ഹൈദരാബാദ്: പുഷ്പ 2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ തിയേറ്റർ അധികൃതർക്ക് കാരണം കാണിക്കൽ നോട്ടീസയച്ച് ഹൈദരാബാദ് പോലീസ്. സംഭവം നടന്ന സന്ധ്യാ തീയേറ്റർ അധികൃതർക്കാണ് നോട്ടീസയച്ചത്. പോലീസ് തീയേറ്ററിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ലൈസന്‍സ് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 11-ഓളം വീഴ്ചകള്‍ തീയേറ്ററിന്റെ ഭാഗത്തുനിന്നുണ്ടായതായാണ് പോലീസ് പറയുന്നത്.
തീയേറ്ററിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ തൃപ്തികരമല്ലെന്നും അല്ലു അര്‍ജുന്റെ സന്ദര്‍ശനത്തെ സംബന്ധിച്ച് തിയേറ്റര്‍ അധികൃതര്‍ പോലീസിനെ അറിയിച്ചില്ലെന്നും നോട്ടീസില്‍ പറയുന്നു. സിനിമയിലെ പ്രധാന അഭിനേതാക്കള്‍ വന്‍ ജനക്കൂട്ടത്തിന് ഇടയാക്കുമെന്ന് അറിഞ്ഞിട്ടും തീയേറ്ററിലേക്ക് പോകാനും വരാനുമൊന്നും യാതൊരു നടപടിക്രമങ്ങളും സ്വീകരിച്ചില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. അപകടം നടന്ന സന്ധ്യാ തിയേറ്റര്‍ പല തവണ ഇതിന് മുമ്പ് സന്ദര്‍ശിച്ചിട്ടുണ്ടെന്നും എന്നാല്‍ യാതൊരു തരത്തിലുളള അപകടങ്ങളും മുമ്പുണ്ടായിട്ടില്ലെന്നുമാണ് നേരത്തേ അല്ലു അര്ജുന് പ്രതികരിച്ചത്.
സംഭവത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വസതിയിലെത്തിയാണ് പോലീസ് അല്ലുവിനെ അറസ്റ്റ് ചെയ്തത്. കേസില്‍ നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകം തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഉത്തരവ് വൈകിയെത്തിയ പശ്ചാത്തലത്തില്‍ അല്ലുവിന് ഒരു രാത്രി ജയിലില്‍ കഴിയേണ്ടി വന്നു. ശനിയാഴ്ച്ച രാവിലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അല്ലുവിനെ സ്വീകരിക്കാന്‍ വന്‍ ആരാധകക്കൂട്ടം കാത്തുനിന്നിരുന്നു. വീട്ടിലേക്കെത്തിയ അല്ലുവിനെ ഏറെ വൈകാരികമായാണ് ഭാര്യയും കുഞ്ഞുങ്ങളും സഹോദരനും സ്വീകരിച്ചത്.
ഡിസംബര്‍ നാലാം തീയതി രാത്രി 11 മണിയുടെ പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ ദില്‍സുഖ്നഗര്‍ സ്വദേശിനിയായ രേവതി(39) ആണ് മരിച്ചത്. ഇവരുടെ ഒമ്പത് വയസുകാരനായ മകന് ശ്രീതേജ് ബോധരഹിതനാവുകയും ചെയ്തിരുന്നു. യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റിരുന്നു. അല്ലു അര്ജുന് എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ടായിരുന്നു അപകടം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]