കാത്തിരിപ്പിന്റെ ആലസ്യം അക്ഷമയ്ക്ക് വഴിമാറുന്നു. ഒരേ സ്വരത്തിൽ, ഒരൊറ്റ മനസ്സോടെ ജനക്കൂട്ടം ആർത്തുവിളിക്കുന്നു: “ദാസേട്ടാ…”
നിറഞ്ഞ സദസ്സിലെ പതിനായിരങ്ങളിലൊരാളായി കാതോർത്തിരിക്കുകയാണ് ഗാനഗന്ധർവന് വേണ്ടി. ഏതു നിമിഷവും ശുഭ്രവസ്ത്രധാരിയായി വേദിയിൽ പ്രത്യക്ഷപ്പെടാം അദ്ദേഹം. വർഷങ്ങളുടെ ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ്. തൊട്ടടുത്തിരുന്ന് ആരോ മുറുമുറുക്കുന്നു: “മൂപ്പര് വര്വോ? ഇനിക്ക് വിശ്വാസംല്ല്യ. മുൻപും മൂപ്പര് വരുംന്ന് കേട്ടിരുന്നൂലോ…”
എല്ലാ ആശങ്കകളും അസ്ഥാനത്താക്കിക്കൊണ്ട് ഒടുവിൽ കണ്മുന്നിൽ പ്രത്യക്ഷപ്പെടുന്നു ഗന്ധർവൻ. അന്തരീക്ഷം പൊടുന്നനെ മൗനമുഖരിതം. അവിശ്വസനീയത കലർന്ന ആ നിശ്ശബ്ദതയ്ക്കൊടുവിൽ കാതടപ്പിക്കുന്ന ആരവങ്ങളോടെ ഗായകനെ എതിരേൽക്കുന്നു സദസ്സ്. മുന്നിലെ ചുമലുകൾക്ക് മുകളിലൂടെ ഏന്തിവലിഞ്ഞു നോക്കുമ്പോൾ അങ്ങു ദൂരെ ഒരു വെളുത്ത പൊട്ട് മാത്രം കാണാം. ഏറ്റവും പിന്നിലെ നിരയിലാണല്ലോ എന്റെ ഇരിപ്പ്. സങ്കടം തോന്നി. കാറ്റിൽ ആടിപ്പറക്കുന്ന ഋഷിതുല്യമായ ആ വെൺമേഘമുടിയും താടിയും അടുത്തുനിന്ന് കാണാൻ മോഹിച്ചിരുന്നല്ലോ. പറ്റുമെങ്കിൽ ഒന്ന് തൊടാനും…
ഒരു നിമിഷം. മൈതാനിക്ക് ചുറ്റും ഉയർത്തിക്കെട്ടിവെച്ചിരുന്ന മൾട്ടി വാട്ട്സ് സ്പീക്കറുകളിലൂടെ അപ്രതീക്ഷിതമായി ഒരു ശബ്ദം ഒഴുകിയെത്തി അന്തരീക്ഷത്തിൽ നിറയുന്നു. പതിറ്റാണ്ടുകളായി മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായ ശബ്ദം: “ഇടയകന്യകേ പോകുക നീ ഈയനന്തമാം ജീവിത വീഥിയിൽ ഇടറാതെ കാലിടറാതെ…” സദസ്സ് അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുന്നു. ആഹ്ളാദലഹരിയിൽ ചിലരൊക്കെ തേങ്ങിക്കരയുന്നു.
കഴിഞ്ഞു. ഒരു സ്വപ്നം അവസാനിക്കുകയാണ്. ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് കണ്ണുതുറന്നപ്പോൾ മുന്നിൽ വേദിയില്ല. വേദിയിൽ വെളുത്ത പൊട്ടില്ല. ആരവങ്ങളില്ല. ചുറ്റും ഘനീഭവിച്ച മൗനവും ഇരുട്ടും മാത്രം.
ഒരു ഗന്ധർവൻ, പല കാലം: യേശുദാസ് പല കാലങ്ങളിൽ
പല്ലവിയിൽനിന്ന് അനുപല്ലവിയിലേക്കുള്ള യാത്രാമദ്ധ്യേ കൈവിട്ടുപോയ മനോഹരമായ ഒരു ഗാനം പോലെയായിരുന്നു ആ മധുരസ്വപ്നം. ഇടയ്ക്കു വെച്ച് മുറിഞ്ഞുപോയ ആ ‘പാട്ടി’ന്റെ കഥ പിറ്റേന്ന് കാലത്ത് വാട്സാപ്പിലൂടെ പങ്കുവച്ചപ്പോൾ പ്രഭ യേശുദാസിന്റെ മറുപടി: “രവിയുടെ സ്വപ്നം ദൈവം സഫലമാക്കട്ടെ.” കണ്ണുകൾ അറിയാതെ നനഞ്ഞു. എന്റെ മാത്രം സ്വപ്നമല്ലല്ലോ അത്. യേശുദാസിന്റെ ശബ്ദത്തിനൊപ്പം വളരുകയും സന്തോഷിക്കുകയും ദുഃഖിക്കുകയും പ്രണയിക്കുകയും പ്രാർത്ഥിക്കുകയും ആ നാദത്തിന്റെ കൈപിടിച്ച് ജീവിതത്തിന് പുത്തൻ അർത്ഥതലങ്ങൾ കണ്ടെത്തുകയും ചെയ്ത എത്രയോ തലമുറകളുടെ നിശബ്ദ മോഹം.
“വരണമെന്ന് ശരിക്കും ആഗ്രഹമുണ്ട്; നിങ്ങളെയൊക്കെ കാണണമെന്നും. ജീവിതം ഇവിടെയാണെങ്കിലും ഞങ്ങളുടെ മനസ്സ് അവിടെയാണ്…” മുൻപൊരിക്കൽ ഫോണിൽ സംസാരിച്ചപ്പോൾ ദാസേട്ടനും പത്നിയും പറഞ്ഞ വാക്കുകളായിരുന്നു ഓർമ്മയിൽ.
കൺവെട്ടത്തില്ല ഇപ്പോൾ യേശുദാസ്. കാതോരത്തേയുള്ളൂ. വർഷങ്ങളായി വിദേശത്താണ് അദ്ദേഹം. എൺപത്തഞ്ചാം പിറന്നാൾ ആഘോഷിച്ചതും അവിടെവെച്ചു തന്നെ. ഒന്നോർത്താൽ സങ്കടപ്പെടേണ്ട കാര്യമില്ല. എന്നും കാതോരത്തായിരുന്നല്ലോ ദാസേട്ടൻ. ഈ ശബ്ദത്തിന്റെ ഉടമ ഒരു സങ്കൽപം മാത്രമാണെന്ന് ധരിച്ചിരുന്നു ഒരിക്കൽ. റേഡിയോയിലെ ചലച്ചിത്രഗാന പരിപാടികളിലൂടെയും ഉയരമുള്ള മരങ്ങളിലും മുളങ്കമ്പുകളിലും വലിച്ചു കെട്ടിയ കോളാമ്പികളിലൂടെയും കാറ്റിൽ ഒഴുകിയെത്തുന്ന ഒരു ശബ്ദം. ഞങ്ങളുടെ എസ്റ്റേറ്റിലെ ഏറ്റവും ഉയർന്ന പ്രദേശമായ കാപ്പക്കുന്നിന്റെ മുകളിൽ കയറി നിന്നാൽ അങ്ങ് ദൂരെ ചെമ്പ്ര പീക്കിൽ തട്ടി ചിന്നിച്ചിതറി വരുന്ന യേശുദാസിനെ കേൾക്കാം: “സ്വർഗപുത്രീ നവരാത്രീ, കായാമ്പൂ കണ്ണിൽ വിടരും, ഗംഗയാറു പിറക്കുന്നു ഹിമവൻ മലയിൽ…”
സ്കൂളിലേക്കുള്ള രണ്ടു മൈൽ ദൂരം നടന്നു താണ്ടുന്നതിനിടെ മുതിർന്ന ക്ലാസിൽ പഠിക്കുന്ന അയൽക്കാരൻ കൂടിയായ ശ്രീനിവാസനിൽ നിന്നാണ് ആ ‘സത്യം’ ഞാൻ ആദ്യമായി അറിഞ്ഞത്: യേശുദാസ് ഒരു ശബ്ദമാണ്. അങ്ങനെയൊരു മനുഷ്യനില്ല. മാന്ത്രികനായ മാൻഡ്രേക്കിന്റെ കഥയിലെ കഥാപാത്രമായ ക്ലേക്യാമലിനെ പോലെ ഞൊടിയിടയിൽ വേഷം മാറി ഏതു രൂപത്തിലും വരും അത് – കാറ്റായി, മഴയായി, പുഴയായി, പൂവായി, പറവയായി, പൂമ്പാറ്റയായി… നാടകീയമായ ആംഗ്യ വിക്ഷേപങ്ങളോടെ ശ്രീനു പറഞ്ഞുതരുന്ന ഓരോ കഥയും കണ്ണുമടച്ചു വിശ്വസിച്ചിരുന്ന എനിക്ക് ഈ കഥ അവിശ്വസിക്കേണ്ട കാര്യമേ ഉണ്ടായിരുന്നില്ല. ആയിടക്കൊരിക്കൽ കല്പറ്റയിൽ നടക്കേണ്ടിയിരുന്ന ഒരു ഗാനമേളക്ക് യേശുദാസ് രാവേറെ വൈകിയിട്ടും എത്തിച്ചേർന്നില്ല എന്നുകൂടി കേട്ടപ്പോൾ തീർച്ചയായി. ഇല്ലാത്ത ഒരാൾ എങ്ങനെ പാടാൻ വരും?
പ്രഭാ യേശുദാസ്, യേശുദാസ്, എം.എസ്. നസീം എന്നിവർക്കൊപ്പം രവി മേനോൻ. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
യേശുദാസ് ഒരു സങ്കൽപമല്ലെന്നു മനസ്സിലാക്കിത്തന്നത് കോട്ടയത്ത് നിന്നിറങ്ങിയിരുന്ന സിനിമാ മാസികയാണ്. ദാസ് സിനിമയിൽ എത്തിയതിന്റെ പത്താം വാർഷിത്തോടനുബന്ധിച്ചു പുറത്തിറക്കിയ സ്പെഷൽ പതിപ്പിൽ, മീശയും താടിയുമില്ലാത്ത, എണ്ണമയമുള്ള മുടി ‘കുരുവിക്കൂട്’ സഹിതം ഒതുക്കിവെച്ച ശുഭ്രവസ്ത്രധാരിയായ യേശുദാസിന്റെ രൂപം ആദ്യമായി കണ്ടു. എന്നെങ്കിലും യേശുദാസിന്റെ ഗാനമേള നേരിൽ കാണണം എന്ന് മോഹിച്ചു തുടങ്ങിയതും അതോടെ തന്നെ. ദേവഗിരി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അതിനൊരു ശ്രമം നടത്തിനോക്കിയതാണ്, ഹോസ്റ്റലിലെ സഹമുറിയന്മാർക്കൊപ്പം. പക്ഷേ, പാസില്ലാതെ വന്ന ഞങ്ങളെ ഗേറ്റിന് മുന്നിൽ സെക്യൂരിറ്റിക്കാർ തടഞ്ഞു. കരഞ്ഞു പറഞ്ഞിട്ടും ഗാലറിയിലേക്ക് കയറ്റിവിട്ടില്ല അവർ. നിരാശയോടെ തിരിച്ചുപോരുമ്പോൾ പനമ്പു കെട്ടി മറച്ച മതിലുകളിലെ വിടവുകൾക്കിടയിലൂടെ കാറ്റിൽ ഇടയകന്യക ഒഴുകി വരുന്നുണ്ടായിരുന്നു ..
രവീന്ദ്ര ജെയ്ൻ ഒരിക്കൽ പറഞ്ഞപോലെ ഏതു സംഗീതസംവിധായകന്റെയും സൗഭാഗ്യമാണ് യേശുദാസ്. അതിപ്രഗത്ഭരായ ഗാനരചയിതാക്കളും സംഗീത സംവിധായകരും നിറഞ്ഞുനിന്ന 1960 കളിലും 70 കളിലുമൊക്കെ അവരുടെ സൃഷ്ടികൾക്ക് ശബ്ദം പകരാൻ ഒരു യേശുദാസ് ഉണ്ടായി എന്നത് അവരുടെ മാത്രമല്ല നമ്മുടെയും സുകൃതം. ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ, എ. എം. രാജ, ഉദയഭാനു, കമുകറ, മെഹബൂബ്… എല്ലാവരും അവരവരുടെ ആലാപനവഴികളിൽ അഗ്രഗണ്യർ. പക്ഷേ ഏത് ജനുസ്സിൽ പെട്ട പാട്ടും പാടാൻ അന്നത്തെ സംഗീത സംവിധായകർ ആദ്യം തിരഞ്ഞു ചെന്നത് യേശുദാസിനെയാണ്. നമ്മൾ ഉദ്ദേശിക്കുന്ന തലത്തിലേക്ക്, അല്ലെങ്കിൽ അതിനുമപ്പുറത്തേയ്ക്ക് പാട്ടിനെ ഉയർത്തിക്കൊണ്ടുപോകാൻ കഴിയുന്നവരെയാണല്ലോ ആരും ഇഷ്ടപ്പെടുക; പടത്തിന് പണം മുടക്കുന്നവർ ഉൾപ്പെടെ. യേശുദാസിന് അക്കാര്യത്തിൽ മിനിമം ഗ്യാരണ്ടി ഉണ്ടായിരുന്നു അക്കാലത്ത്. പ്രണയഗാനമായാലും ഭക്തിഗാനമായാലും ഹാസ്യഗാനമായാലും ദുഃഖഗാനമായാലും അതെല്ലാം യേശുദാസ് പാടും, പാടണം എന്ന നിലവന്നു. ഒരു ജയചന്ദ്രനോ ബ്രഹ്മാനന്ദനോ മാത്രമേ ഈ കുത്തൊഴുക്കിൽ പിടിച്ചുനിൽക്കാനായുള്ളൂ. വ്യക്തിത്വമാർന്ന ആലാപന ശൈലിയായിരുന്നു ഈ ഗായകരുടെ മുഖമുദ്ര. അവർ പാടിയ പാട്ടുകൾ ഭൂരിഭാഗവും ജനങ്ങൾ ഹൃദയപൂർവം സ്വീകരിച്ചത് ഈ വ്യത്യസ്തത കൊണ്ടുകൂടിയാകാം.
രവി മേനോൻ യേശുദാസിനൊപ്പം
ആദ്യകേൾവിയിൽ തന്നെ നമ്മളെ വിസ്മയിപ്പിച്ച ശബ്ദം പിന്നീടുള്ള കേൾവികളിൽ അതേ വികാരം ഉണ്ടാക്കാതെ പോയ അനുഭവങ്ങൾ ധാരാളം. പക്ഷേ യേശുദാസിന്റെ കാര്യത്തിൽ ആ അത്ഭുതം പതിന്മടങ്ങു വർദ്ധിച്ചിട്ടേ ഉള്ളൂ. അറുപത് വർഷങ്ങൾക്ക് മുൻപ് ആദ്യമായി കേട്ട താമസമെന്തേ വരുവാൻ ഇപ്പോൾ കേൾക്കുമ്പോഴും ഫ്രഷ് ആയി തോന്നും. മാത്രമല്ല ഓരോ കേൾവിയിലും മുമ്പ് ശ്രദ്ധിക്കാതെ പോയ പല സൂക്ഷ്മഘടകങ്ങളും യേശുദാസിന്റെ ആലാപനത്തിൽ തെളിഞ്ഞുവരുന്നുണ്ട്. വരികളുടെയോ ഈണത്തിന്റെയോ മാന്ത്രികത മാത്രമല്ല അത്, ആലാപനത്തിന്റെ വശ്യത കൂടിയാണ്. യേശുദാസിന്റെ പാട്ടുകൾ കേട്ട് വളർന്നില്ലായിരുന്നെങ്കിൽ പാട്ടുകളെക്കുറിച്ച് ഇതുപോലെ താല്പര്യപൂർവം എഴുതാൻ കഴിയുമായിരുന്നോ എന്ന് സംശയം.
അൻപതിലെത്തിയപ്പോഴും അറുപതും എഴുപതും എൺപതും തികഞ്ഞപ്പോഴും യേശുദാസിനെ കുറിച്ചെഴുതി; ഇപ്പോഴിതാ ആയിരം പൂർണചന്ദ്രന്മാരെ കണ്ടശേഷവും എഴുതിക്കൊണ്ടിരിക്കുന്നു. എത്ര എഴുതിയാലും മതിവരാത്ത അനുഭവമായി, പകരം വെക്കാനില്ലാത്ത അനുഭൂതിയായി ഉള്ളിൽ ജ്വലിച്ചു നിൽക്കുന്നു യേശുദാസ്; ഈ എൺപത്തിയഞ്ചാം വയസ്സിലും
ഇതെന്തൊരു യേശുദാസ് ഭ്രമം എന്ന് അന്തം വിടുന്നുണ്ടാകും ചിലരെങ്കിലും. പരാതിയില്ല. ഈ ഭ്രമമാണല്ലോ എന്നെ ഞാനാക്കിയത്, സ്വപ്നതുല്യമായ പാട്ടു വഴികളിലൂടെ സ്നേഹപൂർവ്വം കൈപിടിച്ചു നടത്തിയതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]