പയ്യന്നൂര്‍: വീണ്ടുമൊരു ജില്ലാ സ്കൂള്‍ കലോത്സവം പയ്യന്നൂരിലെത്തുമ്പോഴും എന്‍.വി. കൃഷ്ണന് ഇവിടെയുണ്ട്. പതിവുപോലെ സൈക്കിളില്‍ പയ്യന്നൂരിന്റെ വഴികളിലൂടെ കടന്നുപോകുന്നു അദ്ദേഹം. 76 വയസ്സായെങ്കിലും നൃത്തത്തിന്റെ യൗവനമൊഴിയാത്ത മഹാഗുരു. മലയാളത്തിന്റെ സൂപ്പര്‍താരം മഞ്ജു വാരിയര്‍ ഉള്‍പ്പെടെയുള്ള കലാപ്രതിഭകളെ തേച്ചുമിനുക്കിയെടുത്ത നര്ത്തകന്. ഞാനൊന്നുമല്ലെന്ന ഭാവത്തോടെ കടന്നുപോകുമ്പോഴും ആ നര്ത്തകന് കലോത്സവമെത്തുമ്പോള്‍ മനസ്സില്‍ ആഹ്ലാദത്തിന്റെ മുദ്രകളുണരും
മഞ്ജു എന്റെ അഭിമാനം
അതുല്യപ്രതിഭയുള്ള കലാകാരിയാണ് മഞ്ജു വാരിയര്‍. പ്രിയ ശിഷ്യയെക്കുറിച്ച് ഗുരുനാഥന് വാചാലനാകുന്നു. ഇപ്പോഴും വിളിക്കും. ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ എന്ന തലക്കനമൊന്നുമില്ല. കുടുംബകാര്യങ്ങള്‍ തിരക്കും. മഞ്ജുവിന് ഗുരുനാഥന്റെ വിശേഷം അറിയാനാണ് എപ്പോഴും താത്പര്യമെന്ന് കൃഷ്ണന്റെ ഭാര്യ പി.കെ. ഗീത. മഞ്ജു സിനിമയില്‍ വരുംമുന്പേ പയ്യന്നൂര്‍ അമ്പല മൈതാനത്ത് ഉത്സവനാളില്‍ നൃത്തം ചെയ്തിട്ടുണ്ട്. താരമായി വളര്‍ന്നിട്ടും പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നൃത്തം ചെയ്യാന്‍ വന്നു. എന്റെ അഭിമാനമാണ് അവള്. എന്റെ കുട്ടിയാണ് ഞാന്‍ വിളിച്ചാല്‍ വരും-കൃഷ്ണന്റെ വാക്കുകളില്‍ അഭിമാനത്തിന്റെ തിളക്കം.
കലാപ്രതിഭകളുടെ ശില്പി
മഞ്ജു വാരിയര്‍ക്കൊപ്പം ഷംന കാസിം, പാര്‍വതി നമ്പ്യാര്‍, ഹീര നമ്പൂതിരി, സയനോര ഫിലിപ്പ്, ചിത്ര അയ്യര്‍, വിപിന്‍ദാസ്, വിനീത്കുമാര്‍ തുടങ്ങി പ്രതിഭാശാലികളായ കലാകാരന്മാര്ക്കും കലാകാരികള്‍ക്കും നൃത്തച്ചുവടുകള്‍ പഠിപ്പിച്ചുകൊടുത്ത ഗുരുനാഥനാണ് എന്‍.വി. കൃഷ്ണന്. അദ്ദേഹത്തിന്റെ ശിഷ്യര്‍ക്കും അനേകം ശിഷ്യരുണ്ട്.
എട്ടാം വയസ്സില്‍ കളരിപരിശീലനത്തിലൂടെയാണ് കൃഷ്ണന് എന്ന കലാകാരന് രംഗത്തെത്തുന്നത്. 1949 മേയ് 10-ന് മാതമംഗലം എരമത്താണ് ജനനം. കളരിക്കൊപ്പം പയ്യന്നൂര്‍ കോല്‍ക്കളിയും കഥകളിയും പഠിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ഇരുപതാം വയസ്സില്‍ ചെന്നൈ അഡയാര്‍ കലാക്ഷേത്രം വിദ്യാര്‍ഥിയായി. അവിടെ പിന്നീട് അധ്യാപകനുമായി. പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലെ സ്വന്തം നാട്ടുകാരനും സഹോദരതുല്യനുമായ നൃത്തപ്രതിഭ വി.പി. ധനഞ്ജയനൊപ്പമായിരുന്നു പിന്നീട് കലാസപര്യ. 1984-85 വര്‍ഷം പയ്യന്നൂരില്‍ തിരിച്ചെത്തി. ഭരതാഞ്ജലി എന്ന നൃത്തവിദ്യാലയം പയ്യന്നൂരിലും കണ്ണൂരിലും തുടങ്ങി.
കഥകളിയും കോല്‍ക്കളിയും
പ്രീഡിഗ്രി കാലംവരെ കളരിയും കഥകളിയും കോല്‍ക്കളിയും കൃഷ്ണന് അഭ്യസിച്ചു. ഇപ്പോള്‍ 38 വര്‍ഷമായി പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലാണ് താമസം. ഭാര്യ ഗീത കലാരംഗത്തില്ലെങ്കിലും മക്കളായ സംഘമിത്രയും മഹേന്ദ്രനും അംബരീഷും നൃത്തരംഗത്ത് അച്ഛന്റെ ശിഷ്യരായി. സംഘമിത്രയും മകള്‍ വൈഗയും നൃത്തരംഗത്ത് ഇപ്പോഴും സജീവമാണ്.
കലോത്സവത്തിന്റെ തനിമ നഷ്ടമായി
സ്കൂള്‍ കലോത്സവങ്ങളുടെ മൂല്യമിടിഞ്ഞെന്നാണ് എന്‍.വി. കൃഷ്ണന്റെ അഭിപ്രായം. പക്കമേളത്തിനായി സി.ഡി. ഉപയോഗിക്കാന്‍ തുടങ്ങിയതോടെ തനിമ നഷ്ടമായി. മാത്രമല്ല, പ്രതിഭാശാലികളായ കുട്ടികളുടെ കുറവ് ഈ രംഗത്തുണ്ട്. ഭരതനാട്യം പോലുള്ള അതീവ ശ്രദ്ധ വേണ്ട ശാസ്ത്രീയ നൃത്തങ്ങളുടെ നിലവാരവും കുറഞ്ഞു. യഥാര്‍ഥ്യ നാട്യശൈലിയില്നിന്ന് വിട്ടുപോകുന്ന അവസ്ഥയുണ്ട്. ഒരു കുട്ടിയെ വേദിയിലെത്തിക്കാന്‍ അറുപതിനായിരം രൂപ മുതല്‍ എണ്‍പതിനായിരം വരെ ചെലവുണ്ട് – അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]