
‘‘മോഹൻലാൽ അസ്സലാക്കുകയാണ് ചെയ്തത്. ഒരു നടനും അതിലേറെ ചെയ്യാനാകില്ല. കാലങ്ങളായി തൃശ്ശൂരിൽ താമസിക്കുന്ന എനിക്കുപോലും ഇപ്പോഴും ശരിക്കുള്ള തൃശ്ശൂർ ഭാഷാശൈലി അറിയില്ല. അതറിയുന്നവർ ചുരുക്കം. സിനിമയിൽ ടി.ജി. രവിക്കാണ് ഏറ്റവും കൂടുതൽ പറയാനാകുക.’’ -പദ്മരാജന്റെ ‘തൂവാനത്തുമ്പികൾ’ സിനിമയിലെ മോഹൻലാലിന്റെ തൃശ്ശൂർ ഭാഷാശൈലി വിവാദമായി തുടരുമ്പോൾ, ജീവിതത്തിൽ മണ്ണാറത്തൊടി ജയകൃഷ്ണനായിരുന്ന അഡ്വ. ഉണ്ണിമേനോൻ അതേക്കുറിച്ച് പറയുന്നു.
മോഹൻലാലിന്റെ തൃശ്ശൂർ ഭാഷാശൈലി ശരിയായില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ പരാമർശത്തിലാണ് പ്രതികരണം. പദ്മരാജന്റെ മകൻ അനന്തപദ്മനാഭൻ ഉൾപ്പെടെ നിരവധിപേർ വിവിധ അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരുന്നു.
തൃശ്ശൂർ നഗരത്തിൽ ജീവിതം ആസ്വദിച്ച് ആഘോഷമാക്കിയ അഡ്വ. ഉണ്ണിമേനോന്റെ ജീവിതമാണ് പദ്മരാജൻ തൂവാനത്തുമ്പികളിലേക്ക് ആവാഹിച്ചത്. ഇപ്പോൾ 84 വയസ്സുണ്ട് ഉണ്ണിമേനോന്. 20 വയസ്സുള്ളപ്പോഴാണ് പദ്മരാജനുമായുള്ള പരിചയം തുടങ്ങിയത്. ആകാശവാണിയിൽ ജോലി കിട്ടി തൃശ്ശൂരിലെത്തിയതാണ് പദ്മരാജൻ. ബിരുദം കഴിഞ്ഞ ഉണ്ണിമേനോൻ അപ്പോൾ തൃശ്ശൂരിലെ ലോഡ്ജിലായിരുന്നു താമസം. രണ്ടു വർഷത്തെ ഉറ്റസൗഹൃദത്തിൽനിന്ന് ഉണ്ണിമേനോനെപ്പറ്റി നേരിട്ടും പലരിൽനിന്ന് കേട്ടും അറിഞ്ഞ കാര്യങ്ങൾ പദ്മരാജൻ ഡയറിയിലെഴുതിവെച്ചു. വേറിട്ട ജീവിതകഥ ഉൾപ്പെടുത്തി ‘ഉദകപ്പോള’ എന്ന നോവലെഴുതി. അതിൽനിന്ന് ഉണ്ണിമേനോന്റെ ജീവിതം അടർത്തിയെടുത്ത്, ജയകൃഷ്ണനെയും ക്ലാരയെയും രാധയെയും മഴയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സിനിമയെടുത്തു. കാലവും ദേശവും താണ്ടി പ്രശസ്തിയുടെ കൊടുമുടിയേറിയ സിനിമ ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്.
തൃശ്ശൂരിലെ കൂട്ടുകെട്ടിൽ ഉണ്ണിമേനോൻ പ്രയോഗിച്ചിരുന്ന വാക്യമായിരുന്നു ‘മ്മക്കൊരു നാരങ്ങാവെള്ളം കാച്യാലോ’ എന്നത്. ജഗതി ശ്രീകുമാർ അഭിനയിച്ച കുടിയാനെ ഒഴിപ്പിക്കുന്നതും കോളേജിൽ പ്രേമം പറയാനെത്തുന്നതും ബിയർക്കുപ്പി ഫാനിലെറിഞ്ഞുടയ്ക്കുന്നതുമെല്ലാം ഉണ്ണിമേനോന്റെ ജീവിതം തന്നെ. സിനിമയിലെ രാധ ജീവിതത്തിലെ ഉഷയായിരുന്നു. ക്ലാര മാത്രം പദ്മരാജന്റെ സാങ്കല്പിക സൃഷ്ടി. വിദേശത്തേക്കു പോയ ഉണ്ണിമേനോൻ അവിടെനിന്ന് സിനിമ കണ്ടപ്പോഴാണ് തന്റെ ജീവിതമാണല്ലോ ഇതെന്നറിയുന്നത്.
നാട്ടിലെത്തി കണ്ടപ്പോൾ പദ്മരാജൻ പറഞ്ഞു-‘‘ഡബ്ബിങ് സമയത്ത് മോഹൻലാലിന് അസുഖം കാരണം ശബ്ദത്തിന്റെ പ്രശ്നമുണ്ടായിരുന്നു.’’ ഉണ്ണിമേനോൻ മറുപടി പറഞ്ഞതിങ്ങനെ- ‘‘ലാലിന്റെ തൃശ്ശൂർ ഭാഷ അസ്സലായിട്ടുണ്ട്.’’ അതേ അഭിപ്രായമാണ് ഇപ്പോഴും, ആരെല്ലാം എന്തെല്ലാം വിവാദമുണ്ടാക്കിയാലും.
തൃശ്ശൂർ ശങ്കരയ്യ റോഡിലെ കാരിക്കത്ത് വീട്ടിൽ അഡ്വ. ആർ. ഉണ്ണിമേനോൻ, മോഹൻലാലിനെ കണ്ടിട്ടില്ല. കണ്ടാൽ ഇക്കാര്യം നേരിട്ട് പറയുമെന്നും പറയുന്നു അദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]