
മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി തമന്ന ഭാട്ടിയ ചോദ്യംചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിൽ ഹാജരായി. ഗുവാഹാത്തിയിലെ ഇ.ഡി ഓഫീസിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ അമ്മയോടൊപ്പമാണ് തമന്ന എത്തിയത്. മണിക്കൂറുകളോളം ചോദ്യം ചെയ്യൽ തുടർന്നു.
മഹാദേവ് വാതുവെപ്പ് ആപ്പിന്റെ അനുബന്ധ ആപ്ലിക്കേഷനായ ഫെയര്‍പ്ലേ ആപ്പ് വഴി ഐ.പി.എല്‍. മത്സരങ്ങള്‍ കാണാന്‍ പ്രൊമോഷന് നടത്തിയെന്നാണ് നടി തമന്ന ഭാട്ടിയക്കെതിരേയുള്ള ആരോപണം. ഫെയര്‍പ്ലേ ബെറ്റിങ് ആപ്പിലൂടെ ഐ.പി.എല്‍. മത്സരങ്ങള്‍ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതിയുണ്ടായിരുന്നു.
ആപ്പിന്റെ പരസ്യത്തിൽ അഭിനയിച്ചതിന്, ബോളിവുഡ് താരങ്ങളായ രൺബീർ കപുറും ശ്രദ്ധാ കപുറും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഇഡി കഴിഞ്ഞ വർഷം നിർദേശിച്ചിരുന്നു. ഇതോടെയാണ് മഹാദേവ് വാതുവെപ്പ് ആപ്ലിക്കേഷൻ വാർത്തകളിൽ ഇടംപിടിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ സാഹിൽ ഖാനേയും പോലീസ് അറസ്റ്റുചെയ്തിരുന്നു. ഛത്തീസ്ഗഢിൽവെച്ച് മുംബൈ പോലീസ് സൈബർ സെല്ലിന്റെ പ്രത്യേക അന്വേഷണസംഘമായിരുന്നു താരത്തെ അറസ്റ്റ് ചെയ്തത്.
ഛത്തീസ്ഗഢ് ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകർ, രവി ഉപ്പൽ എന്നിവർ ചേർന്ന് ദുബായിൽനിന്ന് പ്രവർത്തിപ്പിക്കുന്ന ആപ്പാണ് മഹാദേവ്. യു.എ.ഇയിൽനിന്നാണ് ആപ്പിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഇഡി അന്വേഷണസംഘം നേരത്തേ കണ്ടെത്തിയിരുന്നു. പോലീസ്, ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ എന്നിവരുമായി ചന്ദ്രകറിനും ഉപ്പലിനും ബന്ധമുണ്ടെന്നും ആപ്പ് അന്വേഷണ ഏജൻസികളുടെ കണ്ണിൽപ്പെടാതിരിക്കാൻ പതിവായി പണം നൽകിയിരുന്നെന്നും ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]