
ശ്രീകുമാരൻ തമ്പി എന്ന പ്രതിഭാധനനായ സംവിധായകനെ പരിചയപ്പെടുംമുൻപേ അദ്ദേഹത്തിലെ ഗാനരചയിതാവിനെയാണ് ഞാൻ അറിഞ്ഞുതുടങ്ങിയത്. സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത് എന്നീ നിലയിലെല്ലാം തമ്പിയെ ബഹുമാനിക്കുമ്പോഴും തമ്പിയിലെ ഗാനരചയിതാവിനുമുന്നിൽ ഞാൻ നമിച്ചുപോകാറുണ്ട്. വയലാറിനെയും പി. ഭാസ്കരൻ മാഷിനെയും മറന്നല്ല ഞാനിതുപറയുന്നത്.
തമ്പിയുടെ ഓരോ പാട്ടും പദസമ്പത്തുകൊണ്ട് നമ്മളെ വിസ്മയിപ്പിക്കുന്നതാണ്. ഉമാ സ്റ്റുഡിയോയിൽ ഞാൻ നിർമിച്ച ആദ്യചിത്രത്തിന് ‘അസ്തമയം’ എന്ന് പേരിട്ടാൽ സ്റ്റുഡിയോയുടെ അസ്തമയമായിരിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ, അത്തരം അന്ധവിശ്വാസങ്ങളൊന്നും എനിക്കില്ലായിരുന്നു. ആ ഘട്ടത്തിൽ ഞാൻ തമ്പിയോട് ചോദിച്ചു: ‘‘അസ്തമയം എന്ന പ്രയോഗത്തിന് ഒപ്റ്റിമിസ്റ്റിക്കായ ഒരർഥം നൽകാൻ തമ്പിക്ക് കഴിയുമോ?’’ ശ്രമിക്കാമെന്നായിരുന്നു തമ്പിയുടെ മറുപടി. ഞങ്ങൾ സംസാരിച്ച ആ രാത്രിതന്നെ അസ്തമയം എന്ന സിനിമയ്ക്ക് തമ്പി ശീർഷകഗാനമെഴുതി. ‘അസ്തമയം… അസ്തമയം അസ്തമയം, അപരാജിതർ തൻ ആലിംഗനം’ എന്നാരംഭിക്കുന്ന, ആ പാട്ട് തമ്പി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ‘വീണ്ടും ജനിക്കാൻ… നാളെ കിഴക്കുദിക്കാൻ ഇന്നുപടിഞ്ഞാറസ്തമയം’ ഈയൊരു പാട്ടുതന്നെമതി ശ്രീകുമാരൻ തമ്പിയുടെ പ്രതിഭ തിരിച്ചറിയാൻ.
അറുപതുകളുടെ അവസാനംമുതൽ സിനിമയിൽ ഞാൻ ലിപ് നൽകിയ സൂപ്പർഹിറ്റ് ഗാനങ്ങളിൽ പലതിന്റെയും രചയിതാവ് ശ്രീകുമാരൻ തമ്പിയായിരുന്നു. ‘കാക്കത്തമ്പുരാട്ടി’യിലെ അമ്പലപ്പുഴ വേല കണ്ടൂ ഞാൻ…, ‘കാടി’ലെ ഏഴിലം പാലപൂത്തു പൂമരങ്ങൾ കുടപിടിച്ചു, ‘ദിവ്യദർശന’ത്തിലെ സ്വർണഗോപുര നർത്തകീശില്പം, ‘ഹൃദയം ഒരു ക്ഷേത്ര’ത്തിലെ മംഗളം നേരുന്നു ഞാൻ, ‘ഇതാ ഒരു മനുഷ്യനി’ മയിലിനെ കണ്ടൊരിക്കൽ…, ഒന്നുചിരിക്കാൻ എല്ലാം മറക്കാൻ, ‘വേനലിൽ ഒരു മഴ’ യിലെ എന്റെ രാജകൊട്ടാരത്തിന് മതിലുകളില്ല, ‘അമ്പലവിളക്കി’ലെ പകൽ സ്വപ്നത്തിൻ പാവനൊരുക്കും… ഇങ്ങനെ ഒരുപിടി പാട്ടുകൾ. എട്ടോ ഒൻപതോ സിനിമകളിലാണ് സംവിധായകൻ എന്നനിലയിൽ തമ്പിയോടൊന്നിച്ച് പ്രവർത്തിച്ചത്. ‘വേനലിൽ ഒരു മഴ’യായിരുന്നു ആദ്യചിത്രം. തമിഴിൽ മഹേന്ദ്രൻ ഒരുക്കിയ ‘മുള്ളും മലരും’ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു വേനലിൽ ഒരു മഴ. സിനിമയുടെ മുഴുവൻ കാര്യങ്ങളും മനസ്സിൽ വരച്ചിട്ടശേഷമാണ് തമ്പി ഒരു പടം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ വളരെ എളുപ്പത്തിൽ വർക്ക് ചെയ്യാനാവും. ജീവിതം ഒരു പെൻഡുലമെന്ന പേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ച തമ്പിയുടെ ആത്മകഥ ഒരു ലക്കംപോലും മുടങ്ങാതെയാണ് വായിച്ചത് ആ എഴുത്തിന്റെ ഭംഗികൊണ്ടാണ്. മികച്ച ഒരു കഥയോ കവിതയോ നോവലോ നാടകമോ നൽകുന്ന വായനാനുഭവത്തി നപ്പുറമുള്ള ഒന്നായിരുന്നു തമ്പിയുടെ ജീവിതം പകർന്നുതന്നത്. അന്നും ഇന്നും വ്യക്തിപരമായി ഏറ്റവുമടുപ്പം സൂക്ഷിക്കുന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാൾകൂടിയാണ് ശ്രീകുമാരൻ തമ്പി. ശതാഭിഷിക്തിയുടെ നിറവിലെത്തിയ ആ ‘ജീവിതഗാന’ത്തിന് എന്റെ പ്രണാമം. (ശ്രീകുമാരൻ തമ്പി രചനയും സംവിധാനവും ചെയ്ത ‘ജീവിതഗാനം’ എന്ന ചിത്രത്തിൽ നായകൻ മധുവായിരുന്നു)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]