
സൽമാൻ ഖാൻ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘ടെെഗർ 3’ ദീപാവലി ദിനത്തിൽ തിയേറ്ററുകളിലെത്തും. നവംബർ 12-ന് തിയേറ്ററുകളിലെത്തുന്ന ചിത്രം ആദ്യദിനം 35 കോടിയോളം നേടിയേക്കുമെന്നാണ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്. ഇതുവരെ ചിത്രത്തിന്റെ 3.63 ലക്ഷം ടിക്കറ്റുകൾ വിറ്റുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതിനിടെ ചിത്രത്തിന്റെ റിലീസ് തീയതിയിൽ ആരാധകർ എതിർപ്പറിയിക്കുന്നുണ്ട്. ദീപാവലി ദിനത്തിൽ ചിത്രമിറങ്ങിയാൽ ആദ്യദിനം വേണ്ടത്ര കളക്ഷൻ ലഭിക്കില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ റിലീസ് തീയതിയിൽ നിർമാതാക്കൾ ആത്മവിശ്വാസത്തിലാണെന്നാണ് വിവരങ്ങൾ.
യഷ് രാജ് ഫിലിംസിന്റെ സ്പെെ യൂണിവേഴ്സിന്റെ ഭാഗമായ ചിത്രത്തിൽ വലിയ താരനിരയാണുള്ളത്. കത്രീന കൈഫ് ആണ് നായിക. ചിത്രത്തിലെ വമ്പൻ സംഘട്ടനരംഗത്ത് അതിഥി വേഷത്തിൽ ഷാരൂഖ് ഖാനും എത്തുന്നുണ്ട്. പഠാൻ എന്ന ചിത്രത്തിലെ കഥാപാത്രമായാണ് അദ്ദേഹമെത്തുക. ഷാരൂഖിന്റെ പഠാനിൽ ടൈഗർ എന്ന കഥാപാത്രമായി സൽമാൻ ഖാൻ എത്തിയിരുന്നു.
ഇമ്രാൻ ഹാഷ്മിയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. രേവതിയും ടൈഗർ 3-യിൽ പ്രധാനവേഷത്തിലുണ്ട്. ടൈഗർ ചിത്രങ്ങളുടെ ശ്രേണിയിലെ മൂന്നാമത്തേതും യഷ് രാജ് സ്പൈ യൂണിവേഴ്സിലെ അഞ്ചാമത്തേയും ചിത്രമാണ് ടൈഗർ 3.
മനീഷ് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീധർ രാഘവന്റേതാണ് തിരക്കഥ. അങ്കുർ ചൗധരിയുടേതാണ് സംഭാഷണങ്ങൾ. പ്രീതം സംഗീത സംവിധാനവും അനയ് ഓം ഗോസ്വാമി ഛായാഗ്രഹണവും നിർവഹിക്കുന്നു. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ടൈഗർ 3യുടെ നിർമാണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]