മൂന്നുവർഷത്തെ കാത്തിരിപ്പിനുശേഷം അല്ലു അർജുൻനായകനായ പുഷ്പ 2 റിലീസിന് ഒരുങ്ങുകയാണ്. അടുത്തമാസം 5-നാണ് സിനിമയുട റിലീസ്. ഇതിന് മുന്നോടിയായി വന്ന ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ സിനിമയുടെ റിലീസിനോടനുബന്ധിച്ച് ഒരു അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി. അടുത്തിടെ കങ്കുവാ എന്ന സിനിമയ്ക്ക് കേൾക്കേണ്ടിവന്നതുപോലുള്ള വിമർശനം ഒഴിവാക്കുന്നതിനായാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ചിത്രമായ കങ്കുവയ്ക്ക് പഴി കേൾക്കേണ്ടിവന്നത് ഉയർന്ന ആവൃത്തിയിലുള്ള ശബ്ദത്തിന്റെ പേരിലായിരുന്നു. ശബ്ദം കേട്ടിട്ട് തലവേദനിക്കുന്നു എന്നതടക്കമുള്ള പരാതികൾ ഉയർന്നിരുന്നു. കങ്കുവയുടെ സൗണ്ട് ഡിസൈൻ ചെയ്ത റസൂൽ പൂക്കുട്ടിക്കുമെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്ന് നിർമാതാവ് ഇടപെട്ട് കഴിഞ്ഞദിവസം മുതൽ ശബ്ദം കുറച്ച പ്രിന്റ് ആണ് തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുഷ്പ 2-നേക്കുറിച്ച് ഒരു വെളിപ്പെടുത്തൽ റസൂൽ പൂക്കുട്ടി നടത്തിയത്.
പുഷ്പ 2-ന്റെ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ചലച്ചിത്ര പ്രേമികളോടും ആരാധകരോടും ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. സ്റ്റാൻഡേർഡ് ഡോൾബി ലെവൽ 7-ലാണ് പുഷ്പ 2 മിക്സിങ് നടത്തിയിരിക്കുന്നത്. എല്ലാ തിയേറ്റർകാരും സ്പീക്കറുകളെല്ലാം ഒന്ന് അഡിജസ്റ്റ് ചെയ്ത് വെയ്ക്കാൻ അഭ്യർത്ഥിക്കുന്നു എന്നാണ് റസൂൽ പൂക്കുട്ടി എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓഡിയോഗ്രാഫർ എം.ആർ.രാജകൃഷ്ണൻ, സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
അല്ലുവും ഫഹദും തമ്മിലുള്ള മാസ് രംഗങ്ങളോടെയായിരിക്കും പുഷ്പ 2 ആരാധകരിലേക്കെത്തുക. ചിത്രം കേരളത്തിലെത്തിക്കുന്നത് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ആണ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്പ 2 ഫാന്‍സ് ഷോ ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നിരിക്കുകയാണ്. ‘പുഷ്പ: ദ റൂള്‍’ ഡിസംബര്‍ അഞ്ചു മുതല്‍ കേരളക്കരയിലെ തിയേറ്ററുകളില്‍ 24 മണിക്കൂറും പ്രദര്‍ശനമുണ്ടാകുമെന്ന് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് സാരഥി മുകേഷ് ആര്. മേത്ത അടുത്തിടെ അറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]