
മമ്മൂട്ടിയേയും പുതിയ ചിത്രം ഭ്രമയുഗത്തേയും പ്രശംസിച്ച് സംവിധായകൻ എൻ. ലിംഗുസാമി. ഓരോ സിനിമകളിലും ഇത്രയധികം വ്യത്യസ്തത കൊണ്ടുവരാൻ മമ്മൂട്ടിക്ക് എങ്ങനെ സാധിക്കുന്നുവെന്ന് ലിംഗുസാമി ചോദിച്ചു. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ഭ്രമയുഗത്തിൻ്റെ ട്രെയിലർ കണ്ടതിന് ശേഷമാണ് ലിംഗുസാമി പ്രശംസയുമായി എത്തിയത്. ഒരുപാട് ചിത്രങ്ങൾ ചെയ്തതിന് ശേഷവും ഇത്രയും വ്യത്യസ്ത മമ്മൂട്ടി സാറിന് എങ്ങനെ കൊണ്ടുവരാൻ സാധിക്കുന്നുവെന്നത് ആശ്ചര്യമുളവാക്കുന്നു. ഭ്രമയുഗത്തിലൂടെ മമ്മൂട്ടി സൃഷ്ടിക്കാൻ പോകുന്ന മാജിക് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ചിത്രത്തിൻ്റെ ട്രെയിലറും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.
മമ്മൂട്ടി അഭിനയിച്ച ‘ആനന്ദം’ എന്ന ചിത്രത്തിലൂടെ തമിഴിൽ സംവിധായകനായി തുടക്കമിട്ടയാളാണ് എൻ. ലിംഗുസാമി. പയ്യ, വേട്ടൈ, സണ്ടക്കോഴി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്.
അതേസമയം, മമ്മൂട്ടിയും അർജുൻ അശോകനും പ്രധാന വേഷത്തിലെത്തുന്ന ഭ്രമയുഗം ഫെബ്രുവരി 15-ന് തിയേറ്ററുകളിലെത്തും. ഭൂതകാലം എന്ന ചിത്രത്തിൻ്റെ സംവിധായകനായ രാഹുൽ സദാശിവനാണ് ചിത്രം ഒരുക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]