
ബോളിവുഡ് താരം സല്മാന് ഖാന് ഹോളിവുഡ് ചിത്രത്തിന്റെ ഭാഗമാകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സഞ്ജയ് ദത്തിനൊപ്പം ഒരു ത്രില്ലര്‍ ചിത്രത്തില്‍ താരം അഭിനയിക്കുന്നതായാണ് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ചിത്രീകരണം സൗദിയില്‍ പുരോഗമിക്കുകയാണെന്നും ഫെബ്രുവരി 19 വരെ ഷൂട്ടിങ് തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സല്‍മാന്റെ ഖാനും സംഘവും ചിത്രത്തിന്റെ ഭാഗമായി റിയാദിലെത്തിയിട്ടുണ്ട്. മൂന്നുദിവസത്തെ ഷൂട്ടിങ്ങിനായാണ് താരമെത്തിയത്. പശ്ചിമേഷ്യയില്‍ അറിയപ്പെടുന്നവരാണ് സല്മാന് ഖാനും സഞ്ജയ് ദത്തുമെന്നും അവരുടെ രംഗങ്ങള്‍ വലിയ ഇംപാക്ട് ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സാജന്, ചാല് മേരെ ഭായ് തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ സല്‍മാനും സഞ്ജയ് ദത്തും ഒന്നിച്ചിട്ടുണ്ട്. സ്ക്രീനിലെ ഇരുവരുടെയും ഒന്നിച്ചുള്ള സാന്നിധ്യം ആരാധകര്‍ക്കിടയില്‍ എപ്പോഴും തരംഗം സൃഷ്ടിക്കാറുണ്ട്. ഹോളിവുഡിൽ ഇരുവരും ഒന്നിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്.
അടുത്തിടെയാണ് സൽമാൻ ഖാന്റെ പുതിയ ചിത്രമായ സികന്ദറിന്റെ ടീസർ പുറത്തുവന്നത്. ടീസറിലെ സൽമാൻ ഖാന്റെ മാസ് പരിവേഷവും സംഭാഷണങ്ങളുമെല്ലാം ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ടീസറിൽ സൽമാൻ ഖാൻ പറയുന്ന സംഭാഷണവും ചർച്ചയായിരുന്നു. ‘ഒരുപാടുപേർ എന്റെ പിന്നാലെയുള്ളതായി കേട്ടു. ഇപ്പോൾ അവർക്കെതിരെ തിരിയാനുള്ള സമയമായി’ എന്ന സംഭാഷണമാണ് വൈറലായത്. തനിക്കെതിരെ വധഭീക്ഷണി മുഴക്കിയ അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയി സംഘത്തിനെതിരെയുള്ള സൽമാൻ ഖാന്റെ പരോക്ഷ മറുപടിയായാണ് സോഷ്യൽ മീഡിയ ഈ ഡയലോഗിനെ വിലയിരുത്തുന്നത്.
2025 ഈദ് റിലീസായാണ് സികന്ദർ തിയേറ്ററുകളിലെത്തുക. സംവിധാനവും തിരക്കഥയും എ.ആർ.മുരുഗദോസാണ്. സാജിദ് നാദിയാവാലയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]