കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് നിര്‍മാതാവ് സാന്ദ്രാ തോമസിനെ പുറത്താക്കിയ നടപടിക്ക് താത്കാലിക സ്റ്റേ. എറണാകുളം സബ് കോടതിയാണ് സ്റ്റേ നല്‍കിയത്. നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരേ സാന്ദ്രാ തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ഇടക്കാല സ്റ്റേയാണ് കോടതി നല്‍കിയത്. അന്തിമ ഉത്തരവ് വരുംവരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അംഗമായി തുടരാം.
അച്ചടക്കം ലംഘിച്ചു എന്ന് കാണിച്ചാണ് നേരത്തേ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് നിര്‍മാതാവ് സാന്ദ്രാ തോമസിനെ പുറത്താക്കിയത്. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടി സംഘടനയ്ക്കെതിരേ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വിശദീകരണം ചോദിച്ചിരുന്നു. ഈ വിശദീകരണം തൃപ്തികരമല്ല എന്ന് കണ്ടതിനെ തുടര്‍ന്ന് സംഘടന കാരണം കാണിക്കല്‍ നോട്ടീസും നല്കി. ഇതും തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് അച്ചടക്ക ലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയത്.
സിനിമാവിതരണവുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ വിളിച്ചുവരുത്തി അസോസിയേഷനിലെ ഭാരവാഹികള്‍ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു എന്ന് സാന്ദ്ര പരാതി നല്‍കുകയും തുടര്‍ന്ന് ഭാരവാഹികള്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരേ സാന്ദ്ര കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. ഒന്നോ രണ്ടോ വ്യക്തികളുടെ തീരുമാനപ്രകാരം മാത്രമാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും മറ്റുള്ളവരെ ഒന്നും അറിയിക്കുന്നില്ലെന്നുമാണ് സാന്ദ്രാ തോമസ് പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]