
വൺ ഡയറക്ഷൻ എന്ന ബ്രിട്ടീഷ് ബോയ് ബാൻഡിലൂടെ പ്രശസ്തനായ ഗായകൻ ലിയാം പെയിനിന്റെ മരണവാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഗായകൻ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് പറയുന്നത്. 31-കാരനായ ലിയാം പെയിൻ അർജന്റീനൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിലുള്ള കാസർ സർ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നു.
ജീവനൊടുക്കും മുമ്പ് ലിയാം പെയിൻ ഹോട്ടലിൽ അക്രമാസക്തനായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ‘മദ്യവും മയക്കുമരുന്നും ഉപയോഗിച്ചതിനെത്തുടർന്ന് ഹോട്ടൽ ലോബിയിൽ അക്രമാസക്തനായി. ലിയാം പെയിൻ തന്റെ ലാപ്ടോപ് തകർക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തെ റൂമിലേക്ക് കൊണ്ടുപോകേണ്ടി വന്നു’, ഹോട്ടൽ ജീവനക്കാരെ ചോദ്യം ചെയ്തതിന് ശേഷം അർജന്റീനൻ പോലീസ് വ്യക്തമാക്കി.
മുൻ കാമുകി മായ ഹെന്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ലിയാം സമ്മർദ്ദത്തിലായിരുന്നുവെന്നും വിവരങ്ങളുണ്ട്. ഇപ്പോഴിതാ ഗായകൻ്റെ മരണവുമായി ബന്ധപ്പെട്ട് മറ്റൊരു സുപ്രധാന വിവരം കൂടി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
ഗായകൻ ജീവനൊടുക്കും മുൻപ് ഹോട്ടൽ ജീവനക്കാരിൽ ഒരാൾ സഹായം തേടി പോലീസിനെ വിളിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഹോട്ടലിലെ ഗസ്റ്റുകളിൽ ഒരാൾ ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നുവെന്നും സഹായിക്കണമെന്നുമാണ് വിളിച്ചയാൾ പറഞ്ഞത്. സംഭാഷണത്തിൻ്റെ പൂർണരൂപവും പുറത്തുവന്നിട്ടുണ്ട്. ഈ സംഭാഷണം ലിയാം പെയിനുമായി ബന്ധപ്പെട്ടതാണെന്ന് സ്ഥിരീകരണവും വന്നിട്ടുണ്ട്.
ഗസ്റ്റിൻ്റെ ജീവൻ അപകടത്തിലാണെന്ന സംശയം ജീവനക്കാരൻ പ്രകടിപ്പിച്ചിരുന്നു. ബാൽക്കണിയുള്ള മുറിയിലാണ് ഗസ്റ്റ് എന്നും തങ്ങൾ ഭയത്തിലാണെന്നും ജീവനക്കാരൻ അറിയിച്ചു. പോലീസ് വെെകാതെ എത്താമെന്ന് അറിയിച്ചെങ്കിലും അതിനുമുൻപ് ഗായകൻ ജീവനൊടുക്കിയിരുന്നു.
ലിയാം പെയിനിന് മുൻ കാമുകി മായ ഹെന്റിയുമായി നിയമപരമായ പ്രശ്നങ്ങളുണ്ടായിരുന്നു. 2022-ലാണ് ഇരുവരും പിരിഞ്ഞത്. ടെക്സാസ് കേന്ദ്രീകരിച്ചുള്ള മോഡലും എഴുത്തുകാരിയുമാണ് മായ ഹെന്റി. മരിക്കുന്നതിന്റെ ദിവസങ്ങൾക്ക് മുമ്പ് ലിയാം മായ ഹെന്റിയെ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
ലിയാം പെയിനും നിലവിലെ കാമുകി കെയിറ്റ് കാസിഡിയും സെപ്റ്റംബർ 30-നാണ് അർജന്റീനയിൽ അവധിക്കാലം ചെലവഴിക്കാനെത്തിയത്. തുടർന്ന് ഈ മാസം 14-ന് കാമുകി തിരിച്ചു പോകുകയും ലിയാം അർജന്റീനയിൽ തന്നെ തുടരുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. Toll free helpline number: 1056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]