
പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റേതായി വരുന്ന ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് സിനിമാപ്രേമികൾ സ്വീകരിച്ചിരുന്നത്. ഇതിൽപ്പെട്ട ഒന്നായിരുന്നു സലാറിൽ ഒരു വേഷത്തിൽ കന്നഡ നടൻ യഷ് എത്തുമെന്നത്. ചിത്രത്തിന്റെ നിർമാതാവായ വിജയ് കിരഗണ്ടൂർ ഈ വാർത്തയോട് പ്രതികരിച്ചിരിക്കുകയാണിപ്പോൾ.
സലാറിലെ ഒരു ഗാനം ആലപിച്ച തീർത്ഥാ സുഭാഷിന്റേതായി ഒരു മാധ്യമത്തിൽ വന്ന അഭിമുഖത്തിൽ ചിത്രത്തിലെ താരനിരയിൽ യഷുമുണ്ടെന്ന് പറഞ്ഞിരുന്നു. ഇതോടെ സലാറിന് യഷ് നായകനായ പ്രശാന്ത് നീൽ ചിത്രം കെ.ജി.എഫുമായി ബന്ധമുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളും ഉയർന്നു. ഇതിനുപിന്നാലെയാണ് വിഷയത്തിൽ നിർമാതാവുതന്നെ കൂടുതൽ വ്യക്തതവരുത്തിയത്. സലാറിന് കെ.ജി.എഫുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് പ്രശാന്ത് നീൽ നേരത്തേതന്നെ വ്യക്തമാക്കിയതാണെന്ന് വിജയ് കിരഗണ്ടൂർ പറഞ്ഞു. സലാറിൽ ആരുടേയും കാമിയോ വേഷം ഇല്ലെന്നും പ്രചരിക്കുന്നതെല്ലാം അസത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്ക് സംഭവിച്ചത് നാക്കുപിഴയാണെന്നുപറഞ്ഞ് ഗായിക തീർത്ഥാ ദാസും രംഗത്തെത്തിയിരുന്നു. “ഞാൻ കെജിഎഫ് സിനിമ ഒത്തിരി തവണ കണ്ടിട്ടുണ്ട്. അവസരം വന്നപ്പോൾ, കെജിഎഫ് ടീം ആണ് സലാറിന്റെ മ്യൂസിക്കും കാര്യങ്ങളുമൊക്കെയെന്ന് അച്ഛൻ പറഞ്ഞിരുന്നു. അപ്പോൾ യാഷ് അങ്കിളും സലാറിൽ ഉണ്ടാകുമെന്നായിരുന്നു എന്റെ മനസിൽ. ആ ഒരിതിൽ ആയിരുന്നു ബൈറ്റിൽ പറഞ്ഞത്. തെറ്റി പറഞ്ഞ് പോയതാണ്”, എന്നാണ് തീർത്ഥ വ്യക്തമാക്കിയിരിക്കുന്നത്.
രണ്ട് മണിക്കൂറും 55 മിനിറ്റും ദൈർഘ്യമുള്ള ചിത്രം ഒരു ആക്ഷൻ ചിത്രത്തേക്കാളുപരി രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദവും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പറയുന്നത്. വരധരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വരധരാജന്റെ ബാല്യകാല സുഹൃത്ത് ദേവ എന്ന നായക കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുക. ശ്രുതി ഹാസനാണ് നായിക. ഇവർക്ക് പുറമെ ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഭുവൻ ഗൗഡ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഉജ്വൽ കുൽക്കർണി ആണ്. ഹോംബാലെ ഫിലിംസിൻറെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് സലാർ നിർമിക്കുന്നത്. സലാർ കേരളത്തിൽ ഡിസംബർ 22ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് തിയേറ്ററുകളിൽ എത്തിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]