മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ വിവരം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഇപ്പോഴിതാ, സെയ്ഫിനെ അക്രമി ആവർത്തിച്ച് കുത്തുന്നത് താൻ കണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് പോലീസിന് മൊഴി നൽകിയിരിക്കുകയാണ് ഭാര്യ കരീന കപൂർ. വീട്ടിൽ നുഴഞ്ഞുകയറിയ വ്യക്തി ആക്രമണകാരിയായിരുന്നു. സെയ്ഫിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായിരുന്നു തങ്ങളുടെ മുൻഗണന. വിലപിടിപ്പുള്ള വസ്തുക്കളൊന്നും അക്രമി വീട്ടിൽ നിന്ന് കൊണ്ടുപോയിട്ടില്ലെന്നും കരീന ബാന്ദ്ര പോലീസിന് മുന്നിൽ വ്യക്തമാക്കി.
വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സെയ്ഫിന്റെ ബാന്ദ്ര വെസ്റ്റിലെ സദ്ഗുരു ശരൺ കെട്ടിടത്തിൽ വെച്ച് നടൻ ആക്രമിക്കപ്പെടുന്നത്. ഗുരുതരപരിക്കേറ്റ് ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള താരം അപകടനില തരണംചെയ്തതായി ഡോക്ടർമാർ അറിയിച്ചിരുന്നു. നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളുണ്ടായിരുന്നു. നട്ടെല്ലിൽനിന്ന് രണ്ടര ഇഞ്ച് നീളമുള്ള കത്തി ശസ്ത്രക്രിയയിലൂടെ നീക്കിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.
അതേസമയം, ആക്രമണത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവന്ന് 54 മണിക്കൂറുകൾ പിന്നിടുമ്പോഴും പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. 30 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. 30-ലധികം ആളുകളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. സെയ്ഫ് അലിഖാനെ കുത്തിയ പ്രതി പ്രദേശം നേരത്തേ നിരീക്ഷിച്ചിരുന്നതായാണ് പോലീസ് സംശയിക്കുന്നത്. കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചതോടെ സി.സി.ടി.വി. ക്യാമറകൾ ഒഴിവാക്കാൻ ഫയർ എക്സിറ്റ് പടികൾ കയറുകയായിരുന്നു. കൃത്യമായ ആസൂത്രണമില്ലാതെ ഇതിനു സാധിക്കില്ലെന്നാണ് പോലീസിന്റെ നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]