത്രത്തിലൂടെ മധുബാല സിനിമയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. മധുബാലയുടെ തിരിച്ചുവരവിനെ മാധ്യമങ്ങള്‍ സ്വാഗതം ചെയ്തു, പക്ഷേ ഷൂട്ടിംഗ് ആരംഭിച്ച ഉടന്‍ മധുബാല ബോധരഹിതയായി. അങ്ങനെ സിനിമ ഒരിക്കലും പൂര്‍ത്തിയായില്ല. തുടര്‍ന്ന് ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. 1969 ഫെബ്രുവരി 22-ന് അര്‍ധരാത്രി ഹൃദയാഘാതം സംഭവിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ മധുബാല മരണത്തിന് കീഴടങ്ങി. അങ്ങനെ വെറും 36-ാമത്തെ വയസ്സില്‍ മധുബാലയുടെ ജീവിതത്തിന് തിരശ്ശില വീണു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]