വാനപ്രസ്ഥത്തിന്റെ സംഗീതത്തെക്കുറിച്ച് ആലോചിച്ചപ്പോഴാണ് സാക്കിര്‍ ഹുസൈന്റെ തബലയുടെനാദം ഞങ്ങളുടെ മനസ്സില്‍ ഉണര്‍ന്നത്. ചെണ്ടയും മദ്ദളവും ചേങ്ങിലയും എല്ലാം ചേര്‍ന്നതാണല്ലോ കഥകളി. ഞങ്ങള്‍ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം വന്നു.
ശബ്ദങ്ങള്‍ക്കിടയിലെ നിശ്ശബ്ദതകൂടിയാണ് സിനിമ. വാനപ്രസ്ഥം കണ്ടാലറിയാം. ശബ്ദങ്ങള്‍ക്കിടയില്‍ സാക്കിര്‍ ഹുസൈന് നിശ്ശബ്ദതയും കാത്തുവെച്ചിട്ടുണ്ടെന്ന്. അതേസമയം, ശബ്ദങ്ങളെ അദ്ദേഹം അതിന്റെ സൂക്ഷ്മതയില്‍ ഉപയോഗിക്കുകയും ചെയ്തു. മട്ടന്നൂരിന്റെ ചെണ്ട അദ്ദേഹം തന്നെ കൊട്ടണം എന്നു പറഞ്ഞു. അത് മറ്റൊരാള്‍ക്ക് അനുകരിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
വാനപ്രസ്ഥം കാന്‍ ഫെസ്റ്റിവലില്‍ അംഗീകരിക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്കൊപ്പം സാക്കിര്‍ ഹുസൈനുമുണ്ടായിരുന്നു. പാരീസിലും വെനീസിലും അദ്ദേഹത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ ഇപ്പോഴും മറന്നിട്ടില്ല.
പിന്നീട്, എപ്പോള്‍ എവിടെവെച്ച് കണ്ടാലും അദ്ദേഹം എന്നെ ചേര്‍ത്തുപിടിക്കുമായിരുന്നു. എനിക്ക് അദ്ദേഹത്തെ തിരിച്ചറിയുന്നു എന്നതില്‍ അദ്ഭുതമില്ല. മറിച്ച് അദ്ദേഹം ഓരോതവണയും മലയാളഭാഷയിലെ ഒരു നടന് മാത്രമായ എന്നെ തിരിച്ചറിയുന്നു എന്നത് ഏറെ അദ്ഭുതപ്പെടുത്തി.
ഞാനും ശോഭനയും സാക്കിര്‍ ഹുസൈനും ചേര്‍ന്ന് ഋതു (Season)ക്കളെ അടിസ്ഥാനപ്പെടുത്തി ഒരു പരിപാടി പ്ലാന്‍ചെയ്തിരുന്നു. ഒരുക്കങ്ങള്‍ തുടങ്ങിയെങ്കിലും പൂര്‍ത്തിയായില്ല. ഋതു ഭേദങ്ങള്ക്കപ്പുറത്തെ ലോകത്തേക്ക് അദ്ദേഹം പോയിക്കഴിഞ്ഞു. പ്രണാമം, ആ വിരലുകള്‍ക്കും സൗഹൃദത്തിനും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]