ചെന്നൈ: തമിഴ്നാട്ടിൽ താമസിക്കുന്ന തെലുങ്കർക്കെതിരേ വിദ്വേഷപരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ നടി കസ്തൂരിയെ ഈ മാസം 29വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പുഴൽ സെൻട്രൽ ജയിലിലാണ് കസ്തൂരി ഇപ്പോഴുള്ളത്. കഴിഞ്ഞദിവസമാണ് നടി ഹൈദരാബാദിൽ അറസ്റ്റിലായത്.
കേസിനെത്തുടർന്ന് ഒളിവിൽപ്പോയ കസ്തൂരിയെ ചെന്നൈയിൽനിന്നുള്ള പോലീസ് സംഘം ഹൈദരാബാദിലെത്തി പിടികൂടുകയായിരുന്നു. നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് തള്ളിയതോടെയാണ് പോലീസ് അറസ്റ്റ് നടപടി ഊർജിതമാക്കിയത്. ബ്രാഹ്മണർക്കെതിരേയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ചെന്നൈയിൽ നടത്തിയ യോഗത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു കസ്തൂരിയുടെ വിവാദപരാമർശം.
തമിഴ്നാട്ടിലെ രാജാക്കന്മാരുടെ അന്തപ്പുരത്തിൽ ദാസ്യവേലയ്ക്കായി എത്തിയവരാണ് സംസ്ഥാനത്തുള്ള തെലുങ്കർ എന്നപരാമർശമാണ് കസ്തൂരിയെ വെട്ടിലാക്കിയത്. ഇതിനെതിരേ വ്യാപകവിമർശനമുയരുകയും ചെന്നൈയടക്കം തമിഴ്നാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി ലഭിക്കുകയുമായിരുന്നു. എഗ്മോർ പോലീസ് കേസെടുത്തതിനെത്തുടർന്നാണ് കസ്തൂരി ഒളിവിൽപ്പോയത്.
ഒരു തെലുങ്ക് നിർമാതാവിന്റെ സഹായത്താൽ ഒളിവിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. അതേസമയം കസ്തൂരിയുടെ അറസ്റ്റിനെതിരെ പ്രതിഷേധവുമായി നാം തമിഴർ കക്ഷി നേതാവ് സീമാൻ രംഗത്തെത്തി. കസ്തൂരി മാപ്പുപറഞ്ഞിട്ടും ഇപ്പോഴത്തെ പോലീസ് നടപടി എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]